കെ കെ ജയേഷ്

കോഴിക്കോട്:

February 07, 2021, 10:26 pm

വർഗ്ഗീയത പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ പരസ്പരം മത്സരിച്ച് യുഡിഎഫും ബിജെപിയും

Janayugom Online

ഭരണനേട്ടങ്ങളുയർത്തിപ്പിടിച്ച് മുന്നേറുന്ന എൽഡിഎഫ് സർക്കാറിനെ നേരിടാൻ മറ്റുവഴികളൊന്നുമില്ലെന്ന് വ്യക്തമായതോടെ വർഗ്ഗീയത പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ പരസ്പരം മത്സരിച്ച് യു ഡി എഫും ബിജെപിയും. അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്ന പ്രഖ്യാപനവുമായി യുഡിഎഫ് രംഗത്ത് വന്നതോടെ അതിലും ഒരുപടി കൂടി മുന്നോട്ടുപോകാനാണ് ബിജെപി നീക്കം. ശബരിമലയിൽ യു ഡി എഫ് വർഗീയ കളി തുടങ്ങിയതോടെ പ്രതിസന്ധിയിലായ ബിജെപി കൂടുതൽ വർഗ്ഗീയ നീക്കങ്ങളുമായി കോൺഗ്രസിനെ മറികടക്കാനാണ് ശ്രമം നടത്തുന്നത്.

എൻ ഡി എ അധികാരത്തിലെത്തിയാൽ ലൗ ജിഹാദിനെതിരെ യു പി മോഡൽ നിയമം കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രംഗത്തെത്തിയത്. ക്രൈസ്തവരും ഹിന്ദുക്കളും ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടും എൽ ഡി എഫും യു ഡി എഫും മൗനം പാലിക്കുന്നതെന്താണെന്ന് വ്യക്തമാക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. കോടതികൾ പോലും തള്ളിക്കളഞ്ഞ ലൗ ജിഹാദ് ആരോപണങ്ങൾ വീണ്ടും പൊടി തട്ടിയെടുക്കുകയാണ് ബിജെപി. അടുത്തിടെ കേരളത്തിൽ ഇത്തരം ചില ആരോപണങ്ങൾ ഉയർന്നപ്പോൾ സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന് പൊലീസ് അന്വേഷിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. രണ്ട് വർഷത്തിനിടെ അത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ബിജെപിയുടെ പ്രചരണത്തിൽ വിശ്വസിച്ച് ചില ക്രിസ്ത്യൻ സംഘടനകളും ലൗജിഹാദ് വിഷയം ഉയർത്തിയതോടെ ഇത് ഹിന്ദു-ക്രിസ്തൻ മത വിശ്വാസികളുടെ ആവശ്യമാണെന്ന തരത്തിൽ പ്രചരണം ഉയർത്തിക്കൊണ്ടുവരാനാണ് ബിജെപി നീക്കം നടത്തുന്നത്. ഉത്തർപ്രദേശിൽ നിയമം നടപ്പിലായതോടെ അവിടെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ വർഷങ്ങളായുള്ള വർഗ്ഗീയ ധ്രുവീകരണ അജണ്ടകൾക്ക് ഔദ്യോഗിക പരിവേഷം ലഭിച്ചിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലും നിയമം നടപ്പിലാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്.

