Saturday
23 Feb 2019

രാജകുമാരിയെ തട്ടിക്കൊണ്ടുപോയ കള്ളന്‍

By: Web Desk | Sunday 22 July 2018 5:14 AM IST


thief abducted princess janayugom

സന്തോഷ് പ്രിയന്‍
പണ്ട് കോസലപുരം എന്ന രാജ്യത്ത് ഒരു വിരുതച്ചാരുണ്ടായിരുന്നു- വില്ലുറാം. അല്‍പസ്വല്‍പം മോഷണവും തട്ടിപ്പുമൊക്കെയായിട്ടാണ് അയാള്‍ കഴിഞ്ഞിരുന്നത്.
വില്ലുറാമിന് ഒരു പ്രത്യേക കഴിവുണ്ട്. -ആണിന്റേയും പെണ്ണിന്റേയും കിഴവന്റേയും കുട്ടിയുടേയുമൊക്കെ ശബ്ദത്തില്‍ സുന്ദരമായി സംസാരിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇടയ്‌ക്കൊക്കെ വേഷം മാറി ചില്ലറ തട്ടിപ്പുകളെല്ലാം വില്ലുറാം നടത്താറുണ്ട്.
അങ്ങനെയിരിക്കെ കോസലപുരത്തെ രാജകുമാരി വിനീതയുടെ വിവാഹമായി. കൊട്ടാരത്തില്‍ കല്യാണത്തിന്റെ പൊടിപ്പന്‍ ആഘോഷങ്ങള്‍ തുടങ്ങി. അപ്പോള്‍ വില്ലൂറാമിന് ഒരു വിദ്യ തോന്നി. രാജകുമാരിയുടെ വിവാഹമല്ലേ. കുമാരിയുടെ അന്തഃപ്പുരത്തില്‍ കടക്കാന്‍ പറ്റിയാല്‍ സ്വര്‍ണാഭരണങ്ങളും മുത്തുമാലയുമൊക്കെ അത്യാവശ്യം കീശയിലാക്കാം. പിന്നെ കുറേ നാളത്തേക്ക് കുശാലേ കുശാല്‍.
അങ്ങനെ വില്ലൂറാം രാജകുമാരിയുടെ കല്യാണത്തിന്റെ തലേന്ന് കൊട്ടാരത്തിലേക്ക് വച്ചടിച്ചു. ചേല ചുറ്റി, കമ്മലും വളയുമൊക്കെയിട്ട് ഒരു പെണ്ണിന്റെ വേഷത്തിലാണ് പുറപ്പാട്. ചേലത്തലപ്പുകൊണ്ട് തലവഴി മൂടി വില്ലൂറാം നടക്കുന്നതുകണ്ടാല്‍ ഒരസല്‍ പെണ്ണുതന്നെ.
അയാള്‍ എങ്ങനെയോ രാജകുമാരിയുടെ മുറിയില്‍ കയറിക്കൂടി. അവിടെ എല്ലാവരും വിനീതയെ അണിയിച്ചൊരുക്കുന്ന തിരക്കിലാണ്. അതിനിടയില്‍ അയാള്‍ കട്ടിലിനടിയില്‍ സൂത്രത്തില്‍ ഒളിച്ചിരിപ്പായി.
നേരം പാതിരയായി. വില്ലൂറാം കട്ടിലിനടിയില്‍നിന്നും ശബ്ദമുണ്ടാക്കാതെ പുറത്തുവന്നു. എന്നിട്ട് ഉറങ്ങിക്കിടന്ന രാജകുമാരിയുടെ ആഭരണങ്ങളെല്ലാം പതുക്കെ അഴിച്ചെടുത്ത് പുറത്തുകടന്നു. ഭടന്മാരെല്ലാം കൂര്‍ക്കംവലിച്ച് ഉറക്കമാണ്. -ഹയ്യട, ഇന്നു തന്റെ ഭാഗ്യദിവസമാണ്. വില്ലൂറാം കരുതി.
അയാള്‍ ആഭരണപ്പൊതിയുമായി പതുങ്ങിപ്പതുങ്ങി ഉദ്യാനത്തിലേക്ക് കടന്നു. അതുവഴി പോയാല്‍ കൊട്ടാരത്തിന്റെ മതില്‍ ചാടാന്‍ എളുപ്പമാണ്.
‘നില്‍ക്കവിടെ…..ആരാണ് നീ?’
പെട്ടെന്നൊരു ശബ്ദം കേട്ട് വില്ലൂറാം ഞെട്ടി. തനിക്കുചുറ്റും രണ്ടുമൂന്നു പേര്‍ നില്‍പ്പുണ്ടെന്ന് അയാള്‍ക്ക് മനസിലായി.
പെട്ടെന്നാണ് വില്ലൂറാമിന് ഒരു സൂത്രം തോന്നിയത്.
‘ഞാന്‍ വിനീതാ രാജകുമാരിയാ. വെറുതേ ഉദ്യാനത്തില്‍ കാറ്റുകൊള്ളാന്‍ ഇറങ്ങിയതാ.’
വില്ലൂറാം പെണ്‍ശബ്ദത്തില്‍ പറഞ്ഞു.
