സവർണ രാഷ്ട്രീയത്തിന്റെ വികൃതമുഖം

Web Desk
Posted on October 07, 2020, 2:00 am

ദേശീയ തലത്തിൽ നിന്ന് മാറി ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ആഗോളതല ശ്രദ്ധ നേടിയിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള ആഗോള സംഘടനകളുടെ വിമർശനത്തിനിരയായ സംഭവമാണ് ഹത്രാസിൽ നടന്നിരിക്കുന്നത്. സവർണ രാഷ്ട്രീയത്തെ വാരിപ്പുണരുന്ന സംഘപരിവാറിന്റെ ദളിത് വിഭാഗത്തിന് നേരെയുള്ള ശത്രുതാപരമായ നിലപാടാണ് കേവലം സ്ത്രീപീഡനം എന്നതിനപ്പുറം ഹത്രാസിനെ വ്യത്യസ്തമാക്കുന്നത്. ദളിത് യുവതിയെ മൃഗീയമായി ബലാത്സംഗം ചെയ്ത് വധിച്ച സംഭവത്തിൽ ആദ്യം കേസെടുക്കുന്നതിൽ വിമുഖത കാട്ടിയ ആദിത്യനാഥിന്റെ പൊലീസ് പിന്നീട് കേസെടുത്തുവെങ്കിലും പ്രതികളെ രക്ഷപ്പെടുത്തുന്നതിനും ഇരയെയും ബന്ധുക്കളെയും കുറ്റപ്പെടുത്തുന്നതിനുമാണ് തയ്യാറായത്. ബന്ധുക്കളെ അവസാനമായി ഒരുനോക്കു കാണുന്നതിന് പോലും അനുവദിക്കാതെ മൃതദേഹം അർധരാത്രി കത്തിച്ചുകളഞ്ഞതിന് പോലും ന്യായീകരണം ചമയ്ക്കുകയാണ് പൊലീസ് ചെയ്തത്. ബാബറി മസ്ജിദ് തകർത്ത കേസിലെ വിധി വരുന്നതിനാൽ സുരക്ഷാ സജ്ജീകരണങ്ങളുടെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നാണ് വാദം. അതുമാത്രമായിരുന്നില്ല പൊലീസ് ചെയ്തത്. ഇത്രയധികം പ്രതിഷേധവും ലോകമാകെയുള്ളവരുടെ ഉൽക്കണ്ഠകളും ഉയർന്നിട്ടും കുടുംബത്തെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. ബലാത്സംഗം നടന്നില്ലെന്ന് സ്ഥാപിക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുമുണ്ടായി. പിന്നീട് പെൺകുട്ടിയുടെ വീട്ടുപരിസരത്തേയ്ക്ക് പോലും ആരെയും കടക്കാൻ അനുവദിക്കാതെ തടയുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് അതിൽ മാറ്റം വരുത്തിയെങ്കിലും അഞ്ചുപേർക്കുമാത്രമേ അനുമതി നൽകൂ എന്ന പിടിവാശി പൊലീസ് ഇപ്പോഴും തുടരുകയാണ്. അതേ സമയം പ്രതികളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പെൺകുട്ടിയുടെ നാട്ടിൽ സവർണ വിഭാഗത്തിലുള്ളവർക്ക് യോഗം ചേരുന്നതിനും പ്രതിഷേധിക്കുന്നതിനും ഒരു തടസവുമുണ്ടായില്ല. യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സവർണ ജാതിക്കാരുടെ പ്രതിഷേധം. കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ള ഒരാളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു. യുവതിയുടെ വീട്ടുകാരെ സന്ദർശിക്കാൻ പുറപ്പെട്ട ഭീം ആദ്മി നേതാവ് ചന്ദ്രശേഖർ ആസാദിനെതിരെ കേസെടുക്കാനും പൊലീസിന് മടിയുണ്ടായില്ല.