ന്യൂനപക്ഷ അവകാശങ്ങളിൽ പോലും കേരളത്തിൽ വേർതിരിവുണ്ടെന്ന് കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുസ്ലീം സമുദായത്തിന് അനർഹമായ അവകാശങ്ങൾ ലഭിക്കുമ്പോൾ ക്രിസ്ത്യാനികൾക്ക് ജനസംഖ്യാനുപാതികമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി ക്രിസ്ത്യൻ സഭകൾ പ്രധാനമന്ത്രിയോട് ധരിപ്പിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്ത് മുസ്ലീങ്ങൾക്കെതിരെ ക്രിസ്ത്യാനികളെ രംഗത്തിറക്കാൻ ബിജെപി ആരംഭിച്ച പ്രചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരാമർശം. ന്യൂനപക്ഷവിഭാഗങ്ങളുടെ സഹായമില്ലാതെ നേട്ടമുണ്ടാക്കാൻ കഴിയില്ലെന്ന് വ്യക്തമായപ്പോഴാണ് ക്രിസ്ത്യൻ വിഭാഗങ്ങളെ മുസ്ലീങ്ങൾക്കെതിരെ തിരിച്ചുവിടാനുള്ള ബിജെപിയുടെ ഗൂഡനീക്കം. മതന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങളുടെ വലിയ പങ്കും മുസ്ലീം വിഭാഗത്തിന് മാത്രമാണ് ലഭിക്കുന്നതെന്ന് പ്രചരിപ്പിച്ചാണ് ക്രൈസ്തവരെ ഒപ്പം നിർത്താനുള്ള ശ്രമം ബിജെപി നടത്തുന്നത്. ഏറെ അപകടകരമായ ഈ നീക്കം തെരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താനാണ് ബിജെപിയുടെ നീക്കം എന്നത് സുരേന്ദ്രന്റെ വാർത്താസമ്മേളനത്തോടെ വ്യക്തമായിരിക്കുകയാണ്.

സംസ്ഥാനത്ത് എൻ ഡി എ അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപ്പിക്കുമെന്നാണ് സുരേന്ദ്രന്റെ മറ്റൊരു പ്രഖ്യാപനം. ദേവസ്വം ബോർഡുകൾ സർക്കാറിന്റെ അധീനതയിൽ കൊണ്ടുവരാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതാണ് ക്ഷേത്രങ്ങൾ തകരാൻ കാരണമെന്നും അദ്ദേഹം പറയുന്നു. ഒരു നയാ പൈസ പോലും സർക്കാറിന് ദേവസ്വത്തിൽ നിന്ന് എടുക്കാൻ കഴിയില്ലെന്ന് വ്യക്തമാണെന്നിരിക്കെ ഈ വിഷയത്തിൽ നേരത്തെയുള്ള കുപ്രചരണം പൊടിതട്ടിയെടുത്ത് ഭക്തരെ കബളിപ്പിക്കാനാണ് ബിജെ പി ശ്രമം. അതാതു ക്ഷേത്രങ്ങളുടെ നടത്തിപ്പുകാർ, കമ്മിറ്റികൾ, ക്ഷേത്രം മേൽശാന്തി എന്നിവരുടെ അപേക്ഷ പ്രകാരം മാത്രമാണ് ദേവസ്വത്തിന് ഒരു അഡ്മിനിസ്ട്രേറ്ററെ പോലും വെക്കാൻ കഴിയുകയുള്ളു. അങ്ങിനെ ചെയ്യുമ്പോൾ ഹൈക്കോടതിയെ കൂടി റിപ്പോർട്ട് ചെയ്യുകയും വേണം. വാസ്തവം ഇതായിരിക്കെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ കൈവശപ്പെടുത്തുകയാണെന്ന ആരോപണങ്ങളുമായി മുന്നോട്ട് പോവുകയാണ് ബിജെപി.

സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കുന്ന വിഷയമായതിനാൽ ശബരിമലയുടെ കാര്യത്തിൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് വ്യക്താണെങ്കിലും സ്വർണവും ലൈഫും ഈന്തപ്പഴവുമൊന്നും ഏൽക്കാതെ പോയതോടെയാണ് ശബരിമല പൊടിതട്ടിയെടുക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. അധികാരത്തിലെത്തിയാൽ ശബരിമല യുവതീ പ്രവേശനുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്തുമെന്നും ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ടുവർഷം തടവ് ലഭിക്കുമെന്നും വ്യക്തമാക്കിയാണ് യു ഡി എഫ് നേരത്തെ രംഗത്തുവന്നത്. സുപ്രീം കോടതിയുടെ വിശാല ബെഞ്ചിനു മുന്നിലുള്ള വിഷയത്തിൽ ഏത് ഭരണഘടനയും ഏത് നിയമവും അനുസരിച്ചാണ് കോൺഗ്രസ് നിയമം ഉണ്ടാക്കാൻ പോകുന്നതെന്ന് ഇടതുപക്ഷ നേതാക്കൾ ചോദിച്ചിരുന്നു.

