പി പി ചെറിയാൻ

വാഷിംഗ്ടൺ ഡിസി

January 11, 2020, 12:39 pm

ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തിയും ശാസിച്ചും യു എസ് ഹൗസ് പ്രമേയം പാസ്സാക്കി

Janayugom Online

അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഡൊണാൾഡ് ട്രംപിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തിയും, ഇറാനെതിരെ ട്രംപ് സ്വീകരിച്ച നിലപാടിനെ ശാസിച്ചും യു എസ് ഹൗസ് ജനുവരി 9 വ്യാഴാഴ്ച പ്രമേയം പാസ്സാക്കി. ഭീകരാക്രമണങ്ങളിൽ നിന്നും അമേരിക്കൻ ജനതയെ സംരക്ഷിക്കുക എന്ന ചുമതല മാത്രമാണ് ട്രംപ് ചെയ്തതെന്ന് റിപ്പബ്ലിക്കൻ പാർട്ടി വ്യക്തമാക്കി.

ഇരു പാർട്ടികളിലും ചേരിമാറ്റം നടന്നുവെങ്കിലും പ്രമേയം 194 നെതിരെ 224 വോട്ടുകളോടെയാണ് യു എസ് ഹൗസ് പാസ്സാക്കിയത്. യുദ്ധത്തിന് ഉത്തരവ് നൽകുന്നതിനുള്ള പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തണമെന്ന് ഹൗസ് സ്പീക്കർ നാൻസി പെളോസി പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് പറഞ്ഞു. ഡമോക്രാറ്റിക് പാർട്ടിയുടെ നടപടി രാജ്യത്തിന് അപമാനകരമാണെന്ന് മൈനോറട്ടി ലീഡർ കെവിൻ മക്കാർത്തി പറഞ്ഞു. നിലവിലുള്ള എട്ട് ഡമോക്രാറ്റിക് അംഗങ്ങൾ പ്രമേയത്തെ എതിർത്തപ്പോൾ മൂന്ന് റിപ്പബ്ലിക്കൻ അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ഇറാനിൽ മിലിട്ടറി ലീഡർ ഖാസിം സുലൈമീനിയെ ഇറാക് ബാഗ്ദാദ് എയർപോർട്ടിന് സമീപം ഡ്രോണ് ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യു എസ് ഹൗസ് ട്രംപിനെ ശാസിച്ചു. പ്രസിഡന്റ് യുദ്ധത്തെ കുറിച്ച് എന്തു തീരുമാനമെടുക്കുന്നതിനുമുമ്പ് കോൺഗ്രസ്സുമായി ചർച്ച ചെയ്യണമെന്നും പ്രമേയത്തിൽ ചൂണ്ടികാണിച്ചിരുന്നു. ഇറാനെതിരെ മിലിറ്ററി ഫോഴ്സ് ഉപയോഗിക്കുന്നതിന് കോൺഗ്രസ് ട്രംപിനെ അധികാരപ്പെടുത്തിയിട്ടില്ലെന്നും പ്രമേയത്തിൽ പറയുന്നു. ട്രംപിനെതിരെ രാഷ്ട്രീയ നീക്കമായിട്ടാണ് ഇതിനെ റിപ്പബ്ലിക്കൻ പാർട്ടി വിശേഷിപ്പിച്ചത്.