June 29, 2022 Wednesday

പിഎംസി; പ്രതികളെ വീട്ടിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി, ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

By Janayugom Webdesk
January 16, 2020

പിഎംസി ബാങ്ക് തട്ടിപ്പ് കേസിൽ ഹൗസിംഗ് ഡെവലപ്പ്മെന്റ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (എച്ച്ഡിഐഎൽ) സ്ഥാപകരായ രാകേഷ് വധാവന്റേയും സാരംഗ് വധാവന്റേയും ജയിൽ മാറ്റം സംബന്ധിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇരുവരുടേയും തടവ് മുംബൈ ആർതർ റോഡ് ജയിലിൽ നിന്നും ഇവരുടെ വസതിയിലേയ്ക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവാണ് സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനും ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യ കാന്ത് എന്നിവരുൾപ്പെടുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സുപ്രീം കോടതിയിൽ ഹാജരായത്. പ്രതികളുടെ സ്വത്ത് വകകൾ വിൽക്കാൻ കമ്മിറ്റി രൂപീകരിച്ച ഹൈക്കോടതി ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഈ രണ്ട് ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

7,000 കോടിയുടെ തട്ടിപ്പിൽ പ്രതികളായവർക്കനുകൂലമായ ഹൈക്കോടതി വിധി അസാധാരണമാണെന്ന് ഇഡി വാദിച്ചു. ജയിലിൽ നിന്നും ഇവരെ വീട്ടിലേയ്ക്ക് മാറ്റുകയാണെങ്കിൽ അതവർക്ക് ജാമ്യം അനുവദിച്ചതിന് തുല്യമാണെന്നും മേത്ത ചൂണ്ടിക്കാട്ടി. ഇന്നലെയാണ് പ്രതികളെ പൊലീസ് സുരക്ഷയിൽ ഇവരുടെ തന്നെ വസതിയിലേയ്ക്ക് മാറ്റാനുള്ള ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. തുടർന്ന് ഇതിനെതിരെ ഇ‍ഡി സമർപ്പിച്ച ഹർജി സുപ്രീം കോടതി അന്നുതന്നെ പരിഗണിക്കുകയായിരുന്നു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും, ഇഡിയും കണ്ടുകെട്ടിയ എച്ച്ഡിഐഎല്ലിന്റെ സ്വത്തുകൾ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നൽകണമെന്ന് പൊതുതാൽപ്പര്യ ഹർജിയിൽ വാദം കേൾക്കികയായിരുന്നു ഹൈക്കോടതി.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പിഎംസി ബാങ്ക് തട്ടിപ്പ് വെളിച്ചത്തുവന്നത്.

4,355 കോടിയുടെ വായ്പകൾ ഒളിപ്പിക്കാനായി ബാങ്ക് കൃത്രിമ അക്കൗണ്ടുകൾ നിർമ്മിച്ചതായി ആർബിഐ കണ്ടെത്തിയിരുന്നു. ഇതിൽ ഭൂരിപക്ഷം വായ്പകളും എച്ച്ഡിഐഎല്ലിന് നൽകിയതായിരുന്നു. 44 വ്യാജ അക്കൗണ്ടുകളാണ് ഇതിനായി ബാങ്ക് ഉണ്ടാക്കിയത്. ബാങ്കിലെ കുറച്ച് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ അനുമതി ഉണ്ടായിരുന്നത്. തുടർന്ന് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും, ഇഡിയും ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.