ഐഎഎസ് മുന്‍ പ്രൊബേഷണറി ഓഫീസര്‍ പൂജാ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. സിവില്‍ സര്‍വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മ്മിച്ചു എന്നതുകള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നത്. ജസ്റ്റീസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്രശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് പൂജയുടെ ഹര്‍ജി പരിഗണിച്ചത്. അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി പൂജയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.പൂജയ്ക്ക് മുന്‍കൂര്‍ജാമ്യം അനുവദിക്കുന്നതിനെ ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തിരുന്നു.
പൂജയുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണത്തെയും അവര്‍ക്കെതിരേ ഉയര്‍ന്നത് ഗുരുതരമായ ആരോപണങ്ങളാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇത്. എന്നാല്‍, പൂജ ചെയ്തത് ഏത് തരത്തിലുള്ള ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി ആരാഞ്ഞു. അവര്‍ മയക്കുമരുന്നു രാജാവോ ഭീകരവാദിയോ അല്ല. അവര്‍ കൊലപാതകം ചെയ്തിട്ടില്ല. അവര്‍ എന്‍ഡിപിഎസ് നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ല. അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടെന്നും ഒരിടത്തും ജോലി കിട്ടില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
കേസിന്റെ വിവരങ്ങളും പശ്ചാത്തലവും നിരീക്ഷിച്ച കോടതി, പൂജയ്ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിക്കേണ്ടതായിരുന്നെന്നും പറഞ്ഞു. ശാരീരികവൈകല്യം സംബന്ധിച്ച് പൂജ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റും ഒബിസി വിഭാഗക്കാരിയാണെന്നുള്ള സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്നാണ് ആരോപണം ഉയര്‍ന്നത്. ഇതിന് പിന്നാലെ പൂജയ്‌ക്കെതിരേ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടപടി എടുത്തിരുന്നു. അവരെ സര്‍വീസില്‍നിന്ന് പുറത്താക്കുകയും ഭാവിയില്‍ യുപിഎസ്‌സി നടത്തുന്ന എല്ലാ പരീക്ഷകളില്‍നിന്നും ഡീബാര്‍ ചെയ്യുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.