ഡാലിയ ജേക്കബ്

December 13, 2019, 9:26 pm

ഇ‑ഹെൽത്ത് പദ്ധതിയുടെ പൈലറ്റ് ഘട്ടം വിജയത്തിൽ

Janayugom Online

ആലപ്പുഴ: ഇ ഹെൽത്ത് പദ്ധതിയുടെ പൈലറ്റ് ഘട്ടം വിജയത്തിൽ. കുറഞ്ഞ കാലത്തിനുള്ളിൽ സംസ്ഥാനത്തെ 88 ആരോഗ്യകേന്ദ്രങ്ങളിൽ ഇ ഹെൽത്ത് നടപ്പിലാക്കി. ഇതിൽ 16 കേന്ദ്രങ്ങൾ പൂർണ്ണമായും കടലാസ് രഹിതമാണ്. 2020 മാർച്ച് മാസത്തോടെ 150 ആശുപത്രികളിലും 8 മെഡിക്കൽ കോളജിലും ഇ ഹെൽത്ത് വരും. രണ്ടാം ഘട്ടം പദ്ധതി വ്യാപിപ്പിക്കുന്നതോടെ കേരളത്തിലെ സർക്കാർ അലോപ്പതി മേഖല സമ്പൂർണ ഇ‑ഹെൽത്ത് എന്ന ഒറ്റ ശൃംഖലയായി മാറും.

14 ജില്ലകളിലും ഘട്ടം ഘട്ടമായിട്ടാണ് ഇ ഹെൽത്ത് നിലവിൽ വരുന്നത്. ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളിലെ600 ഓളം സ്ഥാപനങ്ങളാണ് ലക്ഷ്യമിട്ടത്. ആർദ്രം പദ്ധതി വന്നതോടെ എല്ലാ ജില്ലകളിലും നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇ‑ഹെൽത്ത് വ്യാപകമാകുമ്പോൾ സംസ്ഥാനത്തെ രണ്ടായിരത്തോളം ആരോഗ്യ കേന്ദ്രങ്ങളിലാണ് ഇതിന്റെ പ്രയോജനം ലഭ്യമാകുന്നത്. ആരംഭഘട്ടത്തിൽ തന്നെ കമ്പ്യൂട്ടർ അധിഷ്ഠിതമായ സംവിധാനത്തിലൂടെ ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി, ഫാർമസി, എക്സ്റെ എന്നിവിടങ്ങളിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന തിരക്കും കാലതാമസവും ഇല്ലാതാകുന്നുണ്ട്.

സർക്കാർ ആശുപത്രികളിലെ ചികിത്സാ പ്രവർത്തനങ്ങൾ പൂർണ്ണമായും കമ്പ്യൂട്ടർവത്കരിച്ച് പൊതുജനാരോഗ്യ കേന്ദ്രങ്ങളെ ഒരു കേന്ദ്രീകൃത കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഒരു ബൃഹദ് പദ്ധതിയാണ് ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന മാതൃകാ ഇ‑ഹെൽത്ത്. ചികിത്സ തേടിയെത്തുന്ന വ്യക്തികളുടെ രോഗവും, ചികിത്സയും, ആരോഗ്യം സംബന്ധിക്കുന്ന വിവരങ്ങളും ഡിജിറ്റൽ രീതിയിൽ ശേഖരിക്കപ്പെടും. അതോടൊപ്പം ആരോഗ്യ പ്രവർത്തകർ ചെറു കമ്പ്യൂട്ടർ ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങളിലൂടെ ശേഖരിക്കുന്ന സാമൂഹിക ആരോഗ്യ വിവരങ്ങൾ ഓരോ വ്യക്തിയുടെയും ആധാർ, വോട്ടർ ഐ ഡി മുതലായ ഏതെങ്കിലും ഒരു നമ്പർ മുഖേന ബന്ധിപ്പിച്ച് വ്യക്തികളുടെ ആരോഗ്യസംബന്ധിയായ വിവരങ്ങളുടെ സമഗ്രത ഈ പദ്ധതി ഉറപ്പാക്കും.

ഓരോ വ്യക്തിയുടെയും ചികിത്സാ രേഖകൾ ഒരു കേന്ദ്രീകൃത ഡേറ്റാബേസിൽ ലഭ്യമാക്കുക വഴി എല്ലാ സർക്കാർ അലോപ്പതി ആരോഗ്യ ചികിത്സാ സ്ഥാപനങ്ങളിലും തടസ്സമില്ലാതെ തുടർ ചികിത്സ ഉറപ്പു വരുത്തുവാൻ കഴിയുന്ന രീതിയിലാണ് ഇ ഹെൽത്ത് വിഭാവനം ചെയ്തിരിക്കുന്നത്. എഴുത്തു കുത്തുകളും, രജിസ്റ്ററുകളും പരമാവധി ഒഴിവാക്കുന്നതിലൂടെ ആരോഗ്യ പ്രവർത്തകരുടെ ജോലി ഭാരം ലഘൂകരിക്കപ്പെട്ട് അവരിൽ നിന്നും മെച്ചപ്പെട്ട സേവനം ലഭ്യമാകുന്നതായും കണ്ടെത്തി.

തിരുവനന്തപുരം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജ് വരെയുള്ള മുഴുവൻ സർക്കാർ ആശുപത്രികളിലും 2020 മാർച്ച് മാസത്തോടെ ഇ‑ഹെൽത്ത് സംവിധാനം പ്രവർത്തന സജ്ജമാകും. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അനുശാസിക്കുന്ന ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ്സ് സ്റ്റാൻഡേർഡുകൾ പൂർണ്ണമായും ഉൾപ്പെടുത്തിയാണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, മെഡിക്കൽ കോളജ് എന്നീ ക്രമത്തിലാണ് ഇ ഹെൽത്ത് നടപ്പിലാക്കി വരുന്നത്.