ബെഗളൂരു:ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മരം കൊണ്ടുള്ള ഡസ്റ്ററുകൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ചതായി പരാതി. പരാതിയെ തുടര്‍ന്ന് കോറംഗലയിലെ സ്വകാര്യ സ്‌കൂളിലെ രണ്ട് അധ്യാപര്‍ക്കും പ്രിന്‍സിപ്പാലിനുമെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ അമ്മയാണ് കോറമംഗലം പോലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്ന ദിവസം രാവിലെ സ്‌കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകന്‍ ഫോണില്‍ വിളിക്കുകയും കുട്ടി സ്‌കൂളില്‍ നിന്ന് വീണ് നെറ്റിയില്‍ മുറിവ് പറ്റിയതായി അറിയിക്കുകയും ചെയ്തുവെന്ന് വിദ്യാര്‍ത്ഥിയുടെ അമ്മ പോലീസിനോട് പറഞ്ഞു.
എന്നാല്‍ സ്‌കൂളിലെത്തി മകനോട് കാര്യങ്ങള്‍ അന്വേഷിച്ച ശേഷമാണ് കണക്ക് അധ്യാപിക രേഷ്മ ഡസ്റ്ററുകൊണ്ട് മൂന്ന് തവണ എറിഞ്ഞ് പരിക്കേല്‍പ്പിച്ചതാണെന്ന് അറിഞ്ഞത്. പരിക്ക് പറ്റിയ കുട്ടിയ്ക്ക് സ്‌കൂളില്‍ നിന്ന് പ്രാഥമിക ചികിത്സപോലും നല്‍കിയില്ലെന്നും അമ്മ പരാതിയില്‍ പറയുന്നു. സ്‌കൂള്‍ അധികൃതരോട് പോലീസ് വിശദീകരണം ചോദിച്ചപ്പോള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് അറിയിച്ചത്. സംഭവത്തില്‍ കേസുകൊടുക്കരുതെന്ന് അധികൃതര്‍ കുട്ടിയുടെ അമ്മയോടും അഭ്യര്‍ത്ഥിച്ചിരുന്നു.