ഇതുകേട്ടാല്‍ അവര്‍ പൊയ്‌ക്കൊള്ളുമെന്നായിരുന്നു വില്ലൂറാം കരുതിയത്. പക്ഷേ മറ്റൊന്നാണ് സംഭവിച്ചത്. ഉടനെ രണ്ടുപേര്‍ ചേര്‍ന്ന് വില്ലൂറാമിനെ പിടിച്ചുകെട്ടി.
‘ഹഹ…ഹഹ രാജകുമാരിയെത്തന്നെയാ ഞങ്ങള്‍ക്കു വേണ്ടത്.’
അവരിലൊരാള്‍ പറഞ്ഞു. എന്നിട്ട് അവര്‍ വില്ലുറാമിന്റെ വായും മുഖവും തുണികൊണ്ട് ചേര്‍ത്തുകെട്ടി. എന്നിട്ട് ഒരു കുതിരവണ്ടിയില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോവുകയും ചെയ്തു.
ഇതേസമയം കൊട്ടാരത്തില്‍ എന്തോ ഒരു ശബ്ദം കേട്ട് രാജാവ് ഉണര്‍ന്നു. നോക്കുമ്പോള്‍ അതാ തന്റെ മേശപ്പുറത്ത് ഒരു കുറിപ്പ്. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
‘രാജകുമാരിയെ ഞങ്ങള്‍ തട്ടിക്കൊണ്ടു പോകുന്നു. കുമാരിയെ ജീവനോടെ കിട്ടണമെങ്കില്‍ നാളെ നേരം വെളുക്കുംമുമ്പ് പതിനായിരം സ്വര്‍ണനാണയങ്ങള്‍ കാടിനടുത്തുള്ള ഇടിഞ്ഞുപൊളിഞ്ഞ ക്ഷേത്രത്തിന് പിന്നിലുള്ള പാറക്കൂട്ടത്തിലെത്തിക്കുക.’
ഇതു വായിച്ച ഉടനെ രാജാവ് രാജകുമാരിയുടെ മുറിയിലേക്കോടി. നോക്കുമ്പോള്‍ അതാ രാജകുമാരി കട്ടിലില്‍ സുഖമായി ഉറങ്ങുന്നു.
ഇതില്‍ എന്തോ തട്ടിപ്പുള്ളതായി രാജാവിന് മനസിലായി. താമസിയാതെ അദ്ദേഹം ആരുമറിയാതെ ഒരു സാധാരണക്കാരന്റെ വേഷം ധരിച്ചു. എന്നിട്ട് രഹസ്യമായി തന്റെ പിന്നാലെ വരാന്‍ രണ്ടു ഭടന്മാരോട് പറഞ്ഞു. പിന്നെ ക്ഷേത്രം ലക്ഷ്യമാക്കി പുറപ്പെട്ടു.
അവിടെ എത്തിയപ്പോള്‍ രാജാവ് വിളിച്ചുപറഞ്ഞു.
‘കുമാരിയെ കൊണ്ടുപോകാന്‍ രാജാവ് പറഞ്ഞയച്ചതാ എന്നെ. ഇതാ പതിനായിരം സ്വര്‍ണനാണയങ്ങള്‍.’
ഇതുകേട്ടതും പാറക്കെട്ടിന് പിന്നില്‍ നിന്നും ഒരാള്‍ വെളിയില്‍വന്നു. അയാളെ കണ്ട് രാജാവ് ഞെട്ടിപ്പോയി. മന്ത്രിയായ വീരഭദ്രനായിരുന്നു അത്. വീരഭദ്രനോടൊപ്പം പെണ്‍വേഷം കെട്ടിയ വില്ലൂറാമും ഉണ്ടായിരുന്നു.
‘ഹും, സ്വര്‍ണം ആ പാറപ്പുറത്ത് വച്ചിട്ട് ഉടന്‍ കുമാരിയെ കൊണ്ടുപൊയ്‌ക്കോ.’ വീരഭദ്രന്‍ പറഞ്ഞു. അപ്പോള്‍ വില്ലൂറാമിന് ഒരു സൂത്രം തോന്നി. അയാള്‍ പെണ്‍വേഷമെല്ലാം അഴിച്ചുകളഞ്ഞിട്ട് ഉറക്കെ ചിരിക്കാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ വീരഭദ്രന്‍ ആകെ പരുങ്ങലിലായി. -ങേ, ചതിച്ചോ. തന്റെ ആളുകള്‍ തട്ടിക്കൊണ്ടുവന്നത് മറ്റാരേയോ ആണെന്ന് അപ്പോഴാണ് അയാള്‍ അറിയുന്നതുതന്നെ.
ഉടനെ രാജാവ് ചാടിവീണ് വീരഭദ്രനെ പിടികൂടി. പിന്നാലെ വന്ന ഭടന്മാര്‍ അയാളെ പിടിച്ചുകെട്ടി. വില്ലൂറാം നടന്നതെല്ലാം രാജാവിനോട് പറഞ്ഞു. ചതിയനായ വീരഭദ്രന്റെ കള്ളി വെളിച്ചത്താക്കാന്‍ സഹായിച്ച വില്ലൂറാമിന് രാജാവ് ധാരാളം സമ്മാനം നല്‍കി. പിന്നീട് വില്ലൂറാം കളവെല്ലാം ഉപേക്ഷിച്ച് നല്ലവനായി ജീവിക്കാന്‍ തുടങ്ങി.