Web Desk

തിരുവനന്തപുരം

January 22, 2020, 7:05 pm

നേപ്പാളിൽ മലയാളികൾക്ക് സംഭവിച്ച ദുരന്തം ആദ്യത്തേതല്ല, പിന്നിലെ ‘ഭീകരൻ’ ഇവനാണ്

Janayugom Online

നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച എട്ടു മലയാളികളുടെ മരണ വാര്‍ത്ത കേട്ടവരിലെല്ലാവരിലും ദുഃഖവും ഭീതിയും പരത്തിയ ഒന്നാണ്. കഴിഞ്ഞ ദിവസമാണ്, ദമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ട് മുറിയില്‍ 8 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 പേരടങ്ങുന്ന സംഘത്തിലെ 8 പേരാണ് മരിച്ചത്. 4 കുടുംബങ്ങളാണ് നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയത്.

തണുപ്പകറ്റാന്‍ ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഗ്യാസ് ഹീറ്ററില്‍നിന്നുയര്‍ന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതായിരുന്നു മരണകാരണം. 2 കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ചത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം കുന്ദമംഗലം സ്വദേശി രഞ്ജിത്, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. രഞ്ജിത്തിന്റെ ഒരു കുട്ടി സുരക്ഷിതനാണ്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മാധവാണ് രക്ഷപെട്ടത്. ഈ കുട്ടി സംഭവം നടക്കുമ്‌ബോള്‍ മറ്റൊരു മുറിയിലായിരുന്നു.

കഴിഞ്ഞ ദിവസം നേപ്പാളില്‍ ഉണ്ടായ മരണത്തിനു സമാനമായ ദുരന്തങ്ങള്‍ ഇതിനും മുന്‍പും നടന്നിട്ടുണ്ട്. ജനറേറ്ററില്‍നിന്നുള്ള വിഷപ്പുക ശ്വസിച്ച് യുവതിയും യുവാവും മരിച്ച സംഭവം തൃശ്ശൂരില്‍ നടന്നത് പത്തുമാസം മുമ്പ്. 2019 മാര്‍ച്ച് 11ന് തൃശ്ശൂര്‍ നഗരത്തിലെ ശക്തന്‍ സ്റ്റാന്‍ഡിന് സമീപമുള്ള കൃത്രിമപ്പല്ല് നിര്‍മാണ കേന്ദ്രത്തിലായിരുന്നു സംഭവം. സ്ഥാപനത്തിന്റെ ഉടമയും ജീവനക്കാരിയുമാണ് മരിച്ചത്. വൈദ്യുതി നിലച്ചപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയും സ്ഥാപനത്തിന്റെ വാതില്‍ അടച്ചിടുകയും ചെയ്തതാണ് മരണത്തിന് കാരണമായത്. ഇരുവരുടേയും മരണത്തിന് കാരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതുകൊണ്ടെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് കൂടാതെ റഫ്രിജറേറ്റര്‍ കത്തിയ പുക ശ്വസിച്ചുള്ള മരണത്തിനു 2016 ല്‍ നഗരം സാക്ഷ്യം വഹിച്ചു. റഫ്രിജറേറ്റലിലെ വിഷപ്പുക ശ്വസിച്ചു ദമ്ബതികളും കുഞ്ഞും ഉറക്കത്തില്‍ മരിച്ചത് ആ വര്‍ഷം ജൂലൈയില്‍. മണ്ണന്തല മരുതൂരിലായിരുന്നു സംഭവം. ധനുവച്ചപുരം എയ്തുകൊണ്ടാന്‍കാണി ഗ്രേസ് കോട്ടേജില്‍ രാജയ്യന്റെയും ഓമനയുടെയും മകന്‍ അനില്‍ രാജും (37), ഭാര്യ അരുണയും (27), മകള്‍ നാലു വയസുകാരി അലീഷയുമാണ് അന്നു മരണത്തിനു കീഴടങ്ങിയത്. അനിലും അരുണയും മാര്‍ ബസേലിയസ് എന്‍ജിനീയറിങ് കോളജിലെ ലാബ് ജീവനക്കാരായിരുന്നു. മരുതൂര്‍ പാലത്തിനു സമീപം കൃഷ്ണ ബേക്കറി കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഇവര്‍ വാടകയ്ക്കു കഴിഞ്ഞിരുന്നത്. റോഡിനോടു ചേര്‍ന്ന ഭാഗത്തു കടമുറികളുടെ താഴെ ത്രികോണാകൃതിയില്‍ ഗോഡൗണ്‍ പോലെയുള്ള കെട്ടിടത്തില്‍ വായുസഞ്ചാരം കുറഞ്ഞ ചെറിയ ഹാളും കിടപ്പുമുറിയും മാത്രമാണുണ്ടായിരുന്നത്.

