Web Desk

ന്യൂഡൽഹി

June 22, 2020, 8:31 am

ബാബറി മസ്ജിദ് തകർത്ത കേസ്; വിചാരണ നാളെ തുടങ്ങും

Janayugom Online

ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ നാളെ ആരംഭിക്കും. ബിജെപി നേതാക്കളായ എൽ കെ അഡ്വാനി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്, മുരളീ മനോഹർ ജോഷി എന്നിവർ പ്രതികളായ കേസിന്റെ വിചാരണയാണ് നാളെ ലഖ്നൗ പ്രത്യേക സിബിഐ കോടതിയിൽ ആരംഭിക്കുന്നത്. ഇവർ മൂന്നുപേരും വീഡിയോ കോൺഫറൻസിങ് സംവിധാനം വഴി കോടതിയിൽ ഹാജരാകും.

കേസിലെ മറ്റൊരു പ്രതിയും രാമ ജന്മഭൂമി ട്രസ്റ്റ് ചെയർമാൻ നൃത്യ ഗോപാൽ ദാസും സമാനരീതിയിൽ കോടതിയിൽ ഹാജരാകും. പ്രതികൾക്ക് വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാകാനുള്ള സംവിധാനങ്ങൾ സജ്ജീകരിക്കാൻ പ്രത്യേക സിബിഐ കോടതി നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന് നിർദ്ദേശം നൽകിയിരുന്നു.

സിആർപിസി 313 വകുപ്പ് പ്രകാരം പ്രതികളുടെ മൊഴി രേഖപ്പെടുത്തും. നാലു പേർക്കും കുറഞ്ഞത് 1000 ചോദ്യങ്ങൾക്ക് വീതം മറുപടി നൽകണം. അഡ്വാനി ഈ മാസം 30 നും മുരളീ മനോഹർ ജോഷി ജൂലായ് ഒന്നിനും കല്യാൺ സിങ് ജൂലായ് രണ്ടിനും കോടതിയിൽ വീഡിയോ കോൺഫറൻസിങ് വഴി ഹാജരായി മൊഴി നൽകും.

you may also like this video;