രാജ്യത്ത് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. ഹൈക്കോടതിയില്‍ അഡ്ഹോക്ക് ജഡ്ജിമാരെ നിയമിക്കുന്നത് സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ജുഡീഷ്യറിയിൽ 11 ശതമാനം സ്ത്രീകള്‍ മാത്രമേയുളളൂവെന്നും കൂടുതല്‍ സ്ത്രീകളെ ജഡ്ജിമാരായി നിയമിക്കണമെന്നും വനിതാ അഭിഭാഷകരുടെ അസോസിയേഷനെ പ്രതിനിധീകരിച്ചെത്തിയ അഭിഭാഷകരായ സ്നേഹ ഖലിതയും ശോഭ ഗുപ്തയും കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
‘ഹൈക്കോടതികളില്‍ ജഡ്ജി ആകുന്നതിനായി നിരവധി സ്ത്രീകളെ ക്ഷണിച്ചതായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ പറഞ്ഞു. എന്നാല്‍ സ്ത്രീകള്‍ ക്ഷണം നിരസിക്കുകയാണ് ചെയ്തത്. കുട്ടി പന്ത്രണ്ടാംതരത്തിലാണ് പഠിക്കുന്നത് തുടങ്ങിയ ഗാര്‍ഹിക ഉത്തരവാദിത്തങ്ങളുടെ പേര് പറഞ്ഞ് അവരെല്ലാവരും നിരസിക്കുകയാണ് ചെയ്തത്. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ അതെനിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളാണ്. വനിതാ ജഡ്ജിമാരെ നിയമിക്കുന്നതിന് ഓരോ കൊളീജിയവും ശ്രദ്ധിക്കുന്നുണ്ട്.’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാജ്യത്തെ 25 ഹൈക്കോടതികളില്‍ ഒന്നില്‍ മാത്രമാണ് വനിതാ ചീഫ് ജസ്റ്റിസുളളത്. തെലങ്കാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഹിമ കോഹ് ലിയാണത്. രാജ്യത്തെ 661 ഹൈക്കോടതി ജഡ്ജിമാരില്‍ 73 പേര് മാത്രമാണ് സ്ത്രീകള്‍. മണിപ്പൂര്‍, മേഘാലയ, പട്ന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഒരു വനിതാ ജഡ്ജി പോലുമില്ല.
ENGLISH SUMMARY:The time has come for a woman Chief Justice to be present: Chief Justice
You may also like this video