പരിശീലനം സിദ്ധിച്ച മനുഷ്യമൂലധനം അപര്യാപ്തത തന്നെ

Web Desk
Posted on June 11, 2019, 9:51 pm

പ്രഫ .കെ അരവിന്ദാക്ഷന്‍

വ്യവസായ നയം പൂര്‍ണതോതിലുള്ള വിജയം നേടാന്‍ പരിശീലനത്തിനും വൈദഗ്ധ്യം സൃഷ്ടിക്കും ആവശ്യമായ ധനസഹായമോ, സബ്‌സിഡികളോ അനിവാര്യമാണെന്നത് വസ്തുതയാണ്. മനുഷ്യ മൂലധന വികസനത്തിന് വര്‍ധിച്ച തോതില്‍ നിക്ഷേപവും വേണ്ടി വരും. അക്കാഡമിക് നിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തിനും വ്യാവസായിക നയ രൂപീകരണത്തില്‍ വര്‍ധിച്ച ബോധവല്‍ക്കരണവും ആവശ്യമാണ്. ഇന്ത്യയില്‍ മാത്രമല്ല, മറ്റ് നിരവധി കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഇതെല്ലാം ഒഴിച്ചുകൂടാനാവാത്ത പരിപാടികളാണ്. അതേ അവസരത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയാണ് മനുഷ്യാദ്ധ്വാന ശക്തി വികസനത്തില്‍ ഏറ്റവും പിന്നണിയിലെന്നതും നാം തിരിച്ചറിയണം. പരിശീലനം സിദ്ധിച്ച മനുഷ്യ മൂലധനത്തിന്റെ അപര്യാപ്തതയാണ്, ചരിത്രപരമായി പരിശോധിച്ചാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള വിദേശ നിക്ഷേപ വര്‍ധനവിന് വിലങ്ങു തടിയായി നിലകൊണ്ടിട്ടുള്ളതെന്ന് വ്യക്തമാകും. മോഡി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയ ‘മേക്ക് ഇന്‍ ഇന്ത്യ’ ലക്ഷ്യം കാണാതിരുന്നതിനും ഇതുതന്നെയാണ് കാരണമായത്.

വിദേശകുത്തകകളുടെ സഹായത്തിനായി വിലപേശല്‍ നടത്തുകയും കരാറുകളില്‍ എത്തിച്ചേരുകയും ഇന്ത്യയിലെ സര്‍ക്കാരോ, സര്‍ക്കാര്‍ ഉടമയിലുള്ള‑പൊതുമേഖല- സ്ഥാപനങ്ങളോ ആയിരിക്കണം. 21-ാം നൂറ്റാണ്ടിന്റെ ആവിര്‍ഭാവത്തോടെ, 1990 കളില്‍ തുടക്കം കുറിച്ച ആഗോളീകരണ പ്രക്രിയ, ബഹുരാഷ്ട്രകുത്തകകള്‍ തമ്മിലുള്ള ലയനങ്ങള്‍ക്കും ഏറ്റെടുക്കലുകള്‍ക്കും ആക്കം വര്‍ധിപ്പിച്ചിരിക്കുകയാണ്. തുല്യതയുടെ അടിസ്ഥാനത്തില്‍ മാത്രമേ വിദേശകുത്തകകളുമായി ചര്‍ച്ചകള്‍ക്ക് നാം സന്നദ്ധമാകാന്‍ പാടുള്ളൂ. ഇതിന് അവശ്യം വേണ്ടത് ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണമാണ്. ഇന്ത്യയില്‍ ശക്തമായ വേരോട്ടമുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും കൂട്ടായ വിലപേശലിനാവശ്യമായ ധനപരവും സംഘടനാപരവുമായ ശാക്തീകരണം യാഥാര്‍ഥ്യമാക്കേണ്ടതുണ്ട്. ചൈനീസ് വ്യവസായ നയത്തിന്റെ ലക്ഷ്യങ്ങളില്‍ മുഖ്യമായ ഒന്ന് ലെനോവോ കമ്പ്യൂട്ടേഴ്‌സ്, ഐയര്‍ ഹോം അപ്ലൈയന്‍സസ് തുടങ്ങിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ മെഗാ-സ്ഥാപനങ്ങളെന്ന നിലയില്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ.് ഇന്ത്യയില്‍ കാനല്‍ മേഖലകളിലെല്ലാം തന്നെ ഒന്നുകില്‍ പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്, അല്ലെങ്കില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുണ്ട്. ഇവയുടെ വിശിഷ്യാ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരത്തിനാണ് വ്യവസായ നയത്തില്‍ ഊന്നല്‍ നല്‍കേണ്ടത്.

