December 2, 2022 Friday

ഇതിനു ചികിത്സ ഇടുക്കിയിലേയുള്ളൂ

ദേവിക
വാതിൽപ്പഴുതിലൂടെ
April 6, 2020 5:30 am

പണ്ട് ഞങ്ങളുടെ നാട്ടില്‍ നിന്ന് ഒരാളെ ഊളമ്പാറയില്‍ ചികിത്സിക്കാന്‍ കൊണ്ടുപോയി. കുറേക്കാലത്തെ ചികിത്സ കഴിഞ്ഞ് മേല്പടിയാനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. രോഗം പൂര്‍ണമായി ഭേദമായെന്നാണ് വീട്ടുകാര്‍ കരുതിയത്. വീട്ടിലെത്തുന്നതു വരെ കക്ഷി മൗനിയായിരുന്നു. രോഗം മാറിയതിന്റെ വാചാലമായ മൗനമാണിതെന്നു ഭാര്യയുടെ ആശ്വാസം. വീട്ടിലെത്തിയപാടെ അയാള്‍ ഭാര്യയോട് പറഞ്ഞു; ‘എടീ ആ ഉലക്കയിങ്ങ് എടുത്തോണ്ടുവാ, ഞാനൊന്നു കോണകമുടുക്കട്ടെ.’ പ്രിയതമയടക്കം കുടുംബാംഗങ്ങളെല്ലാം അന്ധാളിച്ചു നില്ക്കവെ അയാളുടെ പുത്രന്‍ പറഞ്ഞു; ‘അമ്മേ ഇതിനു ചികിത്സ ഇനി ഇടുക്കിയിലേയുള്ളു. അവിടെനിന്ന് ഡയറക്ടായി ഷോക്കടിച്ചാല്‍ തീരാവുന്ന കേസേയുള്ളു.’ വീട്ടുകാര്‍ മുഖത്തോടു മുഖം നോക്കി നില്ക്കുമ്പോള്‍ കക്ഷി പിന്നെയും പറഞ്ഞു; മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെപ്പോലെ. ‘എന്നെയൊന്ന് സൂക്ഷിച്ചു നോക്കിയേ, എന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? എന്നിട്ട് ഭാര്യയെ നോക്കി ‘അല്ലാ, ഇതാരാ വാര്യംപള്ളിയിലെ മീനാക്ഷി അല്ലിയോ.’ ഇന്നലെ രാത്രി ഒന്‍പതു മണികഴിഞ്ഞ് ഒന്‍പതു മിനിറ്റുള്ളപ്പോള്‍ ജനങ്ങളാകെ ടോര്‍ച്ചു തെളിച്ചും തീപ്പെട്ടിയുരച്ചും സിഗരറ്റ് ലെെറ്റര്‍ കത്തിച്ചും ഭൂലോകത്തിനു വെളിച്ചം പകരണമെന്നും കൊറോണയെ മൊബെെലുകളുടെ നുറുങ്ങുവെട്ടത്തില്‍ കരിച്ചുകളയണമെന്നും പ്രധാനമന്ത്രി മോഡി നടത്തിയ ആഹ്വാനം കേട്ടപ്പോഴാണ് കണിയാപുരത്തെ ഭ്രാന്തനെയും കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെയും ഓര്‍ത്തുപോയത്. കഴിഞ്ഞതവണ മോഡിയുടെ ആഹ്വാനം പാത്രങ്ങള്‍ കൊട്ടിയും മീന്‍കറിച്ചട്ടികള്‍ കൂട്ടിമുട്ടി തകര്‍ത്തും കൊറോണ വെെറസിനെ അകറ്റി നിര്‍ത്തണമെന്നായിരുന്നു. ഈ ഭ്രാന്തന്‍ തമാശ കേട്ട് ലോകമാകെ തലയറഞ്ഞു ചിരിച്ചു. ഈ ആഹ്വാനത്തിനെതിരെ ലോകമാസകലം പരിഹാസത്തിന്റെ കടലിരമ്പമുണ്ടായി. അപ്പോള്‍ ദേ, വരുന്നു വിളക്കുകൊളുത്തിക്കളി. ഇതോടെ ജനം ഉറപ്പിക്കുന്നു, ഇതിനു ചികിത്സ നാഷണല്‍ പവര്‍ഗ്രിഡില്‍ നിന്നുള്ള കറണ്ടടിയിലൂടെയേ തീരൂ എന്ന്.

