മൂത്രം കഥാപാത്രമാവുന്ന കാലം

Web Desk
Posted on September 08, 2019, 9:46 pm
devika

കലികാലത്തില്‍ വിചിത്രവാര്‍ത്തകള്‍കൊണ്ടു ധന്യരാണ് നമ്മള്‍. കഴിഞ്ഞ ദിവസം യുഎസിലെ ഫ്‌ളോറിഡയില്‍ കോടതിമുറിയാണ് നാടകരംഗം. ഒരു കേസില്‍ അറസ്റ്റിലായി കോടതിയില്‍ ഹാജരാക്കിയ പ്രതിയായ ചെക്കനാണ് വാര്‍ത്താതാരം. കോടതി നടപടി ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പയ്യന്‍ എന്തോ പുറത്തെടുത്ത് പബ്ലിക് പ്രോസിക്യൂട്ടറുടെ വായ് നിറയെ മൂത്രം ചീറ്റിച്ചു. പബ്ലിക് പ്രോസിക്യൂട്ടറുടെ കോട്ടും സ്യൂട്ടുമെല്ലാം മൂത്രാഭിഷിക്തം. ഉടന്‍ കോടതി വിധിച്ചു. പ്രതി പ്രയോഗിച്ച മൂത്രം അയാളുടേതാണോ മറ്റാരുടേതെങ്കിലുമാണോ എന്നും മൂത്രമെങ്ങനെ കോടതിയില്‍ കടത്തിയെന്നും അനേ്വഷിക്കാന്‍ കോടതി ഉത്തരവിട്ടു. പ്രതി ‘ഡയറക്ടായി’ പബ്ലിക് പ്രോസിക്യൂട്ടറുടെ വായില്‍ മൂത്രമൊഴിക്കുകയായിരുന്നോ എന്നതും അനേ്വഷണ വിഷയം. സംഗതികള്‍ ആകെ ജഗപൊഗ. ഈ മനുഷ്യമൂത്രം നാറുന്ന കഥ അങ്ങ് അമേരിക്കയില്‍ നിന്നാണെങ്കില്‍ മോഡിയുടെ ഇന്ത്യയില്‍ നിന്ന് മറ്റൊരു മൂത്രവിശേഷം. ഈ കേസില്‍ ഇര പ്രധാനമന്ത്രി മോഡിയുടെ വലംകയ്യായ ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപി ലീലാധര്‍വഗേല. നിരത്തില്‍വച്ച് തെരുവ് പശുവിന്റെ കുത്തേറ്റ എംപി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഓസ്‌ട്രേലിയയിലെങ്ങാണ്ട് ഒരു വൃദ്ധയെ കോഴി കൊത്തിക്കൊന്നുവെന്ന വാര്‍ത്ത പുറത്തുവന്ന ദിവസമാണ് വഗേലയെ പശു കുത്തിയതും.
ഗോസംരക്ഷകരായ ബിജെപിക്കാരെ പശുക്കള്‍ കുത്തുകയോ ആക്രമിക്കുകയോ ഇല്ലെന്നാണ് നാട്ടാചാരം. പിന്നെ പാവം വഗേല മൂപ്പിലാന് എങ്ങനെ പശുവിന്റെ കുത്തേറ്റു എന്നാണ് ചോദ്യം. പശുവിനും ഉടമയ്ക്കുമെതിരെ പൊലീസ് കേസെടുത്ത് പ്രതേ്യക അനേ്വഷണ സംഘത്തെ നിയോഗിച്ച് നടപടികളും ആരംഭിച്ചു. അപ്പോഴിതാ കേസിന് പുതിയ ട്വിസ്റ്റ് എന്നാണ് കേസ്. ബിജെപി എംപി പശുവിനെ ഇക്കിളിപ്പെടുത്തിയപ്പോഴാണത്രേ അളമുട്ടിയ പശുപ്പെണ്ണ് വഗേലയെ കുത്തിമലര്‍ത്തിയതത്രെ. തെരുവില്‍ മേഞ്ഞുനടന്ന പശു മൂത്രമൊഴിക്കുന്നതുകണ്ട് ബിജെപി നേതാവ് പശുവിന്റെ പിന്‍ഭാഗത്തു കൈക്കുമ്പിളുമായി എത്തി വിശുദ്ധ ഗോമൂത്രം കയ്യില്‍ ഏറ്റുവാങ്ങി കുടിക്കാന്‍ ശ്രമിക്കുമ്പോള്‍ മൂപ്പിലാന്റെ കൈ അറിയാതെ പശുവിന്റെ ഗുഹ്യഭാഗത്തൊന്ന് തട്ടിപ്പോയി. നേതാവ് എന്തോ ‘ഏനക്കേട്’ കാണിക്കാന്‍ ശ്രമിക്കുന്നുവെന്ന് ധരിച്ച് പശു കുത്തിമലര്‍ത്തിയത്രേ. ഇതേക്കുറിച്ചുള്ള അനേ്വഷണ റിപ്പോര്‍ട്ട് വരട്ടെ. അപ്പോഴറിയാം വഗേല എംപി ഗോബലാല്‍സംഗ ശ്രമം നടത്തിയോ ഇല്ലയോ എന്ന്. ഇല്ലെങ്കില്‍ പശുവിനെ വധശിക്ഷയ്ക്ക് വിധിക്കാനും സ്‌കോപ്പുണ്ട്.
