Web Desk

രാജകുമാരി

January 15, 2020, 7:40 pm

രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിച്ചു

Janayugom Online

രാജകുമാരി: വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിച്ചു. നേരത്തെ 3 തവണ ഐ പി വിഭാഗം പുനരാരംഭിച്ചു എങ്കിലും ജീവനക്കാരുടെ കുറവ് മൂലം പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. സമീപ പഞ്ചായത്തുകളിലെ ആരോഗ്യകേന്ദ്രങ്ങളെ അപേക്ഷിച്ച് നിലവിൽ കിടത്തിച്ചികിത്സ ആരംഭിച്ചിരിക്കുന്നത് രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ്. ഈ വർഷം ആശുപത്രിയെ കുടുംബആരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ് .

നിരവധി തവണ കിടത്തി ചികിത്സ ആരംഭിച്ചെങ്കിലും ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവം മൂലം ഐ പിയുടെ പ്രവർത്തനം പാതി വഴിയിൽ മുടങ്ങിയിരുന്നു സംസ്ഥാന ആരോഗ്യ വകുപ്പ് ഈ വർഷം കുടുംബ ആരോഗ്യ
കേന്ദ്രമായി ഉയർത്തുന്നതിന് മുന്നോടിയായിട്ടാണ് വീണ്ടും കിടത്തി ചികിത്സാ പുനരാരംഭിച്ചിരിക്കുന്നത്. ഐ പിയുടെ ഭാഗമായി 4 ഡോക്ടർമാരുടെ സേവനം ഇനി മുതൽ ലഭ്യമാണ്. 6 സ്റ്റാഫ് നഴ്സുമാരുടെയും 2 ഫാർമസിസ്റ്റുമാരുടെയും
തസ്തികകളിൽ ജീവനക്കാരെ നിയമിച്ചു. സ്ത്രീകളുടെയും പുരുഷൻമാരുടെയും രണ്ടു വാർഡുകളിലായി അൻപത് കിടക്കകൾ ആണ് ഉള്ളത്.കിടത്തി ചികിത്സയുടെ ഭാഗമായി ഐ പി ബ്ലോക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനു നിർവ്വഹിച്ചു.
Eng­lish sum­ma­ry: The treat­ment was resumed in the Rajaku­mari pri­ma­ry health center