19 April 2024, Friday

ഗർഭച്ഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് സുപ്രീം കോടതി

Janayugom Webdesk
June 24, 2022 11:22 pm

ഗർഭച്ഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് സുപ്രീം കോടതിയുടെ വിധി.
ഭരണഘടന ഗർഭച്ഛിദ്രത്തെക്കുറിച്ച് പരാമർശിക്കുന്നില്ലെന്നും അത്തരം അവകാശങ്ങളൊന്നും ഭരണഘടനാപരമായ വ്യവസ്ഥകളാൽ പരോക്ഷമായി സംരക്ഷിക്കപ്പെടുന്നില്ലെന്നും ജസ്റ്റിസ് സാമുവൽ അലിറ്റോ എഴുതിയ ഭൂരിപക്ഷ അഭിപ്രായ വിധിയില്‍ പറയുന്നു. അഞ്ച് യഥാസ്ഥിതിക ജസ്റ്റിസുമാര്‍ അനുകൂലിച്ച വിധി മൂന്ന് ലിബറൽ ജസ്റ്റിസുമാർ എതിര്‍ത്തു. ഇതോടെ ഗര്‍ഭച്ഛിദ്രത്തിന് ഭരണഘടനാപരമായ അ­വകാശം ഉറപ്പുനൽകുന്ന 1973ലെ റോയ് വേഴ്സസ് വേഡ് കേസിലെ വിധിയും 1992ലെ പ്ലാൻഡ് പാരന്റ്‌ഹുഡ് വേഴ്സസ് കേസി വിധിയും അസാധുവാകും.
15 ആഴ്ചയായി ഗര്‍ഭച്ഛിദ്ര കാലയളവ് ചുരുക്കുന്ന മിസിസിപ്പി നിയമവുമായി ബന്ധപ്പെട്ട ഡോബ്‌സ് വേഴ്സസ് ജാക്‌സൺ വിമൻസ് ഹെൽത്ത് ഓർഗനൈസേഷൻ കേസിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
ഭൂരിപക്ഷ അഭിപ്രായം ഗർഭച്ഛിദ്രം നിരോധിക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുമെന്നും നിർബന്ധിത പ്രസവം ഒരു സ്ത്രീയുടെ സമത്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളെ ബാധിക്കുമെന്ന യുക്തി ഭരണകൂടങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയില്ലെന്നും സ്റ്റീഫൻ ബ്രെയർ, സോണിയ സോട്ടോമേയർ, എലീന കഗൻ എന്നീ ലിബറൽ ജസ്റ്റിസുമാർ വിയോജിപ്പ് വിധിയില്‍ പറഞ്ഞു.
ഗർഭച്ഛിദ്ര നിയമങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് വ്യക്തിഗത അധികാരങ്ങള്‍ നല്‍കുന്നതാണ് നിലവിലെ വിധി. പകുതിയോളം സംസ്ഥാനങ്ങളും ഗർഭച്ഛിദ്രം നിരോധിക്കുകയോ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റോയ് വേഴ്സസ് വേഡ് കേസിലെ വിധിയേയും പ്ലാൻഡ് പാരന്റ്‌ഹുഡ് വേഴ്സസ് കേസി വിധിയേയും നിരാകരിക്കുന്ന, ജസ്റ്റിസ് സാമുവല്‍ അലിറ്റോ എഴുതിയ ഭൂരിപക്ഷ അഭിപ്രായത്തിന്റെ കരട് രൂപം പൊളിറ്റിക്കോ പുറത്തുവിട്ടിരുന്നു. ഇതാണ് കോടതി ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് സുപ്രീം കോടതിക്കു മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയത്. സ്വന്തം ശരീരത്തിനുന്മേൽ സ്വകാര്യതയ്ക്കുള്ള ഭരണഘടനാപരമായ അവകാശത്തെ അടിസ്ഥാനമാക്കി ഗർഭച്ഛിദ്രത്തിന് സ്ത്രീകൾക്ക് അവകാശമുണ്ടെന്നായിരുന്നു 1973ല്‍ റോയ് വേഴ്സസ് വേഡ് കേസിലെ സുപ്രീം കോടതിയുടെ വിധി.
ഗർഭച്ഛിദ്രത്തിനെതിരായ യഥാസ്ഥിതിക വലതുപക്ഷത്തിന്റെ 50 വർഷത്തെ പ്രചാരണങ്ങളാണ് സുപ്രീം കോടതി വിധിയിലൂടെ വിജയം കണ്ടത്.
മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിര്‍ദേശം ചെയ്ത നീൽ ഗോർസുച്ച്, കവനോവ്, ആമി കോണി ബാരറ്റ് എന്നിവരുടെ അനുകൂല നിലപാടാണ് വിധിയില്‍ നിര്‍ണായകമായത്.

Eng­lish Sum­ma­ry: The U.S. Supreme Court has ruled that abor­tion is not a con­sti­tu­tion­al right

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.