നെഹ്‌റുവിയന്‍ വികസന പാതയുടെ ഒരു പുനരാവിഷ്‌ക്കരണമാണ് വ്യാവസായിക മേഖലയില്‍ കാലഘട്ടം ആവശ്യപ്പെടുന്നത്. നിലവിലുള്ള രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇത് എത്രമാത്രം വിജയിക്കുമെന്ന് മുന്‍കൂട്ടി കാണാനുമാവില്ല. ഇന്ത്യയില്‍ തൊണ്ണൂറുകള്‍ക്കു ശേഷം മാറി മാറി അധികാരത്തില്‍ വന്ന കേന്ദ്രഭരണകൂടങ്ങള്‍ വാര്‍ത്താവിനിമയ മേഖലയിലും ടെലി-കമ്മ്യൂണിക്കേഷന്‍ മേഖലയിലും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിനെ അനുദിനം തഴയുകയും തകര്‍ച്ചയിലേക്കു നയിക്കുകയും ചെയ്യുന്നതിലാണ് കൂടുതല്‍ താല്‍പര്യം പ്രകടമാക്കി വരുന്നത്. ഭാരത് സഞ്ചാര്‍ നിഗം എന്ന ഈ സ്ഥാപനം കെട്ടി ഉയര്‍ത്തിയ ശാസ്ത്രീയ‑സാങ്കേതിക വാസ്തു ശില്‍പ‑ആഭ്യന്തര ഘടനാ സൗകര്യങ്ങള്‍ വിനിയോഗിച്ച് ഈ പിതൃസ്ഥാപനത്തെ തന്നെ ഇല്ലായ്മ ചെയ്യാനാണ്, സര്‍ക്കാരിന്റെ ഒത്താശയോടെ നിരവധി ദേശീയ‑ആഗോള കുത്തക സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നോര്‍ക്കുക. രാജ്യരക്ഷാ വ്യവസായ മേഖലയില്‍ തലയെടുപ്പുള്ള ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തെ തഴഞ്ഞതിനു ശേഷം എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സില്‍ യാതൊരു വിധ മുന്‍പരിചയവുമില്ലാത്ത അനില്‍ അംബാനിയുടെ പുതിയൊരു കമ്പനിക്കല്ലേ ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്ന റഫാല്‍ യുദ്ധ വിമാനങ്ങളുടെ മേല്‍നോട്ട ചുമതല കെട്ടിഏല്‍പ്പിക്കാന്‍ പോകുന്നത്. ചുരുക്കത്തില്‍ ദീര്‍ഘവീക്ഷണത്തോടെയും, സുതാര്യതയോടെയും രാജ്യതാല്‍പര്യ സംരക്ഷണത്തോടെയും തയ്യാറാക്കുന്നൊരു വ്യവസായ നയത്തിന്റെ സംരക്ഷണയില്‍ സമ്പദ് വ്യവസ്ഥയുടെ വ്യാവസായിക മേഖലാ വികസനം മാത്രമല്ലാ, ഇതിലേറെ സുപ്രധാനമായ രാജ്യരക്ഷാ വ്യവസായ മേഖലയുടെയും വികസനവും സംരക്ഷിക്കപ്പെടണം. രാജ്യ സുരക്ഷയും ദേശീയതയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു മാത്രമായി വിനിയോഗിക്കുന്നത് ഒരിക്കലും സാധൂകരിക്കാനാവില്ല.

