ടി കെ അനിൽകുമാർ

ആലപ്പുഴ

February 24, 2020, 9:23 pm

മാണിഗ്രൂപ്പിൽ അടിമുറുകി; കുട്ടനാട്ടിൽ കോണ്‍ഗ്രസ് പിടിമുറുക്കുന്നു

Janayugom Online

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി യു ഡി എഫിൽ തർക്കം മുറുകുന്നു. സീറ്റിനായി ഇരു കേരളാ കോൺഗ്രസ് വിഭാഗങ്ങളും അവകാശവാദം ഉന്നയിച്ചതോടെ കോൺഗ്രസ് നേതൃത്വം ത്രിശങ്കുവിലായി. മുതിർന്ന കോൺഗ്രസ് നേതാക്കൾ ജോസഫ്, ജോസ് വിഭാഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. സ്ഥാനാർത്ഥിയെ സംബന്ധിച്ച് നിർദ്ദേശങ്ങൾ സ്വരൂപിക്കാനായി 26ന് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യോഗം കുട്ടനാട്ടിൽ ചേരും. അതേ സമയം പാലാ ആവർത്തിക്കാതിരിക്കുവാൻ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. തോമസ് ചാഴിക്കാടൻ എം പി ചെയർമാനും മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരി, വി ടി ജോസഫ്, വി സി ഫ്രാൻസിസ്, ജേക്കബ് തോമസ് അരികുപുറം എന്നിവർ അംഗങ്ങളുമായ ഉപസമിതിയാണ് യോഗം ചേരുന്നത്.

കോട്ടയത്ത് ചേർന്ന ഉന്നതാധികാര സമിതിയാണ് സ്ഥാനാർത്ഥി നിർണയത്തിനായി ഉപസമിതിയെ ചുമതലപ്പെടുത്തിയത്. ജില്ലാ കമ്മിറ്റി അംഗം ഷാജോ കണ്ടക്കുടി, ജില്ലാ പഞ്ചായത്ത് അംഗം വിനു ഐസക് രാജു എന്നിവരുടെ പേരിനാണ് മുൻഗണന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോമസ് ചാണ്ടിയോട് പരാജയപ്പെട്ട ജേക്കബ് എബ്രഹാമിനെയാണ് പി ജെ ജോസഫ് വിഭാഗം മുന്നോട്ട് വെയ്ക്കുന്നത്. പാലായിൽ ഉണ്ടായ വിട്ടുവീഴ്ച കുട്ടനാട്ടിൽ ഉണ്ടാകില്ലെന്ന് ഇവർ പറയുന്നു. ഇവരും സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു.

ഇരുകേരളാ കോ­ൺഗ്രസുകളും ത­മ്മി­ൽ തർക്കം രൂക്ഷമാകുന്ന സാഹചര്യത്തി­ൽ സീറ്റ് കോ­ൺഗ്രസ് ഏറ്റെടുക്കുമെന്ന് നിലയിലേക്കാണ് കാര്യങ്ങൾ. കെപിസിസിയിലെ ചില ഉന്നത നേതാക്കളുടെ പിന്തുണയും പിന്നിലുണ്ടെന്നാണ് സൂ­ച­ന. എ­ന്നാൽ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്ത് വരുന്ന സാഹചര്യത്തിൽ അത്തരമൊരു തീരുമാനം വളരെ ആലോചിച്ച് സ്വീകരിച്ചാൽ മതിയെന്ന നിലപാടിലാണ് ഉമ്മൻചാണ്ടി. കോൺഗ്രസിന് സീറ്റ് ലഭിച്ചാൽ എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ്, കെ പി സി സി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാം, ഡിസിസി പ്രസിഡന്റ് എം ലിജു, യൂത്ത് കോൺഗ്രസ് നേതാവ് സജി തോമസ് ഇവരിൽ ആരെങ്കിലുമായിരിക്കും സ്ഥാനാർത്ഥി.

you may also like this video;