ഇന്നലെ രാത്രി ഒന്‍പതു മണിയും ഒന്‍പതു മിനിറ്റുമാകുമ്പോള്‍ വിളക്കു കൊളുത്തിക്കളി വേണമെന്ന ആഹ്വാനത്തില്‍ ഈ സമയഗണനയ്ക്ക് എന്തേയിത്ര പ്രാധാന്യമെന്നു ജനം ചോദിക്കുന്നു. അത് നവരസങ്ങള്‍, നവധാന്യങ്ങള്‍, നവദ്വാരങ്ങള്‍ എന്ന പോലെയേ ഉള്ളൂവെന്ന് മോഡി. പിന്നെ കേരളത്തിലെ ചില മുത്തശ്ശിമാര്‍ ഒന്‍പതിനു കല്പിക്കുന്ന കൃത്യതയ്ക്ക് മറ്റൊരുദാഹരണം കൂടിയുണ്ട്. ‘പെണ്ണ് കല്യാണം കഴിഞ്ഞ് ഒന്‍പതു മാസവും ഒന്‍പതു ദിവസവും ഒന്‍പതു നാഴികയും ഒന്‍പതു വിനാഴികയുമായ ഉടന്‍ പ്രസവിച്ചതു കണ്ടോ’ എന്ന മുത്തശ്ശി വര്‍ത്തമാനത്തിന്റെ പൊരുളാണ് മോഡിയുടെ ഒന്‍പതുകള്‍ക്ക്. വെെദ്യുതി വിളക്കുകള്‍ ഹിന്ദു ധര്‍മ്മത്തിനു വിരുദ്ധമായതിനാല്‍ മൊബെെല്‍ കത്തിച്ചും ടോര്‍ച്ചടിച്ചും പ്രകാശം പരത്തി ഭാരതം ഐക്യം പ്രഖ്യാപിക്കണമെന്നാണ് മോഡിയുടെ ഉപദേശം. ഇതു കേട്ടാല്‍ത്തോന്നും ഈ കൊറോണക്കാലത്ത് ഇന്ത്യയാകെ അനെെക്യത്തിലാണെന്ന്. ശാസ്ത്രീയമായ കാരണങ്ങളാലാണ് ഇന്ത്യന്‍ ജനതയാകെ അടച്ചുപൂട്ടിക്കഴിയുന്നത്. അതല്ലാതെ മോഡി ജനത്തെ കുരങ്ങുകളിക്കാന്‍ ആഹ്വാനിച്ചതുകൊണ്ടല്ല. വലിയ ഹിന്ദു പാണ്ഡിത്യ ഗുണാണ്ടര്‍ ആണ് മോഡിയെന്നാണ് പാവം ജനം കരുതിയിരുന്നത്. പക്ഷേ അതു വെറും ചാണക‑ഗോമൂത്ര ശാസ്ത്രത്തിലൊതുങ്ങുന്നുവെന്ന് ഇപ്പോള്‍ മാലോകര്‍ക്കു ബോധ്യമായി. വേദങ്ങളിലും ഉപനിഷത്തുകളിലും പ്രകാശത്തെക്കുറിച്ചു പറയുന്നതിന്റെ ഹരിശ്രീപോലും ഇതിയാന് അറിയില്ലെന്നും ഉറപ്പായി. സാമവേദബന്ധിതമായ 165,421 വാക്കുകളുള്ള ഛന്ദോഗ്യോപനിഷത്തില്‍ പ്രകാശത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതേക്കുറിച്ച് വ്യാഖ്യാനിച്ച ആദിശങ്കരന്റെ തത്വമസി (അതു നീ തന്നെയാണ്) വേദാന്തത്തിലും പ്രകാശം പരത്തുന്ന മനുഷ്യന്‍ തന്നെയാണ് ദെെവം. അതുകൊണ്ട് വെളിച്ചം വിളക്കന്വേഷിക്കേണ്ടതില്ല. ഛന്ദോഗ്യോപനിഷത്ത് സൂക്തങ്ങളിലും പറയുന്നത് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും ഒരു പ്രകാശമുണ്ടെന്നാണ്. ‘പരമാണു പൊരുളിലും സ്ഫുരണമായ് മിന്നും പരമപ്രകാശമേ ശരണം നീ നിത്യം’ എന്നതില്‍ പോലും പ്രകാശത്തിന്റെ രാഗപരാഗങ്ങളാണുള്ളത്. മനുഷ്യന്റെ ഹൃദയത്തില്‍ കുടികൊള്ളുന്ന പരമപ്രകാശമാണ് അവനെ നയിക്കുന്നത്. നമ്മുടെയുള്ളിലെ ആ പ്രകാശകണികയുടെ വലിപ്പം ഒരു കടുകുമണിയോളമേ വരൂ എന്നും ഛന്ദോഗ്യോപനിഷത് പറയുന്നു. പക്ഷേ ആ പ്രകാശരേണു ഭൂമിയെക്കാളും ആകാശത്തെക്കാളും സ്വര്‍ഗത്തെക്കാളും വലിപ്പമുള്ളതാണെന്നും ഉപനിഷത് വാക്യം. എന്നിട്ടാണ് ജനം ടോര്‍ച്ചടിച്ചും മണ്‍ചിരാതു കൊളുത്തിയും തീപ്പെട്ടിയുരച്ചും കളിച്ചാല്‍ മാത്രമേ പ്രകാശമാവൂ എന്ന് മോഡി പറയുന്നത്. ഈ വേദോപനിഷത്തുകളെക്കുറിച്ച് ആരെങ്കിലും മോഡിക്കു പറഞ്ഞു കൊടുക്കേണ്ടതല്ലേ എന്ന് പറയാനും വയ്യ. എരുമയുടെ ആസനത്തില്‍ ഭൂപാളരാഗത്തില്‍ കിന്നരം വായിച്ചാല്‍ എരുമയ്ക്കുണ്ടോ സംഗീതം തിരിച്ചറിയൂ. ഈ കൊറോണാ മഹാമാരിക്കാലത്ത് ചില ചാത്തന്മാര്‍ കൂടും പൊളിച്ചിറങ്ങിയിരിക്കുന്നുവെന്ന മഹാദുരന്തം വേറെ. ഇതിലൊരു കുട്ടിച്ചാത്തന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ഹൃദ്രോഗ ചികിത്സാ വിദഗ്ധനെന്നറിയപ്പെടുന്നയാളുമായ ഡോ. കെ കെ അഗര്‍വാളാണ്.