അതീവശ്രദ്ധയോടെ രൂപപ്പെടുത്തുന്നൊരു വ്യവസായ നയം ബന്ധപ്പെട്ട വ്യവസായ സ്ഥാപനത്തിന്റെ ഉല്‍പാദനലക്ഷ്യം ഉല്‍പാദനശേഷിക്ക് അനുയോജ്യമായ ലെവലിലാണ് നിജപ്പെടുത്തേണ്ടത്. എങ്കില്‍ മാത്രമേ കാര്യക്ഷമത ഉറപ്പാക്കാന്‍ സാധ്യമാകൂ. ഉയര്‍ന്ന ഉല്‍പാദന ശേഷി ലക്ഷ്യമിടുകയും, നിര്‍ദ്ദിഷ്ട സ്ഥാപനത്തിന് അതിന്റെ 30–50- ശതമാനം വരെ മാത്രമേ വിനിയോഗിക്കാന്‍ കഴിയുന്നുള്ളൂ എന്ന സ്ഥിതി വന്നാല്‍, ഉല്‍പാദന ശേഷി ഒന്നുകില്‍ വെട്ടിക്കുറയ്‌ക്കേണ്ടിവരുകയോ, നിലവിലുള്ള ഉല്‍പാദന ശേഷി പാഴായി പോവുകയോ, ആയിരിക്കും ചെയ്യുക. ഇന്ത്യയുടെ അനുഭവം പരിശോധിച്ചാല്‍, വ്യവസായ മേഖലയില്‍ ഉല്‍പാദന ശേഷിയുടെ അഭാവമല്ലാ യഥാര്‍ത്ഥ പ്രശ്‌നം, വേണ്ടതിലേറെ ഉല്‍പാദനശേഷി സൃഷ്ടിക്കപ്പെടുന്നു എന്നതാണ്. മാത്രമല്ല, തന്മൂലം ഇടത്തരം ഉല്‍പാദന ഘടകങ്ങളുടെ പ്രസക്തിയും നിലനില്‍പ്പും അപകടത്തിലാക്കപ്പെടുകയും ചെയ്യുന്നു. ഇതോടൊപ്പം ഗ്രാമീണ ചെറുകിട വ്യവസായ സംരംഭങ്ങള്‍ (എസ്എസ്‌ഐ)ക്കായി ഏതാനും മേഖലകള്‍ സംവരണം ചെയ്യപ്പെടേണ്ടതായും വരുന്നു. തുടക്കത്തില്‍ (1980 കളില്‍) 836 ഉല്‍പന്നങ്ങള്‍ എസ്എസ്‌ഐ മേഖലയ്ക്കു മാത്രം നീക്കിവയ്ക്കപ്പെട്ടിരുന്നെങ്കില്‍ 2005 ആയതോടെ ഇത് 500 ഉല്‍പന്നങ്ങളായി ചുരുങ്ങുകയായിരുന്നു. ഉദാരവല്‍കൃത‑വിപണി അധിഷ്ഠിത സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വന്ന് 15 വര്‍ഷം പിന്നിട്ടപ്പോള്‍ നിലനിന്നിരുന്ന സ്ഥിതിയായിരുന്നു ഇതെന്നോര്‍ക്കുക. തുടര്‍ന്നിങ്ങോട്ടുള്ള കാലയളവില്‍ എസ്എസ്‌ഐ മേഖലക്കായി സംവരണം ചെയ്യപ്പെട്ട ഉല്‍പന്നങ്ങള്‍ കുത്തനെ കുറഞ്ഞ് വെറും 16 ല്‍ ഒതുങ്ങി പോവുകയായിരുന്നു. അതേ അവസരത്തില്‍ അപ്പോഴൊക്കെ സമ്പദ്‌വ്യവസ്ഥയില്‍ ചെറുകിട അനൗപചാരിക മേഖലയ്ക്ക് ഏറെക്കുറെ ആഴത്തിലുള്ള വേരോട്ടവും വ്യാപകമായ സ്വീകാര്യതയും നേടാന്‍ കഴിഞ്ഞിരുന്നു എന്നും നാം തിരിച്ചറിയണം. വന്‍കിട‑ഇടത്തരം മേഖലകളേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, പ്രത്യേക വൈദഗ്ധ്യമോ വിദ്യാഭ്യാസ യോഗ്യതയോ ഇല്ലാത്തവര്‍ക്കും അതിജീവനത്തിന് ഈ മേഖല അവസരങ്ങള്‍ ഒരുക്കിവരികയും ചെയ്യുന്നു എന്നതാണ് വസ്തുത.
