പ്രത്യേക ലേഖകൻ

March 14, 2020, 5:30 am

കൊറോണ നൽകുന്ന പാഠം ഉൾക്കൊള്ളണം

Janayugom Online

കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യജീവന് സൃഷ്ടിക്കുന്ന ഭീഷണി ഏവരേയും ദുഃഖിപ്പിക്കുന്ന കാര്യമാണ്. എന്നാൽ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങൾക്ക് കൊറോണ വൈറസ് രോഗം പകർന്ന് നൽകുന്നത് ഉയർത്തെഴുന്നേ­ൽക്കണമെന്ന സൂചനയാണ്. ജീവൻരക്ഷാ മരുന്നുകൾ, മരുന്നുകൾ നിർമ്മിക്കുന്നതിനുള്ള രാസവസ്തുക്കൾ ഉൾപ്പെടെ എല്ലാറ്റിനും വിദേശരാജ്യങ്ങളേയും ബഹുരാഷ്ട്ര കുത്തകകളെയും ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ കൊറോണ നൽകുന്ന പാഠം ഉൾക്കൊള്ളാൻ തയ്യാറാകണം. കഴിഞ്ഞ 20 വർഷമായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഭൂരിഭാഗം സാധനങ്ങൾക്കും ഉപകരണങ്ങൾക്കും ആശ്രയിക്കുന്നത് ചൈനയെയാണ്. കൊറോണ ബാധയെ തുടർന്ന് ചൈനയുടെ ഉല്പാദന, വിപണന മേഖലകളുടെ പ്രവർത്തനം നിലച്ചപ്പോൾ ഈ ആഘാതത്തിന് ഇന്ത്യ ഇരയായി. ഇതിന്റെ ഭാഗമായി പാരസെറ്റമോൾ ഗുളികകൾ, മാസ്കുകൾ എന്നിവയുടെ വില വർധിച്ചുവെന്ന് മാത്രമല്ല ഇവ കിട്ടാനില്ലാത്ത അവസ്ഥയിലുമെത്തി. ചൈനയിലെ ഉല്പാദന- വിപണന മേഖലയിലുണ്ടാകുന്ന പ്രതിസന്ധി മറ്റ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു.

ഇപ്പോഴത്തെ അവസ്ഥയിൽ ചൈന ആഗോള ഉല്പാദന കേന്ദ്രമായി മാറി. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ആഗോള വ്യാപാരത്തിന്റെ 20 ശതമാനം സാധനങ്ങളും ഉല്പാദിപ്പിക്കുന്നത് ചൈനയിലാണ്. ഇക്കാരണത്താൽ ചൈനയിലെ ഉല്പാദന മേഖലയിലുണ്ടാകുന്ന നിമ്നോന്നതങ്ങൾ മറ്റ് രാജ്യങ്ങളെ ആനുപാതികമായി ബാധിക്കുന്നു. ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന സാർസ് രോഗം 2003ൽ ചൈനയെ മാരകമായി ബാധിച്ചു. എന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇപ്പോഴത്തേതുപോലെയുള്ള പ്രതികൂലമായ സ്വാധീനം ചെലുത്തിയില്ല. ലോക സമ്പദ്‌വ്യവസ്ഥയിൽ ചൈനയുടെ സ്വാധീനം അപ്പോൾ വളരെ വലുതായിരുന്നില്ല. 2003 ലെ കണക്കുകൾ പ്രകാരം ആഗോള മൊത്തം ആഭ്യന്തര ഉല്പാദന സൂചികയിൽ ചൈനയുടെ പങ്ക് നാല് ശതമാനം മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ഇത് 17 ശതമാനമായി വർധിച്ചു. ഇതാണ് ചൈനയുടെ സമ്പദ്‌വ്യവസ്ഥയിലെ വ്യതിയാനം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കാനുള്ള മുഖ്യ കാരണം.

ഇതിന്റെ അടിസ്ഥാനത്തിലാണ് 2020 കലണ്ടർ വർഷത്തിലെ ചൈനയുടെ വളർച്ചാ നിരക്ക് 5.6 ശതമാനമായി ഐഎംഎഫ് വെട്ടിക്കുറച്ചത്. 1990 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. സാർസിനെക്കാൾ മാരകമാണ് കൊറോണ വൈറസ് എന്നത് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നു. ചൈനയിലെ ഉല്പാദന മേഖലയിലെ വ്യതിയാനം രണ്ട് തരത്തിലാണ് സ്വാധീനിക്കുന്നത്. ഒന്നാമത്തേത് ചൈനയിലേയ്ക്ക് വൻതോതിൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളെയും രണ്ടാമത്തേത് ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളെയുമാണ് ഇത് ബാധിക്കുന്നത്. ഓസ്ട്രേലിയ, ആഫ്രിക്കൻ രാജ്യങ്ങൾ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവയാണ് ആദ്യ വിഭാഗത്തിൽ ഉൾപ്പെടുന്നത്. യുറോപ്യൻ രാജ്യങ്ങൾ, യുഎസ്എ, ദക്ഷിണ കൊറിയ, തായ്‌വാൻ, ജപ്പാൻ, യുകെ, വിയറ്റ്നാം, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നു. കൊറോണ ബാധയെ തുടർന്ന് ചൈനയിൽ തുടരുന്ന ഉല്പാദന മേഖലയിലെ പ്രതിസന്ധി 50 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ആഗോള കയറ്റുമതിയിൽ സൃഷ്ടിച്ചത്.