മോഡി ആഹ്വാനം ചെയ്തതുപോലെ ജനം ഐക്യദീപങ്ങള്‍ തെളിയിച്ചാല്‍ വെെറസ് ഭീതി ഒഴിവാകുമെന്ന് അദ്ദേഹം പറയുന്നു. 32,000 ശ്ലോകങ്ങളുള്ളതും വാല്മീകി മഹര്‍ഷി രചിച്ചതുമായ യോഗാവസിഷ്ടോപനിഷത്തില്‍ ഇതെല്ലാമുണ്ടത്രേ. തന്റെ മണ്ടന്‍ പഞ്ചാംഗം മോഡി സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സെെറ്റില്‍ക്കൂടി ഈ വിരുതന്‍ പോസ്റ്റ് ചെയ്തുകളഞ്ഞു. ഈ വ്യാജ ഡോക്ടര്‍ക്കെതിരെ നാടൊന്നാകെ ഇളകിയതോടെ അഗര്‍വാള്‍ വെെദ്യന്‍ തന്റെ പോസ്റ്റ് പിന്‍വലിച്ചു തടിയൂരുകയായിരുന്നു. ഒത്താല്‍ ഒത്തു എന്നു കരുതിയിട്ട പോസ്റ്റ് ഒത്തില്ലെന്നു വന്നപ്പോഴുള്ള ‘വിജയകരമായ പിന്മാറ്റം.’ എങ്കിലും ഒരു സംശയം ബാക്കി നില്ക്കുന്നു. ഹൃദ്രോഗ ചികിത്സാ വിദഗ്ധനെന്ന് സ്വയം പ്രഖ്യാപിച്ച ഈ വെെദ്യകശ്മലന്‍ എത്ര രോഗികളെ ചികിത്സിച്ച് ഇതിനകം കാലപുരിക്ക് അയച്ചിട്ടുണ്ടാവും. ഈ അരുംകൊലകളും യോഗാവസിഷ്ടത്തില്‍ നിര്‍ദേശിച്ചിട്ടുണ്ടോ. കൊറോണക്കാലത്ത് പിണറായി മന്ത്രിസഭയിലെ ഓരോ അംഗവും തോളോടു തോളുരുമ്മി (അകലം പാലിച്ചാണേ) നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ദുരന്ത നിവാരണ ചരിത്രത്തിലെ ഇതിഹാസമാവുന്നു. ഇതില്‍ ആരോഗ്യ വകുപ്പും ഭക്ഷ്യവകുപ്പും നടത്തുന്ന സേവനങ്ങള്‍ ചരിത്രത്തിന്റെ അധ്യായദലങ്ങളില്‍ സുവര്‍ണാക്ഷരംകൊണ്ട് എഴുതിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം അസാധാരണ സന്ദര്‍ഭങ്ങളില്‍ ജനത്തിന്റെ അമ്പുകൊള്ളേണ്ട വകുപ്പുകളാണ് ഇവ രണ്ടും. പക്ഷേ ഈ വകുപ്പുകളെ ജനം റോസാദളങ്ങള്‍ വര്‍ഷിച്ച് അഭിനന്ദിക്കുന്നു.