ഡിമോണറ്റൈസേഷന്‍ നിലവില്‍ വന്നതോടെ നിലനില്‍പ്പുതന്നെ ഏറ്റവും ഗുരുതരാവസ്ഥയിലായത് ഗ്രാമീണ, അനൗപചാരിക മേഖലക്കും ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കുമായിരുന്നല്ലോ; ഈ സംരംഭങ്ങള്‍ക്കായി പ്രത്യേക ബാങ്ക് വായ്പാ പദ്ധതിയും ‘ന്യായ്’ എന്ന പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റൊയില്‍ ഉള്‍പ്പെടുത്തിയിരുന്ന പദ്ധതിയും അന്തിമ വിശകലനത്തില്‍ ലക്ഷ്യമിടുന്ന ചെറുകിട ഗ്രാമീണ വ്യവസായങ്ങളുടെയും കാര്‍ഷിക മേഖലയുടെയും വികസനമാണ്. ചുരുക്കത്തില്‍ ഇന്ത്യയുടെ സ്ഥായിയായ സാമ്പത്തിക വികസനത്തിന് അനിവാര്യമായത് വന്‍കിട വ്യവസായങ്ങളുടെ വികസനം മാത്രമല്ല, ചെറുകിട, അനൗപചാരിക മേഖലയിലെ സംരംഭങ്ങളുടെ കൂടി വികസനമാണ്. പുതിയ വ്യവസായ നയത്തിന് രൂപം നല്‍കുമ്പോള്‍ ഇത്തരം വസ്തുതകള്‍ ഒരിക്കലും വിസ്മരിക്കാനിടവരരുത്. വികസനത്തോടൊപ്പം അതിജീവനവും ഭരണകര്‍ത്താക്കളുടെ സജീവ പരിഗണന അര്‍ഹിക്കുന്നു.

സമ്പദ് വ്യവസ്ഥ ഘടനാപരമായ പൊളിച്ചെഴുത്തിന് വിധേയമാക്കുന്ന അവസരത്തില്‍, വ്യവസായ നയത്തിലും മാറ്റങ്ങള്‍ വരുത്താതെ സാദ്ധ്യമല്ലാതെ വരുമെന്നത് ഉറപ്പാണ്. ഘടനാ പരമായ മാറ്റത്തിന്റെ ഭാഗമായി വിപണി വ്യവസ്ഥയിലും മാറ്റങ്ങള്‍ അനിവാര്യമാകുമല്ലോ. ഇതെ തുടര്‍ന്ന് സാമൂഹ്യ നന്മക്കനുകൂലമായ നയ വ്യതിയാനങ്ങള്‍ ഒഴിവാക്കാനും കഴിയില്ല. അങ്ങനെ വന്നാല്‍, വന്‍കിട വ്യവസായ കുത്തകകള്‍ക്ക് അതിന്റെ പ്രതികൂല ആഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. ഇത്തരമൊരു സാഹചര്യം ഏതുവിധേനയും ഒഴിവാക്കാനും, സ്വന്തം ആസ്തികള്‍ സംരക്ഷിക്കാനും, കോര്‍പ്പറേറ്റ് ലോകം മുന്നോട്ടു വരുമെന്നത് ‘ഉറപ്പാണ’ല്ലോ. പൂര്‍വ്വേഷ്യന്‍ രാജ്യഭരണകൂടങ്ങള്‍ ഇത്തരം നീക്കങ്ങള്‍ തടഞ്ഞു നിര്‍ത്തുന്നതില്‍ വിജയം