ഹോങ്കോങ് പ്രക്ഷോഭ വിജയവും ഭാവിയും

Web Desk
Posted on September 17, 2019, 10:58 pm

എ റഹീംകുട്ടി

ഹോങ്കോങ് ജനത ഒടുവില്‍ ഐതിഹാസിക പോരാട്ട വിജയം നേടിയിരിക്കുന്നു. കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാന്‍ കൊണ്ടുവന്ന വിവാദ ബില്‍ താല്‍ക്കാലികമായി പിന്‍വലിക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസക്കാലം ഹോങ്കോങ് ജനത തുടര്‍ന്നുവന്ന സമരത്തിന്റെ ശുഭകരമായ സമാപ്തിയാണത്. അനിതരസാധാരണമായ പ്രതികരണ- പ്രതിഷേധ- പ്രതിരോധശേഷിയുടെ പ്രകടനാത്മകതയാണ് ഹോങ്കോങ് ജനതയില്‍ നിന്നുണ്ടായത്.

ഇന്ത്യയുടെ 160‑ല്‍ ഒന്ന് ജനസംഖ്യ മാത്രമുള്ള ഒരു ചെറിയ ഭൂപ്രദേശമാണ് ഹോങ്കോങ്. അതായത് 80 ലക്ഷത്തോളം ജനസംഖ്യ മാത്രമാണ് തദ്ദേശ്യരായിട്ടുള്ളത.് എന്നാല്‍ സാമ്പത്തികമായി ഉന്നതിയിലാണ് ഹോങ്കോങ് ഭരണപ്രദേശം. ഇവിടുത്തെ ജനതയുടെ മൂന്നിലൊന്നുപേര്‍ ഭരണസിരാകേന്ദ്രങ്ങളിലും നിയമസഭാമന്ദിരത്തിന്റെ മുന്നിലും തെരുവോരങ്ങളിലുമായി കഴിഞ്ഞ മൂന്ന് മാസക്കാലമായി പ്രക്ഷോഭം നടത്തിവരുകയായിരുന്നു. കൊച്ചുകുട്ടികളെയും പ്രായാധിക്യമുള്ളവരെയും ഒഴിച്ച് നിര്‍ത്തിയാല്‍ ആ നാട്ടിലെ പകുതിയിലേറെ ജനങ്ങള്‍ ഈ സമരത്തില്‍ അണിചേര്‍ന്നു. ഇത് അപൂര്‍വ്വമായ പ്രതിഷേധ സമരമായി വിലയിരുത്താവുന്നതാണ്.
ഈ സമരത്തിന് നിദാനമായ ബില്‍ കൊണ്ടുവന്നത് ചൈനയുടെ നിര്‍ദ്ദേശപ്രകാരവും ആശീര്‍വാദത്തോടും കൂടിയാണ്. രാഷ്ട്രീയമായും ദേശസുരക്ഷാപരമായും സാമ്പത്തികമായും ചൈനയ്ക്ക് അനഭിമതരായി കാണുന്നവരെ കുറ്റവാളികളായി മുദ്രചാര്‍ത്തുന്ന വ്യവസ്ഥയാണ് ബില്ലില്‍ ഉള്ളത്. മാത്രമല്ല അവരെ ചൈനയ്ക്ക് വിചാരണ നടത്താന്‍ കൈമാറുകയും വേണം. അപ്രകാരം കൈമാറുന്ന പൗരന് നേരിടേണ്ടിവരുന്ന ദുരവസ്ഥ പറയേണ്ടതില്ല. ഈ വസ്തുത ബോധ്യമുള്ള ഹോങ്കോങ് ജനതയാണ് ത്യാഗപൂര്‍ണ സമരം ഏറ്റെടുത്ത് നടത്താന്‍ നിര്‍ബദ്ധിതരായത്. ജനാധിപത്യ ധ്വംസനത്തിനെതിരെയുള്ള ഒരു ജനതയുടെ ഐക്യത്തോടുകൂടിയ ജാഗ്രത്തായ ഉല്‍ക്കണ്ഠയാണ് പ്രകടമായത്. സ്വാതന്ത്ര്യത്തിനായുള്ള അഭിനിവേശത്തോടൊപ്പം ജനാധിപത്യ സംരക്ഷണത്തിനായിട്ടുള്ള അഭിവാഞ്ജയും ലോകം ഹോങ്കോങില്‍ ദര്‍ശിച്ചു. ഒരു ജനത നിശ്ചയ ദാര്‍ഢ്യത്തോടെ നിലകൊണ്ടാല്‍ ഏത് സേച്ഛാധിപത്യ നീക്കത്തെയും ചെറുത്തുതോല്‍പ്പിക്കാമെന്ന പാഠമാണ് ഇതിലൂടെ ഹോങ്കോങ് ജനത ലോകത്തിന് നല്‍കുന്നത്.