അമേരിക്കയും ഗുജറാത്തും കടന്ന് ഇങ്ങ് കേരളത്തിലെ പാലായിലെത്തിയാലും മൂത്രാഭിഷേക‑മൂത്രപാന സമാനമായ ഒരു സംഭവം. പാലാ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കേന്ദ്ര കണ്‍വന്‍ഷനാണ് വേദി. പുതുപ്പള്ളിക്കുഞ്ഞ്, ജോസ് മാണിക്കുഞ്ഞ്, കുഞ്ഞാലിക്കുട്ടി തുടങ്ങിയ ഭൂലോകമാന കുഞ്ഞന്‍മാര്‍ വേദിയിലുണ്ട്. കുഞ്ഞനല്ലാത്ത പി ജെ ജോസഫും ഒപ്പമുണ്ട്. ജോസഫ് പ്രസംഗം തുടങ്ങിയതോടെ സദസില്‍നിന്ന് ജോസ്‌മോന്‍ സംഘം വക കൂവലോടുകൂവല്‍. കൂവലിനൊപ്പം മലയാളത്തിലെ കുപ്രസിദ്ധമായ ‘കൂ’ വിളികളും ‘പൂ’ വിളികളും. തെറിയുടെ നിഘണ്ടു കാലിയായപ്പോള്‍ ജോസഫിന്റെ പാവം മാതാവിനെതിരെ പോലും അസഭ്യവര്‍ഷം. പ്രസംഗം കഴിഞ്ഞപ്പോള്‍ ജോസഫിന്റെ കര്‍ത്താവു വേഷം. ഇതുകൊണ്ടൊന്നും താന്‍ പ്രകോപിതനാവില്ലത്രേ. പിറ്റേന്നായപ്പോള്‍ ജോസ് മോന്റെ പത്രത്തില്‍ ജോസഫിനെതിരെ അക്ഷരപ്രാണന്‍ പൂണ്ട അസഭ്യവര്‍ഷം. ഇതുകേട്ട ജോസഫ് പറഞ്ഞു താന്‍ ജോസിന്റെ സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടുപിടിക്കുമെന്ന്. പാലാക്കാര്‍ അറിയാതെ ശ്രീരാഗത്തില്‍ പാടിപ്പോയി; ‘എന്തരോ മഹാനുഭാവുലൂ!’ ഇന്നലെ ജോസഫ് പറഞ്ഞത് തെറിയഭിഷേകത്തെക്കുറിച്ച് അനേ്വഷിച്ച് ചര്‍ച്ച ചെയ്ത് ധാരണയിലെത്താന്‍ തന്റെ പാര്‍ട്ടിക്കാരായ രണ്ടുപേരെ നിയോഗിച്ചിട്ടുണ്ടെന്ന്! ഫ്‌ളോറിഡാ കോടതിയില്‍ വായില്‍ മൂത്രമൊഴിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആളെ നിയോഗിച്ചതുപോലെ.
ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം സമ്പൂര്‍ണ വിജയത്തിലെത്താതെ അവസാനിച്ചതിന് ഇന്ത്യന്‍ ശൂന്യാകാശ ഗവേഷണ സംഘടനയുടെ ചെയര്‍മാന്‍ കെ ശിവനും മറ്റ് ശാസ്ത്രജ്ഞന്മാരും മാലോകരോട് സമാധാനം പറഞ്ഞേ തീരൂ. അവസാന നിമിഷങ്ങളില്‍ അതുല്യനായ ശാസ്ത്രപ്രതിഭ മോഡി ശിവന്റെ അടുത്തിരുന്നിട്ടുപോലും അദ്ദേഹത്തെ ഒന്നു കണ്‍സള്‍ട്ട് ചെയ്തിരുന്നുവെങ്കില്‍ ചന്ദ്രയാന്റെ വിക്രമും ഓര്‍ബിറ്ററും കിറുകൃത്യമായി നടക്കുമായിരുന്നില്ലേ. ആകാശദേശത്ത് മോഡിക്കുള്ള ശാസ്ത്രപരിചയ സമ്പത്ത് കുറേക്കാലം മുമ്പുതന്നെ നാം അനുഭവിച്ചറിഞ്ഞതാണല്ലോ. പാകിസ്ഥാനിലെ ബലാക്കോട്ട് പ്രദേശത്ത് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയപ്പോള്‍ മേഘങ്ങള്‍ ഉള്ളപ്പോള്‍ ആക്രമണം നടത്തണമെന്നു നിര്‍ദേശിച്ചതു താനാണെന്ന ചരിത്ര പ്രസിദ്ധമായ മോഡിയുടെ വെളിപ്പെടുത്തല്‍ കേട്ട് ലോകമാകെ തലയറഞ്ഞു ചിരിച്ച കാര്യം ശിവന്‍ മറന്നുപോയിക്കാണും. മേഘാവൃത ആകാശം റഡാറുകളുടെ കണ്ണുകെട്ടുമെന്നും ആ തക്കത്തിന് ആക്രമണം നടത്തണമെന്നും പറഞ്ഞ മോഡിയോട് ചന്ദ്രയാന്റെ അവസാന മുഹൂര്‍ത്തത്തില്‍ ഒരുപദേശം തേടിയിരുന്നെങ്കിലോ. മേഘങ്ങള്‍ അമ്പിളിമാമന്റെ കണ്ണുകള്‍ മറയ്ക്കുന്ന സമയത്ത് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറക്കാന്‍ വിലപ്പെട്ട ഉപദേശം ലഭിക്കുമായിരുന്നില്ലേ. എന്തായാലും ചന്ദ്രയാന്റെ സൂക്ഷ്മാംശങ്ങള്‍ വരെ താനാണ് തയാറാക്കിയതെന്ന് അവകാശപ്പെടാന്‍ മോഡിക്കുണ്ടായിരുന്ന അവസരമല്ലേ ശിവനും ശാസ്ത്രസമൂഹവും കളഞ്ഞുകുളിച്ചത്.
പണ്ട് മൂന്നാര്‍ മലയോരത്ത് ഒരു കൊലപാതകം നടന്നു. പ്രതികളെ പൊലീസിനറിയാം. പക്ഷേ അവരെ രക്ഷിക്കുകയും വേണം. ഒടുവില്‍ മൃതദേഹം കടലോരത്ത് ഉറുമ്പരിക്കുന്ന നിലയില്‍ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി മഹസര്‍ തയാറാക്കുന്നു. ‘മാക്രി കടിച്ചുകൊന്ന നിലയിലുള്ള മൃതദേഹം മാക്രി തന്നെ കടിച്ചുവലിച്ചിഴച്ചു കൊണ്ടുപോയ പാടുകള്‍ കാണാനുണ്ടെന്നത് ഒന്നാം സംഗതിയാകുന്നു. കടല്‍ത്തീരത്ത് എത്തുന്നതുവരെ ഘാതകനായ മാക്രിക്ക് പരസഹായം കിട്ടിയിട്ടില്ലെന്ന് കാല്‍പ്പാടുകളില്‍ നിന്ന് നിഗമനത്തിലെത്താമെന്നത് രണ്ടാം സംഗതിയാകുന്നു. ശംഖുംമുഖം കടല്‍ത്തീരത്ത് മൃതദേഹം ഉപേക്ഷിച്ച ശേഷം മുങ്ങിയ മാക്രിയുടെ കാല്‍പ്പാടുകള്‍ ഹജൂര്‍കച്ചേരിക്കു മുന്നിലെ രാജപാതയില്‍ കാണാമായിരുന്നുവെന്നത് നാലാം സംഗതി. ഉപേക്ഷിക്കപ്പെട്ട മൃതദേഹം ഉറുമ്പുകള്‍ ഭക്ഷണമാക്കിയിട്ടുള്ളതുമാകുന്നു. കൊലയാളിയായ മാക്രിയെ കസ്റ്റഡിയിലെടുത്ത് ക്വസ്റ്റ്യന്‍ ചെയ്യാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാവുന്നതുമാണ് എന്നതായിരുന്നുവത്രെ അന്നത്തെ മഹസര്‍.