55 ലക്ഷം കാര്‍ഡുടമകള്‍ക്ക് നാലു ദിവസത്തിനുള്ളില്‍ സൗജന്യ റേഷന്‍ നല്കിയത് രാജ്യത്തെ പൊതുവിതരണ സമ്പ്രദായത്തില്‍ ഒരു സര്‍വകാല റെക്കോഡായിരിക്കുന്നു. ശേഷിക്കുന്നവര്‍ക്ക് ഈ മാസം അവസാനം വരെ സൗജന്യ റേഷന്‍ ലഭിക്കും. കാര്‍ഡുടമകള്‍ക്കുള്ള നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകളും നിറച്ചുകഴിഞ്ഞു. അടുത്ത മൂന്നു മാസക്കാലത്തെ റേഷന്‍ കരുതല്‍ ശേഖരവും ഭദ്രം. ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ തന്നെ റേഷന്‍കടകളിലും ഭക്ഷ്യധാന്യ ഗോഡൗണുകളിലും നേരിട്ടുചെന്ന് പൊതുവിതരണത്തിലെ കാര്യക്ഷമത ഉറപ്പുവരുത്തുന്നു. ഭക്ഷ്യമന്ത്രിയായിരുന്ന് ചരിത്രം സൃഷ്ടിച്ച സിപിഐ നേതാവ് ഇ ചന്ദ്രശേഖരന്‍ നായരുടെ ഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന ജനസേവന മേഖലയാക്കി ഭക്ഷ്യവകുപ്പിനെ മാറ്റിയ മന്ത്രി പി തിലോത്തമന് ദേവികയുടെ ചുകപ്പന്‍ അഭിവാദ്യങ്ങള്‍. കൊറോണക്കാലം കേരളത്തില്‍ കലയുടെ പൂക്കാലം കൂടിയായിരിക്കുന്നു. സാഹിത്യ പ്രതിഭകളുടെ പൂവിരിയും കാലം. ഓട്ടന്‍തുള്ളലും കഥകളിലും തിരുവാതിരയും ഒപ്പനയുമെല്ലാം കൊറോണ ബോധവല്ക്കരണപ്പാട്ടുകളിലൂടെ സമൂഹമാധ്യമങ്ങള്‍ വഴി കാലത്തെ കയ്യടക്കിയിരിക്കുന്നു. തെയ്യവും തിറയുംപോലും കൊറോണ ഭീഷണിയെ ഓര്‍മ്മപ്പെടുത്തുന്നവ. ലോക്ഡൗണില്‍ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായ കുടുംബങ്ങള്‍ മഞ്ചാടിക്കുരുക്കള്‍ ശേഖരിച്ച് അന്യം നിന്നുപോയ പല്ലാംകുഴി കളിക്കുന്നു. പണ്ടൊക്കെ ശിവരാത്രിക്ക് ഉറക്കമിളയ്ക്കാന്‍ വേണ്ടി കണ്ടുപിടിച്ച പല്ലാംകുഴിയും പുനര്‍ജ്ജനികാലമായി കൊറോണക്കാലം. ഇതിനെല്ലാമിടയിലും കൊറോണയെക്കാള്‍ അലോസരപ്പെടുത്തുന്ന ചില വേഷംകെട്ടുകാരും രംഗത്തിറങ്ങിയിരിക്കുന്നു. 108 സ്ത്രീ പുരുഷ കാഞ്ഞിരക്കുറ്റികളില്‍ കൊറോണയെ ആവാഹിച്ചു തളച്ചുവെന്ന് ചിറ്റൂര്‍ വ്യാസമഠത്തിലെ ഒരു പൂച്ച സന്യാസി പറയുന്നു. കൊറോണയെപ്പേടിച്ച് ആലിംഗന‑ചുംബന പ്രസാദം ഉപേക്ഷിച്ച മാതാ അമൃതാനന്ദമയി പറയുന്നു കൊറോണ വരുമെന്ന് മൂന്ന് വര്‍ഷം മുമ്പ് തനിക്ക് ദെെവദര്‍ശനമുണ്ടായെന്ന്. കുര്‍ബാനയിലേയ്ക്ക് നിപ്പയെ ആവാഹിക്കാന്‍ തന്നോട് കല്പിച്ച കര്‍ത്താവ് കൊറോണയേയും ആവാഹിച്ച് കര്‍ത്താവിങ്കല്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചുവെന്ന് ഒരു ക്രിസ്ത്യന്‍ പാസ്റ്റര്‍. യേശുക്രിസ്തുവിനെ വീണ്ടും കൊറോണ കുരിശിലേറ്റാനുള്ള പാസ്റ്ററച്ചന്റെ മറ്റൊരു ഉഡായിപ്പ്. സാംക്രമിക രോഗ നിയമമനുസരിച്ച് ഇതിനെയെല്ലാം തട്ടി അകത്താക്കി കൊറോണാ ബാധിതര്‍ക്കൊപ്പം പൊറുപ്പിക്കുകയേ നിര്‍വാഹമുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.