1997‑ലാണ് 150 വര്‍ഷത്തെ അധിനിവേശത്തിനുശേഷം ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങിനെ ചൈനയ്ക്ക് കൈമാറാന്‍ കരാര്‍ ഒപ്പുവച്ചത്. ദീര്‍ഘകാലത്തെ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഈ കരാറില്‍ ഇരുരാജ്യങ്ങളും എത്തിച്ചേര്‍ന്നത്. ബ്രിട്ടനുമായി ചൈനയുണ്ടാക്കിയ പ്രസ്തുത ഉടമ്പടി പ്രകാരം 50 വര്‍ഷം വരെ പ്രതിരോധ- വിദേശകാര്യം ഒഴിച്ചുള്ള ഭരണകാര്യങ്ങളില്‍ പരിപൂര്‍ണ്ണ അധികാരം ഹോങ്കോങ് ജനതയ്ക്ക് ഉണ്ടായിരിക്കും. ആഭ്യന്തര — സാമ്പത്തിക‑രാഷ്ട്രീയ കാര്യങ്ങളില്‍ രണ്ട് വ്യവസ്ഥിതി തുടരുമെന്ന് അര്‍ത്ഥം. എന്നാല്‍ ഒരു സാമ്രാജ്യത്വ ശക്തിയായിരുന്ന ബ്രിട്ടന്‍ ഉടമ്പടിയുണ്ടാക്കുമ്പോള്‍ പുലര്‍ത്തേണ്ടിയിരുന്ന അവധാനത ഈ കരാറില്‍ ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ജനതയുടെ കൈമാറ്റ വിഷയത്തിലുള്ള ജനഹിത പരിശോധന നടത്താന്‍ ജനാധിപത്യരാജ്യമായ ബ്രിട്ടന് ഉത്തരവാദിത്തം ഉണ്ടായിരുന്നു. അത് പാലിക്കാതെ ഏകപക്ഷീയമായി സ്വതന്ത്ര‑ജനാധിപത്യ അഭിവാജ്ഞയും വ്യത്യസ്ഥ സ്വത്വവും പുലര്‍ത്തിയിരുന്ന ജനതയെ ഹിതകരമല്ലാത്ത ഒരു വ്യവസ്ഥിതിയിലേക്ക് അവരുടെ സമ്മതമില്ലാതെ വില്‍ക്കുന്ന ഏര്‍പ്പാടായിരുന്നു കരാര്‍ എന്നാണ് ആക്ഷേപം. ഇതാണ് ഇന്നലെകളിലും ഇന്നും, നാളെകളിലും ഹോങ്കോങ് ജനതയുടെ അസ്വസ്ഥതയുടെ അടിസ്ഥാനകാരണം.
കരാറിനു ശേഷം 2003‑ലും, 2014‑ലും ചൈനക്കെതിരെ ഇപ്പോള്‍ നടന്നതിനു സമാനമായ പ്രക്ഷോഭങ്ങള്‍ അവിടെ ജനങ്ങള്‍ക്ക് നടത്തേണ്ടതായി വന്നിട്ടുണ്ട്. 2003‑ല്‍ ഹോങ്കോങ് ചൈനയുടെ താല്‍പ്പര്യാര്‍ത്ഥം കൊണ്ടുവന്ന ദേശസുരക്ഷ നിയമത്തിനെതിരെ അഞ്ച് ലക്ഷം പേര്‍ അണിചേര്‍ന്ന പോരാട്ടമാണ് അവിടെയുണ്ടായത്. ആഴ്ചകള്‍ നീണ്ടുനിന്ന അതിശക്തമായ ഈ പ്രക്ഷോഭത്തിന്റെ കാഠിന്യം മനസിലാക്കി ചൈന ഒടുവില്‍ പിന്‍വാങ്ങുകയാണുണ്ടായത്. ചൈനയ്ക്ക് ഇതൊരു വലിയ തിരിച്ചടിയായിരുന്നു. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഹോങ്കോങ് ജനതയുടെ വിജയമായി അന്താരാഷ്ട്ര സമൂഹം ഈ പ്രക്ഷോഭത്തെ വിലയിരുത്തിയിരുന്നു.
