ടവറുകൾക്ക് കേടുപാട് സംഭവിച്ചു; കാനനപാതയിലൂടെ സഞ്ചരിച്ച് രക്ഷാപ്രവർത്തകർക്ക് ആശയവിനിമയ സംവിധാനമൊരുക്കി നൽകി ബിഎസ്എൻഎൽ

Web Desk

കൊച്ചി

Posted on August 08, 2020, 6:11 pm

മണ്ണിടിച്ചിൽ ഉണ്ടായി ദുരന്തഭൂമിയായി മാറിയ രാജമല പെട്ടിമുടി പ്രദേശത്ത് രക്ഷാപ്രവർത്തകർക്കും തദ്ദേശീയർക്കും ആശയവിനിമയ സംവിധാനമൊരുക്കിയത് ബിഎസ്എൻഎൽ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ.

കനത്ത മഴയിലും ഉരുൾപൊട്ടലിലും മൂന്നാർ, രാജമല ഫാക്ടറി, പെട്ടിമുടി എന്നിവിടങ്ങളിലെ ബിഎസ്എൻഎൽ ടവറുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് ആശയവിനിമയ സംവിധാനങ്ങൾ അത്യാവശ്യമാണെന്നതിനാൽ ബിഎസ്എൻഎൽ സാറ്റ്ലൈറ്റ് കണക്ടിവിറ്റി ഉടൻ പ്രദേശത്ത് പുനഃസ്ഥാപിച്ചു നൽകാൻ ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടൽ കൊണ്ട് സാധിച്ചു. പാലം തകർന്നതിനാൽ മൂന്നാറിൽ നിന്ന് പെട്ടിമുടിയിലേയ്ക്ക് റോഡു മാർഗ്ഗം എത്തിച്ചേരാൻ സാധിയ്ക്കാത്തതിനാൽ കാട്ടുപാതയിലൂടെ സഞ്ചരിച്ചാണ് ഇവർ സംഭവസ്ഥലത്തെത്തിയത്.

കനത്ത മഴയിലും കാറ്റിലും വൈദ്യുതി നിലച്ചതിനാൽ ജനറേറ്റർ ഉപയോഗിച്ചുകൊണ്ടാണ് സേവനം ലഭ്യമാക്കിയത്. സ്വകാര്യ ടെലികോം കമ്പനികൾ സർവ്വീസ് നടത്താത്ത ഈ മേഖലയിൽ ബിഎസ്എൻഎലിന്റെ സേവനം മാത്രമാണുള്ളത്. മണിക്കൂറിൽ രണ്ടായിരത്തിലധികം കോളുകളാൺ ഈ ടവറുകളിൽ നിന്ന് ഉപയോഗിച്ചു കൊണ്ടിരിയ്ക്കുന്നതെന്ന് ബിഎസ്എൻഎൽ എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോക്ടർ കെ. ഫ്രാൻസിസ് ജേക്കബ് അറിയിച്ചു. രക്ഷാപ്രവർത്തനത്തോടനുബന്ധിച്ച് ഉപോയോഗം കൂടുമെന്നതിനാൽ സാറ്റ്ലൈറ്റ് ബാൻഡ്വിഡ്ത്ത് നാലിരിട്ടിയായി വർദ്ധിപ്പിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ സേവനം നൽകിയതെന്നും ഫ്രാൻസിസ് ജേക്കബ് വ്യക്തമാക്കി.

you may also like this video