ലോകകപ്പ് കൗണ്ട്ഡൗണ്‍ 200 ദിവസം തികഞ്ഞതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെയോടെ ഖത്തറില്‍ ചാമ്പ്യന്‍ ട്രോഫിയുടെ പര്യടനം തുടങ്ങി. ആറു ദിവസങ്ങളിലായി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുജനങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമായാണ് പ്രദര്‍ശനം നടത്തുന്നത്. അതു കഴിഞ്ഞ്, കിരീടം നവംബര്‍ 21ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിലേക്ക് തിരികെയെത്തിക്കുന്നതിനായി ഖത്തറില്‍ നിന്ന് ഫിഫ ആസ്ഥാനത്തേക്ക് മടക്കും.
നവംബര്‍ 21 വരെ ലോകകപ്പ് കിരീടം ആഗോള പര്യടനത്തിലായിരിക്കും. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരെ വിളിച്ചുചേര്‍ത്ത് ലളിതമായ ചടങ്ങുകളോടെയാണ് വ്യാഴാഴ്ച രാവിലെ പര്യടനത്തിന് തുടക്കംകുറിച്ചത്. മുതിര്‍ന്നവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഇഹ്‌സാന്‍ എംപവര്‍മെന്റ് ആന്‍ഡ് കെയര്‍ സെന്ററിലെത്തിയ ലോകകപ്പ് കിരീടം അവര്‍ക്ക് കാണാനും ചിത്രമെടുക്കാനുമായി ഒരു മണിക്കൂര്‍ നേരം പ്രദര്‍ശിപ്പിച്ചു.
ഫുട്‌ബോള്‍ വിശേഷങ്ങള്‍ പങ്കുവെച്ചും ഖത്തറിലെ ലോകകപ്പ് വിജയത്തിനായി ആശംസ നേര്‍ന്നുമാണ് അവര്‍ തങ്ങളുടെ മണ്ണിലെ ഏറ്റവും വലിയ മേളക്ക് വരവേല്‍പ്പൊരുക്കിയത്. തുടര്‍ന്ന് ലുസൈലിലെ ഷാഫല്ലയിലും രാത്രിയോടെ ആസ്പയര്‍ പാര്‍ക്ക്, മിശൈരിബ് ഹൗസ് എന്നിവിടങ്ങളിലും സന്ദര്‍ശകര്‍ക്കായി പ്രദര്‍ശനത്തിനു വെച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറു മുതല്‍ ഒമ്പതു വരെ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും തുടര്‍ന്ന് 12 വരെ മിശൈരിബ് ഹൗസിലും പ്രദര്‍ശനം വെക്കും.
ശനിയാഴ്ച ഒളിമ്പിക് സ്‌പോര്‍ട്‌സ് മ്യൂസിയം, ലുസൈല്‍ മറീന, മിശൈരിബ്, ഞായറാഴ്ച ദോഹ ഫെസ്റ്റിവല്‍ സിറ്റി, വെന്‍ഡോം പാലസ്, സൂഖ് വാഖിഫ്, തിങ്കളാഴ്ച ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റുഡന്റ് സെന്റര്‍, ഖത്തര്‍ യൂനിവേഴ്‌സിറ്റി, മിശൈരിബ് എന്നിവിടങ്ങളിലും ട്രോഫിയെത്തും. പത്താം തീയതി കതാറയിലെ ചടങ്ങുകളോടെ ഖത്തറിലെ പ്രദര്‍ശനം അവസാനിപ്പിച്ച് ട്രോഫി സൂറിച്ചിലേക്ക് യാത്രയാവും. വിവിധ സ്ഥലങ്ങളില്‍ മുഖ്യാതിഥികളായി ഫുട്ബാള്‍ താരങ്ങളും വിശിഷ്ട വ്യക്തിത്വങ്ങളും പ്രദര്‍ശന ചടങ്ങുകളില്‍ സന്നിഹിതരായിരിക്കും. കൂടാതെ, ആരാധകര്‍ക്കായി വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
English summary; The tour of the World Cup Champions Trophy begins
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.