തിരുവനന്തപുരം നഗരത്തിൽ രണ്ട് ദിവസത്തേയ്ക്ക് ശുദ്ധജല വിതരണം മുടങ്ങും

Web Desk
Posted on December 13, 2019, 9:09 am

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ രണ്ട് ദിവസത്തേയ്ക്ക് ശുദ്ധജല വിതരണം മുടങ്ങും. ഇന്നും നാളെയും വെള്ളം ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു. അരുവിക്കര ജല ശുദ്ധീകരണശാലയിലെ അറ്റകുറ്റപണികൾ മൂലമാണ് വിതരണം നിർത്തിവെക്കുന്നത്.

നഗരസഭയിലെ 57 വാർഡുകളിൽ കുടിവെള്ള വിതരണത്തിനായി കൂടുതൽ ടാങ്കർ ലോറികൾ ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. എല്ലാവരും വെള്ളം കരുതണമെന്നും കരുതലോടെ ഉപയോഗിക്കണമെന്നും മുന്നറിയിപ്പ് നൽകി. അതേ സമയം ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാറും നഗരസഭയും വാട്ടർ അതോറിറ്റിയും അറിയിച്ചു. അരുവിക്കര ജല ശുദ്ധീകരണശാലയിലെ ആദ്യഘട്ട നവീകരണമാണ് നടക്കുന്നത്. 20 വർഷത്തിലേറെ പഴക്കമുള്ള പമ്ബ് സെറ്റുകളും വൈദ്യുതോപകരണങ്ങളുമാണ് മാറ്റുന്നത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാളെ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ജലവിതരണം നിർത്തിവയ്ക്കുന്നത്. ഓരോ വാർഡിലും മൂന്ന് വീതം ടാങ്കറുകൾ വഴി കുടിവെള്ളമെത്തിക്കും. വെള്ളം ആവശ്യമുള്ളവർ കൺട്രോൾ റൂമിൽ വിളിക്കണമെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി. ശ്രീചിത്ര, ആർസിസി എന്നിവിടങ്ങളിലേക്ക് ടാങ്കർ ലോറികളുളടെ പ്രത്യേക സർവ്വീസ് ഉണ്ടാകും. 15 ന് രാത്രിയോടെ ജലവിതരണം പൂർവ്വസ്ഥിതിയിലാകുമെന്നും അധികൃതർ അറിയിച്ചു.

you may also like this video