March 31, 2023 Friday

കത്തിക്കുകയല്ല, കരുതലാവുകയാണ് അധ്യാപക പ്രസ്ഥാനം

എൻ ശ്രീകുമാര്‍
പ്രസിഡന്റ്, എകെഎസ്‌ടിയു
May 5, 2020 3:00 am

ലോകമാകെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകി നിൽക്കെ കേരളത്തിൽ ചില അധ്യാപകർ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കാണ് ഈ കാലം ചെലവഴിക്കുന്നത്. അതും കോവിഡ് 19 നെ പ്രതിരോധിക്കേണ്ടതെങ്ങനെയെന്ന് വികസിത രാജ്യങ്ങൾക്കുൾപ്പെടെ മാതൃകയാവുന്ന കേരള സർക്കാരിനെതിരെ. ഈ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നവർ അധ്യാപക വിഭാഗത്തിലെ ന്യൂനപക്ഷം മാത്രമാണ്. എന്നാൽ, അവർ സൃഷ്ടിച്ച സാമൂഹിക അസന്തുഷ്ടിക്ക് കേരളത്തിലെ എല്ലാ അധ്യാപകരും ഉത്തരവാദികളാകേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ ഘട്ടത്തിൽ കേരളത്തിലെ അധ്യാപക പ്രസ്ഥാനങ്ങളെ തിരിച്ചറിയാനും ശരിയുടെയും ഉത്തരവാദിത്തബോധത്തിന്റെയും സാമൂഹിക വീക്ഷണത്തോടെ പ്രവർത്തിക്കുന്നവരുടെയും പക്ഷം തിരിച്ചറിയാനും വൈകരുതെന്ന് അഭ്യർത്ഥിക്കുകയാണ്.

ഈ രംഗത്തെ കാര്യസാധ്യ സംഘങ്ങളെ മനസ്സിലാക്കാൻ സമൂഹത്തിന് കഴിയണം. ഇപ്പോൾ സർക്കാർ വിരുദ്ധ പ്രചാരകരായി നിൽക്കുന്നവരെ അടുത്തറിഞ്ഞു മാത്രമേ അകറ്റി നിർത്താനാവൂ. കഴിഞ്ഞ മാർച്ച് 30ന് കേരള മുഖ്യമന്ത്രി, സംസ്ഥാനത്തെ എല്ലാ പ്ര­ധാന സർവീസ് സംഘടനകളെയും അ­ധ്യാപക പ്രസ്ഥാനങ്ങളെയും തന്റെ ചേ­മ്പറിലേക്ക് ക്ഷണിച്ചിരുന്നു. സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും അ­തിനെ അതിജീവിക്കാൻ സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം ഗഡുക്കളായി സർക്കാരിന് സംഭാവനയായി നൽകേണ്ടതിനെക്കുറിച്ചുമാണ്, അദ്ദേഹം സംസാരിച്ചത്. അങ്ങേയറ്റം മാനിക്കപ്പെടേണ്ടതാണ് ആ അഭ്യർഥന എന്ന കാര്യത്തിൽ തർക്കമില്ല. മാത്രമല്ല, ഇങ്ങനെ ഒരാലോചനപോലും കൂടാതെ ഇതര സംസ്ഥാനങ്ങളിൽ ജീവനക്കാരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം ഇക്കാലയളവിൽ തന്നെ വിവിധ സർക്കാരുകൾ കുറവു ചെയ്യാൻ തീരുമാനിച്ചതും വാർത്തയായിരുന്നല്ലോ.

ജീവനക്കാരും അധ്യാപകരും കേരളത്തിലെ ഇടത്തരമെന്നോ അതിനു മുകളിലെന്നോ പറയാവുന്ന വിധം സാമ്പത്തിക ഭദ്രതയുള്ളവരാണ്. പണി ചെയ്തില്ലെങ്കിലും പണം ശമ്പളമായി ലഭിക്കാൻ അർഹതയുള്ളവർ. എന്നാൽ ഈ ലോക്ഡൗൺ കാലയളവിൽ പണിക്കു പോകാനാവാതെ വീടിനുള്ളിൽ കഴിയേണ്ടി വരുന്ന ഭൂരിപക്ഷം ജനസാമാന്യത്തിന്റെ അവസ്ഥ അതല്ല. പണിയും പണവും ഇല്ലാതെ കഴിയുന്ന അവരെ സംസ്ഥാന സർക്കാർ സൗജന്യ റേഷൻ, പലവ്യഞ്ജന കിറ്റ്, കമ്മ്യൂണിറ്റി കിച്ചൺ, വയോജനങ്ങളുടെ പെൻഷൻ കുടിശ്ശിക തീർക്കൽ തുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ സംരക്ഷിച്ചു നിർത്തി. കേരള സർക്കാർ ഇരുപതിനായിരം കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി ആവിഷ്ക്കരിച്ചത്. കേരള സർക്കാരിന്റെ തനത് വരുമാന സ്രോതസ്സുകളെല്ലാം ലോക്ഡൗൺ കാലത്ത് നിലച്ചു കഴിഞ്ഞിരുന്നു. കേന്ദ്ര സർക്കാരാകട്ടെ, ആവശ്യമായ സഹായം ഒന്നും നൽകുന്നുമില്ല. മികച്ച ചികിത്സയും കരുതലും ഒരു വശത്ത്, മറുഭാഗത്ത് സാമാന്യജനത്തിന് സുരക്ഷിത ജീവിതത്തിനുതകുന്ന കർമ്മപദ്ധതികൾ — ഇതായിരുന്നു സംസ്ഥാന സർക്കാരിന്റെ നടപടി.

