December 5, 2022 Monday

കേരളത്തിന്റെ വിജയഗാഥ

കെ ദിലീപ്
December 8, 2020 1:30 am

2020 ലെ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്സ് (പിഎഐ 2020) പ്രകാരം ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളില്‍ സുസ്ഥിര ഭരണത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്നത് കേരളമാണ്. കേന്ദ്രഭരണപ്രദേശങ്ങളില്‍ ചണ്ഡീഗഡും. പബ്ലിക് അഫയേഴ്‌സ് സെന്ററാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ടു കോടിയില്‍ കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളാണ് വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ വരുന്നത്. കേരളത്തിന് തൊട്ടു പിറകെയുള്ള സംസ്ഥാനങ്ങള്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവയാണ്. പട്ടികയില്‍ ഏറ്റവും അവസാനം വരുന്നത് യുപി, ഒഡിഷ, ബിഹാര്‍ എന്നിവയും. പബ്ലിക് അഫയേഴ്‌സ് സെന്റര്‍ 1992 ല്‍ ബംഗളൂരുവില്‍ സ്ഥാപിതമായ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഗവേഷണ സ്ഥാപനമാണ്. പൊതുഭരണം, പരിസ്ഥിതി, സാമൂഹ്യരംഗം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ചാണ് സെന്റര്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും പ്രവര്‍ത്തനം 2015 മുതല്‍ അവര്‍ വിലയിരുത്തുകയും റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. 2020 ലെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തയ്യാറാക്കുന്നത് വിവിധ സര്‍ക്കാരുകള്‍ നല്കുന്ന പൊതുസേവനങ്ങളുടെ ഗുണനിലവാരം, വിശ്വാസ്യത, അഴിമതിരാഹിത്യം, ജനങ്ങളുടെ തൃപ്തി ഇത്രയും ഘടകങ്ങള്‍ പരിശോധിച്ചശേഷമാണ് സാമ്പത്തികശാസ്ത്രജ്ഞരും മാനേജ്മെന്റ് വിദഗ്ധരും അധ്യാപകരും ശാസ്ത്രജ്ഞരും ഉള്‍പ്പെടുന്ന സെന്റര്‍ വിലയിരുത്തല്‍ നടത്തുന്നത്. പിഎസിയുടെ റിപ്പോര്‍ട്ടുകള്‍ അവയുടെ ആധികാരികതയും കൃത്യതയുംമൂലം അന്താരാഷ്ട്രതലത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെടുന്നു. തെരഞ്ഞെടുപ്പുകളുടെ സുതാര്യതയെക്കുറിച്ചും വിവരാവകാശ നിയമത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുമൊക്കെയുള്ള പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ റിപ്പോര്‍ട്ടുകള്‍ തികച്ചും ആധികാരികമാണ്.

റിപ്പോര്‍ട്ടുകള്‍ക്ക് ആവശ്യമായ എല്ലാ സ്ഥിതിവിവരക്കണക്കുകളും കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ലഭ്യമായ കണക്കുകളെ ആധാരമാക്കിയാണ് സെന്റര്‍ തയ്യാറാക്കുന്നത്. അതിനാല്‍ തന്നെ കണക്കുകളുടെ ആധികാരികത സംശയാതീതമാണ്. 1.388 ഇന്‍ഡക്സ് പോയിന്റ് നേടിയാണ് കേരളം വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. തൊട്ടുപിറകെ തമിഴ്‌നാട് 0.912 പോയിന്റും ആന്ധ്ര 0.531 പോയിന്റും നേടി. ഏറ്റവും അവസാനം വന്ന യുപിക്ക് മൈനസ് 1.461 പോയിന്റും ഒഡിഷക്ക് മൈനസ് 1.201 ഉം ബിഹാറിന് മൈനസ് 1.158 പോയിന്റും ലഭിച്ചു. നിലവില്‍ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ ചെയര്‍മാനും ഡോ. കെ എസ് ആര്‍ മൂര്‍ത്തിയടക്കമുള്ള വിവിധ മേഖലകളിലെ ആറ് പ്രശസ്ത ശാസ്ത്രജ്ഞരുമുള്‍പ്പെട്ടതാണ് പിഎസിയുടെ ഗവേണിംഗ് ബോഡി. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുകൊണ്ട് ഡോ. കസ്തൂരിരംഗന്‍ പറഞ്ഞത് നീതിനിര്‍വഹണത്തിലും വളര്‍ച്ചയിലും സ്ഥിരതയിലും അധിഷ്ഠിതമായ സുസ്ഥിര വികസനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയത് എന്നാണ്.

പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ നിഗമനങ്ങളെ പൂര്‍ണമായും ശരിവയ്ക്കുന്നതാണ് നിതി ആയോഗ് തയ്യാറാക്കിയ സംസ്ഥാനങ്ങളുടെ ക്വാളിറ്റി ഇന്‍ഡക്സ് (എസ്ഇക്യുഐ) 1919 ജൂണ്‍ 25ന് നിതി ആയോഗ് പ്രസിദ്ധീകരിച്ച ക്വാളിറ്റി ഇന്‍ഡക്സ് പ്രകാരം പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് കേരള സംസ്ഥാനം തന്നെയാണ്. ആരോഗ്യരംഗത്ത് ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യവും ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കും ഏറ്റവും കൂടുതല്‍ പൊതു ആരോഗ്യ സ്ഥാപനങ്ങളും അടക്കം 23 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നിതി ആയോഗ് കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലനം നടത്തുന്ന സംസ്ഥാനമായി തിരഞ്ഞെടുത്തത്. കോവിഡ് കാലഘട്ടത്തില്‍ ഒട്ടും പതറാതെ എല്ലാ രോഗികള്‍ക്കും സൗജന്യ ചികിത്സയും ഭക്ഷണവും നല്കിക്കൊണ്ടും ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കില്‍ രോഗത്തെ നിയന്ത്രിച്ചുകൊണ്ടും കേരളം ഇന്ത്യയ്ക്കു മാത്രമല്ല ലോകത്തിനുതന്നെ മാതൃകയായി. സംസ്ഥാനത്തിന്റെ വിഭവശേഷിയും ജനങ്ങളുടെ സംഭാവനയും മാത്രം കൈമുതലാക്കിക്കൊണ്ടാണ് സംസ്ഥാനം കോവിഡ് 19 നോടുള്ള ഈ ചെറുത്തുനില്പ് ഇന്നും തുടരുന്നത്. ആരോഗ്യപരിപാലനത്തില്‍ നിതി ആയോഗിന്റെ തന്നെ റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവും മോശമായ സംസ്ഥാനം ഉത്തര്‍പ്രദേശാണ്. ശിശുമരണനിരക്കിലെ ഉയര്‍ച്ച, പോഷകാഹാര ലഭ്യതക്കുറവ്, കുറഞ്ഞ ആയുര്‍ദൈര്‍ഘ്യം, സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അനാരോഗ്യം, പൊതു ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യതക്കുറവ് ഇവയെല്ലാമാണ് ഉത്തര്‍പ്രദേശിനെ രാജ്യത്തെ ഏറ്റവും മോശമായ ആരോഗ്യ പരിപാലനം നടത്തുന്ന സംസ്ഥാനമാക്കി മാറ്റിയത്.

നിതി ആയോഗിന്റെ ക്വാളിറ്റി ഇന്‍ഡക്സ് പ്രകാരം സ്തൂള്‍ വിദ്യാഭ്യാസമേഖലയില്‍ പൊതു വിദ്യാഭ്യാസരംഗത്ത് ഏറ്റവും മികച്ച സംസ്ഥാനവും കേരളമാണ്. സാക്ഷരതയിലും പൊതു വിദ്യാഭ്യാസ സൗകര്യങ്ങളിലും മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ ഉയര്‍ന്ന പുരോഗതി കൈവരിച്ച സംസ്ഥാനമാണ് കേരളം. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് വഴി ക്ലാസെടുക്കുന്ന സംവിധാനത്തിലേക്ക് ഏറ്റവും വേഗത്തില്‍ മാറുവാന്‍ സാധിച്ച സംസ്ഥാനം കേരളമാണ് കാരണം നേരത്തെ തന്നെ പൊതു വിദ്യാസ സ്ഥാപനങ്ങളില്‍ സ്മാര്‍ട്ട് ക്സാസ് റൂമുകള്‍ സജ്ജമാക്കുകയും അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം നല്കുകയും ചെയ്തിരുന്നു. ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകളും ടിവിയും നല്കാന്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും വ്യക്തികളും മുന്‍കൈയെടുക്കുകയും ചെയ്തു.

ലോക്ഡൗണ്‍ കാലം മുതല്‍ ഇന്നുവരെ തൊഴിലില്ലാത്തത് മൂലം വരുമാനം നിലച്ച ഒരാളും പട്ടിണി കിടക്കേണ്ടിവന്നിട്ടില്ലാത്ത സംസ്ഥാനമാണ് കേരളം. റയില്‍പാളങ്ങളിലൂടെയും ദേശീയപാതകളിലൂടെയും സ്ത്രീകളെയും കൈക്കുഞ്ഞുങ്ങളെയും ഒപ്പം കൂട്ടി അശരണരായി ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള സ്വന്തം ഗ്രാമങ്ങളിലേക്ക് ഒരു നേരത്തെ അന്നമോ, ദാഹജലമോ ലഭിക്കാതെ നടന്നുനീങ്ങിയ വഴിയില്‍ മരിച്ചുവീണ വടക്കേ ഇന്ത്യയിലെ അന്യദേശത്തൊഴിലാളികളെ നമ്മള്‍ പത്രമാധ്യമങ്ങളിലൂടെ കണ്ടു. എന്നാല്‍ കേരളത്തില്‍ അവര്‍ സുരക്ഷിതരായിരുന്നു. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ലഭിച്ചു. എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളര്‍ക്ക് നല്കുന്ന 35 കിലോ ഭക്ഷ്യധാന്യത്തിന് പുറമെ 35 കിലോ ഭക്ഷ്യധാന്യം കൂടി സംസ്ഥാന സര്‍ക്കാര്‍ നല്കി മുന്‍ഗണനാ പട്ടികയില്‍ വരാത്ത കാര്‍ഡുകാര്‍ക്കും 15 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്കുകയും അന്നു മുതല്‍ ഇന്നുവരെ വിവിധ പലവ്യഞ്ജനങ്ങളടങ്ങിയ ഭക്ഷ്യക്കിറ്റ് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യമായി നല്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ഇത്തരത്തില്‍ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും അതായത് സംസ്ഥാനത്തെ ജനങ്ങള്‍ക്കൊട്ടാകെ സൗജന്യ ഭക്ഷണം നല്കിയിട്ടില്ല. അതിനാല്‍ തന്നെ കേരളത്തില്‍ ഒരാള്‍ പോലും പട്ടിണിമൂലം മരിച്ചില്ല.

