August 9, 2022 Tuesday

സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി എതിർക്കപ്പെടണം

ഡി രാജ
February 14, 2020 4:30 am

തൊഴിൽ, വിദ്യാഭ്യാസം, സർക്കാർ സർവീസുകൾ എന്നിവിടങ്ങളിൽ പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ലഭ്യമാക്കിയത് ഭരണഘടനാ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ്. ജാതിയുടെ പേരിൽ ഈ വിഭാഗങ്ങൾ നേരിടുന്ന വിവേചനം, അസമത്വം എന്നിവ ഒഴിവാക്കുകയാണ് സംവരണം അനുവദിച്ചതിന്റെ പ്രധാനലക്ഷ്യം. സമൂഹത്തിൽ ആദരവിനുള്ള ആരോഹണ ക്രമവും വെറുപ്പിന്റെ അവരോഹണ ക്രമവും ഇതായിരുന്നു സംവരണത്തിലൂടെ ഡോ. ബി ആർ അംബേദ്ക്കർ ലക്ഷ്യമിട്ടത്. എന്നാൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള മോഡി സർക്കാർ അധികാരത്തിൽ എത്തിയതുമുതൽ ഇതൊക്കെ മാറി.

നിലവിലുള്ള സംവരണ സംവിധാനം അട്ടിമറിക്കുക എന്ന ദുഷ്ടലാക്കോടെയുള്ള പ്രവർത്തനങ്ങൾക്കാണ് സംഘപരിവാർ നേതൃത്വം കൊടുക്കുന്നത്. സംവരണം അവസാനിപ്പിക്കണമെന്ന ആവശ്യം പോലും സംഘപരിവാർ ഒരു ഘട്ടത്തിൽ മുന്നോട്ടുവച്ചു. പിന്നീട് സംവരണത്തിന്റെ വിവിധ വശങ്ങൾ സംബന്ധിച്ച പൊതുചർച്ച വേണമെന്ന ആവശ്യം ഉന്നയിച്ചു. വിഭാഗീയ, ഭിന്നിപ്പ് സൃഷ്ടിക്കുന്ന, മനുവാദി ഫാസിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന സംഘപരിവാർ സാമൂഹ്യ നീതിയേയും സംവരണത്തേയും എതിർക്കുന്നു. സംഘപരിവാറിന്റെ ഇത്തരം നിലപാടുകളാണ് ബിജെപി നടപ്പാക്കാൻ ശ്രമിക്കുന്നത്. സംവരണം നൽകുന്നതിൽ സർക്കാരുടെ ഉത്തരവാദിത്തം സംബന്ധിച്ച സുപ്രീംകോടതി നിരീക്ഷണമാണ് ഏറെ ആശങ്ക സൃഷ്ടിക്കുന്നത്. സാഹചര്യങ്ങൾക്ക് അനുസൃതമായി സംവരണം നൽകുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നാണ് അനുച്ഛേദം 16(4), 16 (4എ) എന്നിവ പറയുന്നതെന്ന് ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചത്. എന്നാൽ സംവരണം നൽകി വിവിധ സർക്കാർ തസ്തികകളിൽ നിയമനം നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല എന്നത് ഒരു വ്യവസ്ഥാപിതമായ നിയമമാണ്. അതുപോലെ തന്നെ ഉദ്യോഗകയറ്റത്തിന് പട്ടികജാതി, പട്ടികവർഗ സംവരണം നടപ്പാക്കാനും സംസ്ഥാന സർക്കാരുകൾക്ക് കഴിയില്ല.

സാമൂഹ്യ നീതിയുടെ കോണിൽ നിന്നുനോക്കിയാൽ സുപ്രീംകോടതി വിധി കനത്ത പ്രഹരമാണ്. സംവരണം നയം തുടരുന്നത് സംബന്ധിച്ചുപോലും ഒരു അനിശ്ചിതാവസ്ഥയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം നൽകുന്നത്. സർക്കാർ സർവീസുകളിലും ഉദ്യോഗകയറ്റത്തിലും പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഇല്ലെങ്കിൽ അത് ഉറപ്പാക്കുന്നതിന് സർക്കാരുകൾക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നാണ് അനുച്ഛേദം 16(4) പറയുന്നത്. അർഹമായ പ്രാതിനിധ്യം ഇല്ലെങ്കിൽ പട്ടികജാതി, പട്ടിക വർഗക്കാർക്ക് വേണ്ടത്ര സംവരണം ഉറപ്പാക്കാൻ ഭരണഘടനയുടെ 77ാം ഭേദഗതിയുടെ ഭാഗമായ അനുച്ഛേദം 16(4) പറയുന്നു. ഇതിനൊക്കെ വിരുദ്ധമാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നിലപാട്. കൂടാതെ ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ മുൻകാല വിധികൾക്കും എതിരായ സമീപനമാണ് ഇപ്പോൾ സുപ്രീം കോടതി സ്വീകരിക്കുന്നത്. എന്നാൽ പട്ടികജാതി പട്ടികവർഗക്കാരുടെ സംവരണം ഉറപ്പാക്കുന്നതിനുള്ള ഒരു നടപടിയും ബിജെപി സർക്കാർ സ്വീകരിക്കുന്നില്ല. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം തികച്ചും ഗുരുതരമാണ്.

സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി സർക്കാർ ജോലികൾ ഗണ്യമായി കുറയുന്നു. സർക്കാർ മേഖലയിലെ ജോലികൾ കൂടുതലും കരാർവൽക്കരിക്കുന്നു. ഈ സംവിധാനത്തിന് പട്ടികജാതി, പട്ടികവർഗ,പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ തത്വം ബാധകമല്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള നടപടികളിലൂടെ സർക്കാർ ഈ മേഖലയിൽ നിന്നും പിൻമാറുന്നു. ഇതിന്റെ ഭാഗമായും സർക്കാർ മേഖലയിലുള്ള തൊഴിലവസരങ്ങൾ കുറയുന്നു. സർക്കാർ സർവീസുകളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം സ്വകാര്യ മേഖലയിലും ബാധകമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണ ലക്ഷ്യങ്ങൾ അതിലൂടെ പാലിക്കപ്പെടണം. 2002ലെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണന്റെ വാക്കുകൾ ഏറെ പ്രസക്തമാണ്. നിലവിലുള്ള സാമ്പത്തിക സംവിധാനത്തിൽ സ്വകാര്യമേഖലയിലും സാമൂഹ്യ നീതി ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഇതിലൂടെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ അനീതിയിൽ നിന്നും അസമത്വങ്ങളിലും നിന്നും മോചിപ്പിക്കേണ്ടത് അനിവാര്യമാണ്. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് നാഗരികരായ എല്ലാ പൗരൻമാരുടെ അവകാശങ്ങളും ഉറപ്പാക്കണം. സ്വകാര്യ സ്ഥാപനങ്ങളെ സോഷ്യലിസം നടപ്പാക്കാൻ ആവശ്യപ്പെടുന്നതല്ല.

മുതലാളിത്ത രാജ്യമായ അമേരിക്ക അംഗീകരിച്ച് നടപ്പാക്കിയ മാതൃകയിലുള്ള ഒരു സംവിധാനം ഇന്ത്യയിലും അനിവാര്യമാണ്- ഇതായിരുന്നു കെ ആർ നാരായണന്റെ വാക്കുകൾ. സുപ്രീംകോടതിയുടെ രണ്ട് അംഗ ബെഞ്ചായാലും ഏഴംഗ ബെ‍ഞ്ചായാലും യാഥാർത്ഥ്യങ്ങളും ഭരണഘടനാ തത്വങ്ങളും ഒരു വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ടത് അനിവാര്യമാണ്. ഫാസിസ്റ്റ് ശക്തികളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഭരണഘടന വിവിധ ആക്രമണങ്ങൾക്ക് വിധേയമാകുന്ന സാഹചര്യത്തിൽ രാഷ്ട്രീയ ജനാധിപത്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. സാമൂഹ്യ ജനാധിപത്യവും സാമൂഹ്യ നീതിയുമില്ലാതെ രാഷ്ട്രീയ ജനാധിപത്യം നിലനിൽക്കില്ല. ജാതിയുടെ പേരിലുള്ള വിവേചനം ഇല്ലാതാക്കുന്നതിന് പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണം അനിവാര്യമാണ്. പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ വികാസത്തിന് വിലങ്ങുതടിയാകുന്ന ഒരു ഭീകരജീവിയാണ് ജാതി വിവേചനമെന്ന് ഡോ. ബി ആർ അംബേദ്ക്കർ നേരത്തെ പറഞ്ഞിരുന്നു. ഹീനമായ ഈ ജാതിവ്യവസ്ഥ ഇവരെ അന്തസുള്ള ഒരു ജീവിതം നയിക്കാൻ അനുവദിക്കില്ല. സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. സുപ്രീംകോടതി വിധിയെ എതിർക്കുകയല്ലാതെ ജനങ്ങൾക്ക് മറ്റൊരു പോംവഴിയില്ല.

Eng­lish summary:The Supreme Court rul­ing relat­ing to reser­va­tion should be opposed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.