കണ്ടിട്ടുണ്ട്. ഇന്ത്യന്‍ ഭരണകൂടവും, പുതിയവ്യവസായ നയത്തിന് രൂപം നല്‍കുമ്പോള്‍, ഈ വസ്തുത മനസില്‍ വയ്ക്കുന്നത് നന്നായിരിക്കും. മാത്രമല്ല, ഉല്‍പാദന മേഖലയ്ക്ക് അര്‍ഹമായ ഊന്നല്‍ നല്‍കുന്ന അവസരത്തില്‍, പുതിയ തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കുകയും വേണം. 2012 മുതല്‍ 2016 വരെയുള്ള അനുഭവം കണക്കിലെടുക്കുമ്പോള്‍ കാണാനാവുക ഈ കാലയളവില്‍ തൊഴിലവസരങ്ങളില്‍ 12.8 ല്‍ നിന്ന് 11.5 ശതമാനത്തിലേക്കുള്ള വീഴ്ചയാണ്, ഉല്‍പാദന മേഖലയിലാകെ ഉണ്ടായിട്ടുള്ളതെന്നാണ്.

ഇന്ത്യയെപ്പോലുള്ള കാര്‍ഷിക പ്രധാനമായ രാജ്യങ്ങളില്‍ അവശ്യം ആവശ്യമായത് വ്യാവസായിക വികസനത്തോടൊപ്പം , കാര്‍ഷിക‑ഗ്രാമീണ മേഖലകളുടേയും, ചെറുകിട‑ഇടത്തരം സംരംഭങ്ങളുടേയും ഊന്നല്‍ നല്‍കിയുള്ളൊരു വികസന തന്ത്രമാണ്. ഈ വിധത്തിലൊരു തന്ത്രമാണ് സ്റ്റേറ്റ് ആഭിമുഖ്യത്തിലുള്ള ആസൂത്രണം നിലവിലിരുന്ന കാലഘട്ടത്തില്‍ ഇവിടെ സ്വീകരിച്ചു നടപ്പാക്കിവന്നിട്ടുള്ളത്. വിശിഷ്യാ,’ ബാലന്‍സ്ഡ് ഡെവലപ്പ്‌മെന്റ്’-സമതുലിന വികസനം- എന്ന വികസന തന്ത്രം. പ്രത്യേകിച്ച് മൂന്നാം പഞ്ചവത്സരപദ്ധതി കാലഘട്ടത്തില്‍. തുടര്‍ന്നിങ്ങോട്ട് സ്വകാര്യ മേഖലയുടെ മുന്‍കയ്യോടെയുള്ള വികസനമാണ് ഇന്ത്യയില്‍ നിലവിലിരിക്കുന്നത്. 1990 കളോടെ സ്റ്റേറ്റിന് വികസന മേഖലകളില്‍ ഉണ്ടായിരുന്ന നാമമാത്രമായ പങ്കുപോലും നഷ്ടപ്പെടുകയും, നവഉദാരീകരണ വിപണി വല്‍ക്കരണ വികസന പാതയിലേക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ക്രമേണ മുന്നേറുകയും ചെയ്തത്. ഈ പാത അപ്പാടെ പിന്നോട്ടടിക്കുക അസാധ്യമാണെങ്കില്‍ തന്നേയും അനിയന്ത്രിതമായ കോര്‍പ്പറേറ്റ് വല്‍ക്കരണ വികസന മാര്‍ഗം ഇനിയും പിന്‍തുടരുന്നത് വിപല്‍ക്കരമായിരിക്കും. ഈ തത്വം വ്യവസായ നയത്തിന്റെ കാര്യത്തിലും ബാധകമാണ്.