ഇലക്ട്രോണിക്സ്, വാഹന നിർമ്മാണം, ആശയവിനിമിയ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളെയാണ് കൊറോണ ബാധ ഏറെ പ്രതികൂലമായി ബാധിച്ചത്. ഇതിന്റെ ഭാഗമായി യുറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് 15.6 ബില്യൺ ഡോളർ, അമേരിക്ക 5.8 ബില്ല്യൺ ഡോളർ, ജപ്പാൻ 5.2 ബില്യൺ ഡോളർ, സൗത്ത് കൊറിയ 3.8 ബില്യൺ ഡോളർ, തായ്‌വാൻ 2.6 ബില്യൺ ഡോളർ, വിയറ്റ്നാം 2.3 ബില്യൺ ഡോളറിന്റെ നഷ്ടവുമാണ് കഴിഞ്ഞ രണ്ടമാസത്തിനിടെ ഉല്പാദന മേഖലയിൽ ഉണ്ടായത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യക്കുണ്ടായ 348 ദശലക്ഷം ഡോളറിന്റെ നഷ്ടം താരതമ്യേന കുറവാണ്. എന്നാൽ വൈറസ് വ്യാപനം ഒരു മഹാമാരിയായി പടരുന്ന പശ്ചാത്തലം ഇന്ത്യയെ ഏറെ അലോസരപ്പെടുത്തുന്നു. മോഡി സർക്കാർ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി ഒരു ചാപിള്ള ആയതാണ് ഇത്തരത്തിലുള്ള ഒരു ആശങ്കയുടെ അടിസ്ഥാനം. ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനുള്ള ആർജ്ജവം മോഡ‍ി സർക്കാർ ഇപ്പോഴെങ്കിലും കാണിക്കണം. എന്നാൽ കോർപ്പറേറ്റുകളുടെ താളത്തിനൊത്ത് തുള്ളുന്ന മോഡി സർക്കാരിന് ഇത് കഴിയില്ലെന്നത് പകൽപോലെ വ്യക്തം. എന്നാൽ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വർധിക്കുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളത്. കൂടാതെ ഇതിന് ആനുപാതികമായി കയറ്റുമതിയിൽ വർധനയുമില്ല. മറ്റ് ലോകരാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതിയിൽ 2000–2018 കാലയളവിൽ ചൈനയിൽ 34 മുതൽ 52 ശതമാനം വരെയാണ് വർധനയുണ്ടായത്.

കേവലം ചെറിയ രാജ്യമായ വിയറ്റ്നാമിൽ നിന്നുള്ള കയറ്റുമതിയുടെ തോത് സമാന കാലയളവിൽ ആറ് മുതൽ 17 ശതമാനം വരെ വർധനയുണ്ടായി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വർധന കേവലം അഞ്ച് മുതൽ പത്ത് ശതമാനം വരെയായി ചുരുങ്ങി. കൊറോണ വൈറസിന്റെ വ്യാപനം ഇന്ത്യൻ വ്യവസായങ്ങളെ മൂന്ന് തരത്തിലാണ് ബാധിക്കുന്നത്. വിതരണ ശൃംഖലയിലുള്ള പ്രതിസന്ധി മരുന്നുകൾ, ഇലക്ട്രോണിക്സ്, വാഹനങ്ങൾ, പാരമ്പര്യേതര ഊർജ്ജം തുടങ്ങിയ മേഖലകളെ പ്രതികൂലമായി ബാധിക്കുന്നു. രണ്ടാമതായി ആവശ്യകതയിലുണ്ടാകുന്ന പ്രതിസന്ധി ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയെ ബാധിക്കുന്നു. അമൂല്യ രത്നങ്ങൾ, തുണിത്തരങ്ങൾ, മത്സ്യങ്ങൾ എന്നിവയുടെ കയറ്റിമതിയെ ബാധിക്കുന്നു. മൂന്നാമതായി ഇന്ത്യയിലെ വാഹന നിർമ്മാണ മേഖലയ്ക്ക് ആവശ്യമായ ഭാഗങ്ങളുടെ 27 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്. ഇത് ഇപ്പോൾതന്നെ രാജ്യത്തെ വാഹന നിർമ്മാണ മേഖലയിൽ ദൃശ്യമാണ്. രാജ്യത്തെ മരുന്ന് നിർമ്മാണ മേഖല ഇപ്പോൾ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. രാജ്യത്ത് നിർമ്മിക്കുന്ന മരുന്നുകൾക്ക് ആവശ്യമായ 60 ശതമാനം രാസവസ്തുക്കളും (ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രിഡിയന്റ്) ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സിംഹഭാഗവും ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്. ഇനിയും ഇതുപോലുള്ള സാഹചര്യങ്ങൾ ആവർത്തിക്കപ്പെടാം. ഇതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ ഇന്ത്യ തയ്യാറാകണം. എന്നാൽ ഈ ദിശയിലുള്ള ഒരു ചർച്ചയും ഇപ്പോഴും നടക്കുന്നില്ല. അഥവാ കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുന്ന ബിജെപിയെ ചെല്ലുംചെലവും കൊടുത്ത് പോറ്റുന്ന സ്വദേശി-വിദേശി കോർപ്പറേറ്റുകൾ ഇതിന് സമ്മതിക്കുന്നുമില്ല.