ബിജെപിയും സംഘപരിവാർ ശക്തികളും സവർണജീർണതകളെ രാഷ്ട്രീയ അധികാരമുപയോഗിച്ച് സംരക്ഷിക്കുന്നതിന്റെ ഉദാഹരണമായി നില്‍ക്കുകയാണ് ഹത്രാസ്. ബിജെപി രാഷ്ട്രീയത്തിന്റെ സവർണാടിത്തറയും സവർണ പക്ഷപാതിത്വവും ബോധ്യപ്പെടുത്തുകയാണ് ഈ സംഭവവും. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ നിന്നുതന്നെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറ് ദളിത് സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായെന്ന വാർത്തകളും പുറത്തുവന്നിട്ടുള്ളത്. ഇതിൽ അഞ്ച് സംഭവങ്ങളിലും പ്രതികൾ സവർണ വിഭാഗത്തിലുള്ളവരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഒരു കേസിൽ ഇതുവരെ പ്രതികളെ തിരിച്ചറിയുകപോലും ചെയ്തിട്ടില്ല. കഴിഞ്ഞയാഴ്ച പുറത്തുവന്ന ദേശീയ കുറ്റകൃത്യ ബ്യൂറോയുടെ റിപ്പോർട്ടിലും ദളിത് വിഭാഗവും ഈ വിഭാഗത്തിലെ സ്ത്രീകളും നേരിടുന്ന അതിക്രമങ്ങളുടെ കണക്കുകളുണ്ട്. രാജ്യത്താകെ ദളിത് വിഭാഗങ്ങൾക്കെതിരെയുണ്ടായ 45,935 അതിക്രമങ്ങളിൽ 11,829 സംഭവങ്ങൾ ഉത്തർപ്രദേശിലായിരുന്നു. രാജസ്ഥാനിൽ 6,794 (14.8 ശതമാനം) സംഭവങ്ങളുണ്ടായി. അതിക്രമങ്ങളിൽ ബിഹാറിനും മധ്യപ്രദേശിനും യഥാക്രമം 14.2,11.5 ശതമാനത്തിന്റെ പങ്കുണ്ട്. രാജ്യത്താകെ ദളിത് സ്ത്രീകൾക്കെതിരെ നടന്ന ബലാത്സംഗ, പീഡന സംഭവങ്ങളിൽ മുന്നിൽ നില്ക്കുന്നത് മധ്യപ്രദേശാണ്. 2019ൽ 214 ബലാത്സംഗക്കേസുകളും 114 പീഡനക്കേസുകളുമാണ് ഇവിടെയുണ്ടായത്. ഇവിടെയും യുപി രണ്ടാം സ്ഥാനത്തുണ്ട്. മഹാരാഷ്ട്ര, ബിഹാർ എന്നീ സംസ്ഥാനങ്ങളാണ് പിറകിലുള്ളതും. യുപിയിൽ 14 ബലാത്സംഗക്കേസുകൾ പരിശോധിച്ചു തയ്യാറാക്കിയ സർവേയിൽ പറയുന്നത് 11 ലും ഇരയുടെ ആദ്യപരാതി അനുസരിച്ച് കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ്. വൻപ്രതിഷേധവും സന്നദ്ധ സംഘടനകളുടെ ഇടപെടലുകളും ഉണ്ടായതിന് ശേഷമായിരുന്നു കേസെടുക്കാൻ തയ്യാറായത്.

സവർണവിഭാഗങ്ങൾക്ക് രാഷ്ട്രീയമായും ഭരണപരമായും ലഭിക്കുന്ന പിന്തുണയും സുരക്ഷയുമാണ് ഈ സംസ്ഥാനങ്ങളിൽ അതിക്രമങ്ങൾ വർധിക്കുവാൻ കാരണമെന്ന് വ്യക്തമാണ്. സ്ത്രീപീഡനത്തിനെതിരായ നിയമങ്ങളെ അവ അനുശാസിക്കുന്ന വിധം ഉപയോഗപ്പെടുത്താൻ പൊലീസും ഭരണാധികാരികളും തയ്യാറാകുന്നില്ല. സവർണവിഭാഗങ്ങളിൽപ്പെട്ടവർ പ്രതിസ്ഥാനത്തുണ്ടാകുമ്പോൾ അവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും പഴുതുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. രാജ്യമാകെ പ്രതിഷേധമുയർന്ന സംഭവങ്ങളിൽ പോലും ഈ സമീപനം സ്വീകരിക്കുന്നതായി കാണാവുന്നതാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹത്രാസിലേത്. മനുസ്മൃതി പ്രകാരം ദളിതനും സ്ത്രീയും അടിമകളാണ്. അതിനെ രാഷ്ട്രീയ അടിത്തറയാക്കിയവരെ സംബന്ധിച്ച് സവർണരാണ് രാജാക്കന്മാർ. ദളിതരും സ്ത്രീകളും പണിയെടുക്കാനും പ്രസവിക്കാനുമുള്ള ഉപകരണങ്ങൾ മാത്രവും. അതുകൊണ്ടുതന്നെ സവർണ രാഷ്ട്രീയത്തിന്റെ ജീർണ്ണതകളാണ് ഇത്തരം അതിക്രമങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നത്. ദളിത് രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തിലൂടെയല്ലാതെ ഈ ജീർണത ഇല്ലാതാക്കുവാൻ സാധിക്കുകയില്ല.