കേരളാ പൊലീസ് ഹൈടെക്കും ജനമൈത്രിയുമൊക്കെയായിട്ടും അനേ്വഷണ കാര്യത്തില്‍ ഇപ്പോഴും പഴയ മാക്രിബുദ്ധിയില്‍ത്തന്നെയെന്ന് പിഎസ്‌സി പരീക്ഷാ തട്ടിപ്പുകേസ് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഒരിക്കല്‍ക്കൂടി നമ്മെ ഓര്‍മിപ്പിക്കുന്നു. പിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ശിവരഞ്ജിത്, രണ്ടാം റാങ്കുകാരന്‍ പ്രണവ്, ഇരുപത്തെട്ടാം റാങ്കുകാരന്‍ നസീം എന്നിവരെക്കൊണ്ട് പരീക്ഷാ തട്ടിപ്പിന് ഉപയോഗിച്ച പിഎസ്‌സി ചോദ്യപേപ്പര്‍ ഉപയോഗിച്ച് വീണ്ടും പരീക്ഷയെഴുതിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നുവത്രേ. ഇതു കേട്ടാല്‍ തോന്നും ആ ചോദ്യപേപ്പര്‍ പ്രകാരം പ്രതികള്‍ ഒരുത്തരവും പുനഃപരീക്ഷയില്‍ എഴുതില്ല. അതുവഴി അവരെ ഒന്നുകൂടി അപമാനിക്കാം എന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നതെന്ന് സാദാ മലയാളിക്ക് തോന്നിപ്പോകും. എന്നാല്‍ എഴുതിയ ശരിയുത്തരങ്ങളും തെറ്റിയ ഉത്തരങ്ങളും ചോദ്യകടലാസും പോലും നാട്ടിലെ ചിന്ന പയ്യന്‍മാര്‍ക്കുപോലും ഹൃദിസ്ഥമാണ്. അപ്പോള്‍ പ്രതികള്‍ക്ക് ജയിലില്‍ കിടന്ന് അവയെല്ലാം ഓര്‍ത്ത് പഠിക്കാന്‍ ഒരവസരം കൂടി നല്‍കുകയാണ് ക്രൈംബ്രാഞ്ചെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും തോന്നിപ്പോകും. പൊലീസിന്റെ ‘മൂന്നാര്‍ മാക്രിബുദ്ധി’ പിഎസ്‌സി പരീക്ഷാ കള്ളന്‍മാരെ വെള്ളപൂശി പൊലീസ് സേനയില്‍ എടുക്കാനല്ലെങ്കില്‍ പിന്നെന്തിനാണ്. പിന്നെയും ജനത്തിനേയും ദശലക്ഷക്കണക്കായ തൊഴില്‍രഹിതരേയും വിഡ്ഢികളാക്കരുതെന്നേ അപേക്ഷയുള്ളു.
ഒന്നും പറയാനില്ലെങ്കില്‍ ബ്രിട്ടീഷുകാര്‍ കാലാവസ്ഥയേയും ജ്യോതിര്‍ഗോളങ്ങളേയും കുറിച്ച് സംസാരിച്ചിരിക്കുമെന്ന് പറയാറുണ്ട്. അതുപോലെ തന്നെ ബ്രിട്ടീഷ് സായിപ്പായിരിക്കുകയാണ് നമ്മുടെ മോഡി. രണ്ടാം വരവില്‍ നൂറുദിവസം തികച്ച അന്നാണ് ചന്ദ്രഗോളത്തിലേക്കുള്ള പര്യവേക്ഷണ പരാജയം. നൂറാംദിനത്തില്‍ തന്റെ ഭരണവിജയം ആഘോഷമാക്കി ചന്ദ്രയാനെ മാറ്റാമെന്ന സ്വപ്‌നവും വടികുത്തിപ്പിരിഞ്ഞു. നൂറുദിവസത്തിനുള്ളില്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയാകെ തകര്‍ന്നടിഞ്ഞു. പതിനായിരക്കണക്കിന് വ്യവസായശാലകള്‍ക്ക് താഴ് വീണു. തൊഴിലില്ലായ്മയും പട്ടിണിയും ക്രിമിനല്‍ വാഴ്ചയും പുതിയ ഗതിക്രമമാവുന്നു. ഇതിനിടെ നൂറ് ദിവസത്തെ നേട്ടങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ജനം വളഞ്ഞിട്ട് കൂവും. അതുകൊണ്ട് നൂറാം ദിന ചിന്തകള്‍ മൗനത്തിലാകാം. മൗനം വിഡ്ഢിക്കും ഭൂഷണമെന്നല്ലേ പ്രമാണം.