രണ്ടു വര്‍ഷം മാത്രം പഴക്കമുള്ള റഫ്രിജറേറ്റര്‍ കത്തിയതാണ് മരണകാരണമായത്.ഏതെങ്കിലും ഒരു ജനല്‍പാളി തുറന്നിട്ടിരുന്നെങ്കില്‍ പോലും മരണം സംഭവിക്കില്ലായിരുന്നുവെന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.

എന്താണ് കാര്‍ബണ്‍ മോണോക്‌സൈഡ് ?

മണമോ രുചിയോ നിറമോ ഇല്ലാത്ത ഒരു വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാല്‍ ശരീരത്തിന് ഓക്‌സിജന്‍ ആഗിരണം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടും. എന്നാല്‍, ഇതിന് മണമോ നിറമോ ഒന്നുമില്ലാത്തതിനാല്‍ ഇത് അന്തരീക്ഷത്തില്‍ കലര്‍ന്നാല്‍ പോലും തിരിച്ചറിയാന്‍ കഴിയില്ല. മുറികള്‍ അടച്ചുപൂട്ടി കിടക്കുമ്പോള്‍ അത് കൂടുതല്‍ ഗുരുതരമാകുകയും ചെയ്യും.
ഓക്‌സിജന്‍ ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത് രക്തത്തിലെ ഹീമോഗ്ലോബിനെ കൂട്ടു പിടിച്ചാണ്. എന്നാല്‍, ഓക്‌സിജന് ഒപ്പം കാര്‍ബണ്‍ മോണോക്‌സൈഡ് ശരീരത്തില്‍ എത്തിയാല്‍ കാര്‍ബണ്‍ മോണോക്‌സൈഡിനാണ് ഹീമോഗ്ലോബിന്‍ കൂടുതല്‍ പരിഗണന കൊടുക്കുക. ഇങ്ങനെ കാര്‍ബണ്‍ മോണോക്‌സൈഡ് ശരീരത്തില്‍ എത്തുന്നതോടെ ഓക്‌സിജന്‍ ലഭിക്കാതെ ശരീരത്തിലെ കോശങ്ങള്‍ നശിക്കും.
ഭക്ഷ്യവിഷബാധയേറ്റാല്‍ എന്ന പോലുള്ള ലക്ഷണങ്ങള്‍ ആയിരിക്കും കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചവരില്‍ ഉണ്ടാകുക. എന്നാല്‍, കുറഞ്ഞ അളവിലാണ് ശരീരത്തിലേക്ക് കാര്‍ബണ്‍ മോണോക്‌സൈഡ് എത്തുന്നതെങ്കില്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ സമയമെടുക്കും, കൂടിയ തോതില്‍ ശരീരത്തിലേക്ക് കാര്‍ബണ്‍ മോണോക്‌സൈഡ് എത്തിയാല്‍ ബോധക്ഷയം ഉണ്ടാകും. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്.

Eng­lish Sum­ma­ry: The tragedy of Malay­alees in Nepal is not the first one

YOU MAY ALSO LIKE THIS VIDEO