സുപ്രീം കോടതിയുടെ വിശാല ബെഞ്ച് ചർച്ച ചെയ്ത വിഷയത്തിൽ നിയമം നിർമ്മിക്കാൻ ആവില്ലെന്നിരിക്കെ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ വീണ്ടും ശബരിമല കത്തിച്ചു നോക്കാനാണ് യു ഡി എഫ് നീക്കം. ശബരിമലയിൽ വീണ്ടും കോൺഗ്രസ് കൈവെച്ചതോടെ ശബരിമല വിഷയത്തിൽ രാഹുൽഗാന്ധിയുടെയും നേരത്തെയുള്ള ഉമ്മൻചാണ്ടിയുടെയും നിലപാടു ചൂണ്ടിക്കാട്ടി കോൺഗ്രസിനെ തളക്കാനും ബിജെപി ശ്രമിക്കുന്നു. ശബരിമല പ്രക്ഷോഭകാലത്ത് രാഹുൽഗാന്ധി വിശ്വാസികൾക്കെതിരെ നിലപാടെടുത്തയാളാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്റെ ഒരു നേതാവും ആചാര സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ചിട്ടില്ല. ശബരിമല സമരകാലത്ത് ഏറ്റവും ക്രൂരമായി പെരുമാറിയ നേതാവാണ് ഉമ്മൻചാണ്ടി. ഇപ്പോൾ മുതലകണ്ണീർ ഒഴുക്കുന്ന ഉമ്മൻചാണ്ടി വിശ്വാസികൾ വേട്ടയാടപ്പെട്ടപ്പോൾ കുറ്റകരമായ മൗനം അവലംബിച്ച നേതാവാണ്. അത് ഹിന്ദുക്കളുടെ കാര്യമല്ലേ അവർ എന്തെങ്കിലുമായി കൊള്ളട്ടെ എന്ന നിലപാടായിരുന്ന ഉമ്മൻചാണ്ടി ഇപ്പോൾ വോട്ടിന് വേണ്ടി നിലപാട് മാറ്റുകയാണ്. ഇന്ന് ശബരിമലയ്ക്ക് വേണ്ടി ഘോരഘോരം വാദിക്കുന്നവർ പ്രക്ഷോഭകാലത്ത് മാളത്തിൽ ഒളിച്ചത് വിശ്വാസികൾ കണ്ടതാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

ശബരിമലയിൽ സ്ത്രീകൾ കയറണമെന്ന് നേരത്തെ നിലപാടെടുത്ത കെ സുരേന്ദ്രനും ബിജെപിയും സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ശബരിമലയെ വർഗ്ഗീയമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് മനസ്സിലാക്കിയാണ് ഇവർ പിന്നീട് നിലപാട് മാറ്റുകയും കേരളത്തിൽ കലാപങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തത്. ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം നടത്തുമെന്നുൾപ്പെടെ പ്രഖ്യാപനം നടത്തിയ ബിജെപി നേതാക്കൾ പിന്നീട് തങ്ങളങ്ങിനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയതും മലയാളികൾ കണ്ടു. ശബരിമല ഉൾപ്പടെ എല്ലാ വിഷയത്തിലും വിശ്വാസികളെ വഞ്ചിച്ച ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമലയ്ക്കൊപ്പം വർഗ്ഗീയതയും ആയുധമാക്കി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

ENGLISH SUMMARY: The UDF and the BJP are com­pet­ing with each oth­er in spread­ing com­mu­nal­ism and divid­ing the people

YOU MAY ALSO LIKE THIS VIDEO