ഇതിനൊക്കെയുള്ള സാമ്പത്തിക ആവശ്യങ്ങളുടെ ഒരു ഭാഗമാണ് സ്ഥിരവരുമാനക്കാരോട് സർക്കാർ സാലറി ചലഞ്ചിലൂടെ അഭ്യർത്ഥിച്ചത്. ജീവനക്കാരും അധ്യാപകരും കേരളത്തിലെ മധ്യവർഗ സമൂഹത്തിന്റെ ഭാഗമാണ്. സ്വാഭാവികമായും ലോണും തിരിച്ചടവുകളും കൊണ്ട് ബുദ്ധിമുട്ടുന്നവർ. ഒരു മാസത്തെ ശമ്പളം നഷ്ടപ്പെടുമ്പോൾ വേദനിക്കുക സ്വാഭാവികം. എന്നാൽ ചുറ്റുപാടുകളും കണ്ണോടിക്കുന്ന സാമൂഹിക ബോധമുള്ളവർ നമ്മുടേതിനേക്കാൾ വേദനയാണ് സമൂഹത്തിലെന്ന് തിരിച്ചറിയും. അങ്ങനെ അറിഞ്ഞവർ ഒരു മാസത്തെ ശമ്പളം സർക്കാരിലേക്ക് നൽകാൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചപ്പോൾ തന്നെ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിറങ്ങിയപ്പോഴാകട്ടെ, സ്ഥിരവരുമാനക്കാരുടെ വേദനയും സർക്കാർ മനസ്സിലാക്കിയാണ് ചെയ്തത്. നിങ്ങൾ ഒരു മാസശമ്പളം ആറ് ഗഡുക്കളായി നൽകിയാൽ മതിയെന്നും മാത്രമല്ല, അത് സമയോചിതമായി തിരിച്ചുനൽകാമെന്നും സർക്കാർ ജീവനക്കാരോട് പറഞ്ഞു.

ഇതിൽപരം സ്ഥിരവരുമാനക്കാരോട് ആഭിമുഖ്യം പുലർത്തി മറ്റൊരുത്തരവ് അസാധ്യം! അത് കത്തിച്ചു പ്രതിഷേധിക്കാൻ തീരുമാനിച്ചവർ സാംസ്കാരിക കേരളത്തിന് അപമാനമാണ്. നിർഭാഗ്യവശാൽ ചില അധ്യാപക സംഘടനകളാണത് ചെയ്തത്. മറ്റാർക്ക് നഷ്ടപ്പെട്ടാലും ഔചിത്യബോധം അധ്യാപകർക്ക് നഷ്ടപ്പെട്ടു കൂടാത്തതാണ്. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ അധ്യാപകർക്ക് വലിയ സ്ഥാനമാണ് ഉള്ളത്. കേരളത്തെ ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിലേക്ക് വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചവരാണവർ. കർഷകർക്കും തൊഴിലാളിക്കുമൊപ്പം തോളോടുതോൾ ചേർന്ന് നിലകൊണ്ട് സാമൂഹിക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരാണ് പഴയകാല അധ്യാപക നേതാക്കൾ.

ഒരുപക്ഷത്ത് സർക്കാർ ഉത്തരവ് കത്തിച്ചു പ്രതിഷേധിക്കുമ്പോൾ, അധ്യാപക പ്രസ്ഥാനങ്ങളിലെ മറുപക്ഷം സമൂഹത്തിനു വേണ്ടി നിലകൊള്ളാനാണ് തീരുമാനിച്ചത്. അവർ സർക്കാർ ചോദിച്ച പോലെ ഒരു മാസശമ്പളം പണമായി നൽകാൻ തയ്യാറായിരിക്കുന്നു. മിച്ചമുള്ള പണം സംഭാവന ചെയ്ത് ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങി നൽകുന്നു. കുട്ടികൾക്ക് കംപ്യൂട്ടർ / മൊബൈൽ ആപ്ലിക്കേഷൻ വഴി പഠന ക്ലാസുകൾ നയിക്കുന്നു. രോഗത്തിൽ നിന്ന് പ്രതിരോധിക്കാൻ സ്കൂൾ കുട്ടികൾക്ക് മാസ്ക് നിർമ്മിച്ചു നൽകാൻ പഠിച്ച വൈദഗ്ദ്ധ്യം എല്ലാം പ്രയോജനപ്പെടുത്തുന്നു. അതാണ് പുരോഗമന അധ്യാപക പക്ഷം. ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ എന്ന എകെഎസ്‌ടിയുവിന്റെ പക്ഷം.!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.