സുപ്രീം കോടതി നിർവചിച്ചത് ഭരണഘടനയിലില്ലാത്ത സമയപരിധിയാണോ! ഇങ്ങനെയൊരു ചോദ്യത്തിനുതന്നെ പ്രസക്തിയില്ല. കാരണം ബില്ലുകളിൽമേൽ തീർപ്പുകല്പിക്കേണ്ട സമയപരിധി ഭരണഘടനയിൽ വ്യക്തമായി തന്നെ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമുള്ള രാഷ്ട്രപതിയുടെ ഇപ്പോഴത്തെ സംശയങ്ങൾക്ക് 1974ൽ സുപ്രീം കോടതി ഉത്തരം നൽകിയിട്ടുണ്ട്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന സഭകൾ പാസാക്കുന്ന ബില്ലുകളിന്മേൽ കഴിയാവുന്നത്ര വേഗത്തിൽ അനുമതി നൽകണമെന്നാണ് ഭരണഘടന പറയുന്നത്. അനന്തമായി ബില്ലുകൾ പിടിച്ചുവയ്ക്കാനാവില്ല. “കഴിയാവുന്നത്ര വേഗത്തിൽ” എന്ന വാക്കിന്റെ അർത്ഥം ‘പരമാവധി വേഗത്തിൽ’ എന്നാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് തമിഴ്‌നാട് കേസിൽ കഴിഞ്ഞ ദിവസം മുൻകാല വിധികളെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞത്. ഭരണഘടന വ്യാഖ്യാനിക്കാൻ സുപ്രീം കോടതിക്ക് മാത്രമേ അധികാരമുള്ളു.
സംഷേർ സിങ് വി/എസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസിൽ രാഷ്ട്രപതിയുടെയും ഗവർണറുടെയും അധികാരങ്ങൾ എന്തൊക്കെയാണെന്ന് ഭരണഘടനാപരമായി വിശകലനം ചെയ്തുകൊണ്ട് പരമോന്നത നീതിപീഠത്തിന്റെ ഭരണഘടനാ ബെഞ്ച് 1974ൽ പറഞ്ഞത് ഇപ്രകാരമാണ്: “ജനങ്ങളോട് ഉത്തരവാദിത്തം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്കാണ്. പ്രസിഡന്റിനോ, ഗവർണർക്കോ അല്ല. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയില്ലെങ്കിൽ ഉത്തരവാദിത്തവും ഇല്ല.’ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പാർലമെന്ററിയും ഉത്തരവാദിത്തമുള്ളതുമായ ഗവൺമെന്റിനെയാണ്, അല്ലാതെ രാഷ്ട്രപതി ഭരണരീതിയല്ല.
ഭരണഘടനാ തലവൻ എന്ന നിലയിൽ ഗവർണറുടെ അധികാരങ്ങളും വ്യത്യസ്തമല്ല. സംസ്ഥാന സർക്കാരിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ പോലെ, ഭരണഘടന മുഖേനയോ അതിന് കീഴിലോ നൽകിയിട്ടുള്ള നിയമനത്തിനും നീക്കം ചെയ്യുന്നതിനുമുള്ള അധികാരം ഗവർണർ വിനിയോഗിക്കേണ്ടത് മന്ത്രിസഭയുടെ സഹായത്തിനും ഉപദേശത്തിനും അനുസരിച്ചായിരിക്കണം. അല്ലാതെ വ്യക്തിപരമായല്ല. രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഏതെങ്കിലും അധികാരം വിനിയോഗിക്കുന്നതിന് രാഷ്ട്രപതിയുടെയോ ഗവർണറുടെയോ സംതൃപ്തി(pleasure of the president or pleasure of the Governor) എന്നത് വ്യക്തിപരമായ സംതൃപ്തിയല്ല, മറിച്ച് കാബിനറ്റ് സംവിധാനത്തിന് കീഴിൽ ഭരണഘടനാപരമായ അർത്ഥത്തിൽ മന്ത്രിസഭയുടെ സംതൃപ്തിയാണ്.
രാഷ്ട്രപതിയോ, ഗവർണറോ അവരുടെ എല്ലാ അധികാരങ്ങളും പ്രവർത്തനങ്ങളും പൊതുവെ വിനിയോഗിക്കേണ്ടത് മന്ത്രിസഭയുടെ സംതൃപ്തിക്കും അവരുടെ സഹായത്തിനുവേണ്ടിയും ഉപദേശത്തിനനുസരിച്ചുമായിരിക്കണം. മന്ത്രിസഭയുടെ ഉപദേശത്തിന് വിരുദ്ധമായി ഗവർണറെ അനുവദിച്ചുകൊണ്ട് സംസ്ഥാനത്തിനുള്ളിൽ ഒരു സമാന്തര ഭരണം നൽകുകയെന്നത് ഭരണഘടന അനുശാസിക്കുന്നില്ല.
എക്സിക്യൂട്ടീവിൽ നിക്ഷിപ്തമായ എല്ലാ കാര്യങ്ങളിലും കേന്ദ്രത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രിയും, സംസ്ഥാനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയും നേതൃത്വം നൽകുന്ന മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചായിരിക്കണം രാഷ്ട്രപതിയോ, ഗവർണറോ പ്രവർത്തിക്കേണ്ടത്. ആ പ്രവർത്തനങ്ങൾക്ക് എക്സിക്യൂട്ടീവ് അല്ലെങ്കിൽ ലെജിസ്ലേറ്റീവ് സ്വഭാവമാണ്. രാഷ്ട്രപതിയോ ഗവർണറോ വ്യക്തിപരമായി എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നിർവഹിക്കുവാൻ പാടുള്ളതല്ല.
ജനങ്ങളോടുള്ള ഉത്തരവാദിത്തം നിർവഹിക്കുന്ന സഭയ്ക്ക് ഒരു പ്രസിഡന്റ് തടസം നിന്നാൽ, അയാൾ ഭരണഘടനാ ലംഘനത്തിന് കുറ്റക്കാരനും ഇംപീച്ച്മെന്റിന് പോലും ബാധ്യസ്ഥനുമായിരിക്കും. അതിനാൽ, രാഷ്ട്രപതി മന്ത്രിമാരുടെ ഉപദേശങ്ങളാലാണ് നയിക്കപ്പെടേണ്ടത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മന്ത്രിസഭയിൽ നിന്ന് ഒരു മന്ത്രിയെ ഒഴിവാക്കാനുള്ള പ്രധാനമന്ത്രിയുടെയോ, മുഖ്യമന്ത്രിയുടെ അധികാരത്തെ സൂചിപ്പിക്കാൻ ‘പ്രസിഡന്റിന്റെ സംതൃപ്തി’ അല്ലെങ്കിൽ ‘ഗവർണറുടെ സംതൃപ്തി‘എന്ന പദം ഒരു യൂഫെമിസം ആയി ഉപയോഗിക്കുന്നു.
പാർലമെന്ററി സമ്പ്രദായമനുസരിച്ച് യഥാർത്ഥത്തിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയാണ് ഭരിക്കുന്നത്. പ്രസിഡന്റും ഗവർണറും അവരുടെ പദവിക്കനുസൃതമായി പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ഏതെങ്കിലും മന്ത്രാലയം എടുക്കുന്ന ഓരോ പ്രവർത്തനത്തിനും മന്ത്രിസഭയ്ക്ക് നിയമനിർമ്മാണ സഭയോട് ഉത്തരവാദിത്തമുണ്ട്. കൂട്ടുത്തരവാദിത്തത്തിന്റെ അന്തഃസത്ത അതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.