1947 ഓഗസ്റ്റ് 15ന് ഇന്ത്യാരാജ്യം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുമ്പോള്‍ ഇന്നത്തെ കേരളമുള്‍പ്പെടുന്ന മദ്രാസ് സംസ്ഥാനത്തെ ജനങ്ങള്‍ കൊടിയ ദാരിദ്ര്യവും അസമത്വങ്ങളും അനുഭവിക്കുകയായിരുന്നു. യുപി, ബിഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതിനു തുല്യമായ ദുരവസ്ഥ. എന്നാല്‍ 1956 നവംബര്‍ ഒന്നിന് കേരളസംസ്ഥാനം രൂപീകൃതമായ ശേഷം 1957 നവംബര്‍ ഒന്നിന് തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ആദ്യ തീരുമാനമാണ് ഇന്നത്തെ ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലും സാമൂഹ്യ പുരോഗതിയിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനം നേടുവാന്‍ കേരളത്തെ പര്യാപ്തമാക്കിയതിന് ആരംഭം കുറിച്ചത്. കുടിയിറക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേരളത്തിലെ ദരിദ്ര നാരായണന്‍മാര്‍ക്ക് കയറിക്കിടക്കാന്‍ ഒരു കിടപ്പാടമുണ്ടായി. ജന്മിമാരുടെയും മാടമ്പിമാരുടെയും നീരാളിപ്പിടിത്തത്തില്‍ നിന്ന് അധഃസ്ഥിതരെ രക്ഷിച്ചുകൊണ്ടുളള നിയമനിര്‍മ്മാണങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളില്‍ നിന്നും വീണ്ടുമുണ്ടായി. കുടിയാന്മാര്‍ക്ക് കൃഷിഭൂമിയില്‍ അവകാശം നല്കി. ലക്ഷംവീട് പദ്ധതി മുതലിങ്ങോട്ട് അനേകം പദ്ധതികളിലൂടെ സമൂഹത്തിന്റെ പുറമ്പോക്കില്‍ ജീവിച്ചവര്‍ക്ക് മുഖ്യധാരയിലേക്ക് പ്രവേശനം ലഭിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളും സര്‍ക്കാര്‍ ആശുപത്രികളും പൊതുഗതാഗത സംവിധാനവും വന്നു. കേരളം ഇന്ന് ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ സുസ്ഥിര ഭരണത്തിനും ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യമേഖലകളിലെ നേട്ടങ്ങള്‍ക്കും ഒന്നാംസ്ഥാനത്തു നില്ക്കുന്നു. പൊതുമേഖലയുടെ ശക്തിയാണ് ഇത് തെളിയിക്കുന്നത്. കേരളത്തിന്റെ കര്‍മമണ്ഡലങ്ങളിലും കൈവന്ന വളര്‍ച്ച ഇന്ന് “കേരളമോഡല്‍” എന്നറിയപ്പെടുന്നു.

കുത്തക മുതലാളിമാര്‍ക്കും അന്താരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്കും ഓശാനപാടുന്ന ഇന്ത്യയിലെ തീവ്ര വലത്, തീവ്ര വര്‍ഗീയ ശക്തികള്‍ ഈ നേട്ടങ്ങളെ തകര്‍‍ക്കാനായി ഇറങ്ങിയിരിക്കുകയാണ്. അമേരിക്ക എന്ന ഗോലിയാത്തിനെ ചെറുത്തുതോല്പിച്ച ക്യൂബയെന്ന ദാവീദിതനെപ്പോലെ സാധാരണ മനുഷ്യര്‍ കൈകോര്‍ത്ത്നിന്ന് ഒരു മെയ്യായി ഒരു മനസായി അധ്വാനിച്ചു നേടിയ നമ്മുടെ കൊച്ചു കേരള സംസ്ഥാനത്തിന്റെ വലിയ നേട്ടങ്ങള്‍ ഇനിയും ഉയരങ്ങളിലെത്തിക്കുവാന്‍ പ്രവര്‍ത്തിക്കുമെന്ന് നമുക്ക് ഒരുമിച്ച് പ്രതിജ്ഞചെയ്യാം.

Eng­lish Sum­ma­ry:The suc­cess sto­ry of Kerala

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.