2014‑ല്‍ ചൈനയ്ക്ക് ഹിതകരമായ ഒരുഭരണകൂടത്തെ ഹോങ്കോങില്‍ പ്രതിഷ്ഠിക്കാനുള്ള പദ്ധതിയാണ് പിന്നീട് ഉണ്ടായത്. സ്വതന്ത്ര വോട്ടവാകാശവും, ജനാധിപത്യ സര്‍ക്കാരിനെയും ഹോങ്കോങില്‍ അനുവദിക്കാമെന്ന ചൈനയുടെ ഉടമ്പടി വാഗ്ദാനമാണ് ലംഘനമായി ഇത് ചൂണ്ടിക്കാണിച്ചത്. ഇതിനെതിരെ 20 ലക്ഷത്തിലധികം ജനങ്ങള്‍ രണ്ടരമാസക്കാലം നീണ്ടുനിന്ന അതിരൂക്ഷ സമരം നടത്തിയിരുന്നു. വിദ്യാര്‍ഥികളാണ് ഈ സമരത്തിന് ആരംഭം കുറിച്ചത്. ജ്വോഷോവോങ്ങെന്ന 18 കാരനാണ് ഈ സമരത്തിന് നേതൃത്വം നല്‍കിയത്. ആബാലവൃദ്ധം ജനങ്ങളും ഈ സമരം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നു. ജനങ്ങള്‍ നിയമസഭാമന്ദിരം വളയുന്ന സാഹചര്യം വരെ ആ സമരമെത്തി. മഞ്ഞ കുടകളുമായി സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങള്‍ ഉപരോധിച്ചു. അങ്ങനെ മഞ്ഞക്കുടസമരമായി അറിയപ്പെട്ടു. ഈ സമരത്തെ തുടര്‍ന്ന് ഹോങ്കോങിന്റെ സാമ്പത്തിക സ്ഥിതിതന്നെ അപകടാവസ്ഥയിലായി. പൊലീസും കോടതിയും ഈ സമരത്തിനെതിരായി രംഗത്തുവന്നു. ഉദ്ദേശിച്ച ഫലം നേടാതെ ഈ സമരം അവസാനിപ്പിക്കേണ്ടതായി വന്നു. ഇതിന്റെ കൂടി പരിണിതിയാണ് ചൈനയ്ക്ക് താല്‍പര്യമുള്ള കാരിലാം എന്ന ചീഫ് എക്‌സിക്യൂട്ടീവായ മുഖ്യഭരണകര്‍ത്താവിനെ അനിഷ്ടം ഉള്‍ക്കൊണ്ടും ജനതയ്ക്ക് സ്വീകരിക്കേണ്ടിവന്നത്. അവരിലൂടെയാണ് ഈ കുറ്റവാളികളെ കൈമാറ്റം ചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചത്.
ചൈനയുടെ താല്‍പര്യമാണ് കാരിലാം പ്രതിനിധാനം ചെയ്യുന്നത്. ചൈനയുടെ ഇംഗിതമനുസരിച്ചാണ് അവര്‍ മുന്നോട്ട് നീങ്ങുന്നത്. ജനാധിപത്യ സംരക്ഷണത്തിനായി ദശലക്ഷക്കണക്കിന് ജനങ്ങള്‍ അണിചേര്‍ന്ന ഈ പ്രക്ഷോഭത്തിന്റെ വാര്‍ത്തകളും നേര്‍ചിത്രങ്ങളുമെല്ലാം അനുദിനം ലോകം അറിഞ്ഞുകൊണ്ടിരുന്നു. ഈ സമരത്തെ അനുകൂലിച്ച് ഒട്ടേറെ അവലോകനങ്ങളും മാധ്യമതാളുകളില്‍ നിറഞ്ഞു. എന്നിട്ടും ജനാധിപത്യത്തിന്റെ മേലങ്കി അണിഞ്ഞ അതിന്റെ രാജ്യങ്ങളൊന്നും ഈ പ്രക്ഷോഭത്തെ കണ്ടില്ലെന്ന് നടിക്കുകയാണുണ്ടായത്. അതുമാത്രമല്ല മിക്കപ്പോഴും ലോകത്തെവിടെയും ഉണ്ടാകുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെ വാതോരാതെ പ്രസംഗിക്കുകയും പ്രകടമായി പ്രതികരിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ- ജനാധിപത്യ പ്രസ്ഥാനങ്ങളും വേണ്ട വിധം ഈ പ്രക്ഷോഭത്തിന് പിന്‍തുണയും ഊര്‍ജവും പകരാന്‍ മുന്നോട്ടുവരികയുണ്ടായി.
ലോക പൊലീസ് ചമയുന്ന അമേരിക്കയുടെ പ്രതികരണവും ലോകം കേട്ടില്ല. ഐക്യരാഷ്ട്ര സഭപോലും ഫലപ്രദമായ നീക്കങ്ങള്‍ക്ക് മുതിരുകയുണ്ടായില്ല. ചേരി ചേരാ, കോമണ്‍വെല്‍ത്ത് തുടങ്ങി അന്താരാഷ്ട്ര പ്രസ്ഥാനങ്ങളും നിശബ്ദത പാലിച്ചു. യൂറോപ്യന്‍ യൂണിയന്‍ മാത്രമാണ് അല്‍പമെങ്കിലും അനുകൂലസ്വരം പുറപ്പെടുവിച്ചത്.
ഹോങ്കോങ് ഉടമ്പടിയുടെ കാലാവധി 2047‑ല്‍ അവസാനിക്കും. തുടര്‍ന്നുള്ള തങ്ങളുടെ ഭാവിയെപ്പറ്റി പ്രക്ഷോഭകര്‍ ഈ വിജയവേളയിലും ഉല്‍ക്കണ്ഠകള്‍ പങ്കുവയ്ക്കുന്നത് സ്വാഭാവികമാണ്.