ഡൽഹിയിലെ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്ത 16 വിശ്വാസികൾക്കും 19 ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കും എതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഹരിയാന സർക്കാർ. സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജിന്റെ നിർദേശ പ്രകാരം നുഹ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. നിസാമുദ്ദിനിലേക്ക് യാത്ര ചെയ്ത വിവരം മറച്ചുവച്ചതിനാണ് തബ്ലീഗ് അംഗങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രദേശത്തെ പള്ളികളിൽ ഇവർ താമസിക്കുന്നത് മറച്ചുവച്ചതിനാണ് പഞ്ചായത്ത് സമിതിക്കും സർപഞ്ചിനുമെതിരെ കേസ് എടുത്തത്. പിന്നൻഗ്വാൻ, നാഗിന, നുഹ് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി 188,269,307,120 ബി പ്രകാരവും പകർച്ചവ്യാധി നിയമത്തിലെ രണ്ട്,മൂന്ന്, നാല് വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം ഛത്തീസ്ഗഢിലെ കോർബയിൽ തബ്ലീഗ് അംഗങ്ങൾക്ക് പള്ളിയിൽ സംരക്ഷണം ഒരുക്കിയതിനെ തുടർന്ന് 13 പേർക്കെതിരെ കേസെടുത്തു. ഇതിൽ മൂന്നു പേർ കോവിഡ് സ്ഥിരീകരിച്ചവരാണ്. സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട്സ്പോട്ടായ പുരാനി ബസ്തി പ്രദേശത്തുള്ള 13 പേർക്കെതിരെയാണ് കേസ്.
അതേസമയം ഉത്തര്‍പ്രദേശിൽ ക്വാറന്റൈൻ അവസാനിച്ച തബ്ലീഗിൽ പങ്കെടുത്ത 17 വിദേശികളെ ജയിലിലടച്ചു. ഇന്തോനേഷ്യ, തായ്ലാൻഡ് സ്വദേശികളാണിവർ. ക്വാറന്റൈൻ അവസാനിച്ചതിനു പിന്നാലെ ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയായിരുന്നു. വിസാ പാസ്പോർട്ട് ചട്ടങ്ങൾ ലംഘിച്ചതിനാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ENGLISH SUMMARY:The Tabligans are haunted: Case for attempted murder
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.