ആകാശ് മിസൈല്‍ കയറ്റുമതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
കരയില്‍ നിന്നും ആകാശത്തേക്കു വിക്ഷേപിക്കാന്‍ കഴിയുന്ന 25 കി.മീ ദൂരപരിധിയുള്ള ആകാശ് മിസൈലിന്റെ 96 ശതമാനവും ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ചതാണ്. ആകാശ് മിസൈല്‍ പ്രവര്‍ത്തന സജ്ജമായതിന് ശേഷം വിവിധ അന്താരാഷ്ട്ര പ്രദര്‍ശനങ്ങളില്‍ നിരവധി സൗഹൃദ രാജ്യങ്ങള്‍ മിസൈല്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങള്‍ സമര്‍പ്പിക്കുന്ന ക്വട്ടേഷനുകളില്‍ പങ്കെടുക്കാന്‍ ഇനി ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയും. കയറ്റുമതിക്കുള്ള അംഗീകാരം വേഗത്തില്‍ നല്‍കുന്നതിന് രാജ്യരക്ഷാ മന്ത്രി, വിദേശകാര്യമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ അംഗങ്ങളായ സമിതിയും രൂപീകരിച്ചു. തദ്ദേശീയമായി നിര്‍മ്മിച്ച പ്രതിരോധ ഉല്പന്നങ്ങളുടെ കയറ്റുമതിക്കുള്ള തുടര്‍ നടപടികള്‍ക്ക് ഈ സമിതിയാകും അംഗീകാരം നല്‍കുക.
ബഹിരാകാശം സമാധാനപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് സഹകരിക്കുന്നതിന് ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്കി. ഭൂമിയുടെ റിമോട്ട് സെന്‍സിംഗ്, ഉപഗ്രഹ ആശയ വിനിമയം, ഉപഗ്രഹാധിഷ്ഠിത നാവിഗേഷന്‍, ബഹിരാകാശ ശാസ്ത്രം, ഗ്രഹപര്യവേക്ഷണം, ബഹിരാകാശ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയില്‍ പരസ്പര സഹകരണത്തിനാണ് ധാരണാപത്രം ഒപ്പുവച്ചത്.
2021 ല്‍ എസ്റ്റോണിയ, പരാഗ്വേ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ മിഷനുകള്‍ ആരംഭിക്കുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകള്‍ വിപുലീകരിക്കാനും രാഷ്ട്രീയ ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാമ്പത്തിക ഇടപെടലുകള്‍ എന്നിവ സുഗമമാക്കാനും പുതിയ തീരുമാനം സഹായിക്കും.
പൊതുസ്വകാര്യ പങ്കാളിത്ത സമ്പ്രദായത്തില്‍ ബിഒടി അടിസ്ഥാനത്തില്‍ ഒഡീഷയിലെ പാരദീപ് തുറമുഖത്ത് വലിയ ചരക്കുകപ്പലുകള്‍ക്കു സൗകര്യം ഒരുക്കുന്നതിനും ഉള്തുറമുഖത്തിന്റെ ആഴം വര്‍ധിപ്പിക്കലിനും നവീകരണത്തിനും മന്ത്രിസഭ അംഗീകാരം നല്കി. നെല്ല്, ഗോതമ്പ്, ബാര്‍ലി, ചോളം തുടങ്ങിയ ധാന്യങ്ങളില്‍ നിന്ന് ഒന്നാം തലമുറ എഥനോള്‍ ഉല്പാദിപ്പിക്കുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കാനുള്ള വിവിധ പദ്ധതികള്‍ക്കും മന്ത്രിസഭ അംഗകാരം നല്കി.
English Summary: The Union Cabinet has approved the export of Akash missiles
You may like this video also