Web Desk

July 28, 2021, 4:21 pm

എല്‍ഡിഎഫ് എംപിമാരുടെ ശക്തമായ ഇടപെടല്‍; വാക്‌സിൻ ഉടൻ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Janayugom Online

മറ്റ് എല്ലാ മേഖലയും പോലെ കോവിഡ് വാക്സിന്‍ നല്‍കുന്ന കാര്യത്തിലും കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. ഇവിടുത്തെ വാക്സിന്‍ ക്ഷാമത്തിന് ഇപ്പോള്‍ പ്രധാനകാരണവും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന ചിറ്റമ്മനയം തന്നെയാണ്. ബിജെപി ഭരിക്കുന്ന യുപിയും മധ്യപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ  ലക്ഷക്കണക്കിന്‌ ഡോസ്‌ കോവിഡ്‌ വാക്‌സിൻ കെട്ടിക്കിടക്കുമ്പോഴാണ്‌ കേരളത്തിന്‌ കേന്ദ്രം വാക്‌സിൻ മുട്ടിക്കുന്നതെന്ന്‌ കണക്കുകൾ. എന്നാല്‍  ഈ  പ്രശ്നത്തിന്  പരിഹാരം  കാണണമെന്ന  കേരളത്തില്‍ നിന്നുള്ള  എംപിമാരുടെ  ശക്തമായ ഇടപെടലില്‍   കേന്ദ്ര  സര്‍ക്കാര്‍ സന്നദ്ധമാകുന്നു. സിപിഐ  ദേശീയ  സെക്രട്ടറിയേറ്റ് അംഗം  കൂടിയായ  ബിനോയ്  വിശ്വം എംപിയുടെ  നേതൃത്വത്തിലാണ് എംപിമാരാണ്  കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട്  നിലവിലുള്ള  പ്രശ്നം  ഉന്നയിച്ചത്. 

സംസ്ഥാനത്ത്‌ 36.95 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.01 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയെന്ന്‌ മന്ത്രി വീണാ ജോർജ്ജ്‌ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കി. രാജ്യത്തെ 130 കോടി ജനങ്ങളില്‍ 33,82,81,418 പേര്‍ക്ക് ഒന്നാം ഡോസും 9,18,07,558 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ 43,00,88,976 ഡോസ് വാക്‌സിനാണ് ജൂലൈ 25 തീയതി രാത്രി 8.00 വരെ നല്‍കിയത്. അതായത് ജനസംഖ്യാടിസ്ഥാനത്തില്‍ 26.02 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 7.06 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.കേരളത്തിലെ 2021‑ലെ എസ്റ്റിമേറ്റ് ജനസംഖ്യ 3.51 കോടിയാണ്. ജൂലൈ 25 വരെ 1,29,69,475 പേര്‍ക്ക് ഒന്നാം ഡോസും 56,21,752 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. അതായത് 36.95 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.01 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ് . 

ഇക്കാര്യം വ്യക്തമാക്കുന്നത് കേരളം ഭരിക്കുന്ന പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയാണ് വെളിവാക്കുന്നത്.2021 ജനുവരി 16 മുതലാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി ജീവനക്കാര്‍, ഫീല്‍ഡ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്. കോവിഡിന്‍റെ ആദ്യഘട്ടത്തില്‍ ജനങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിച്ച സര്‍ക്കാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. അന്താരാഷ്ട്രതലത്തില്‍ വരെ കേരളത്തിന്‍റെ മാതൃക ഏറെ പ്രശംസ പററിയിട്ടുണ്ട്. ഒരുമാസത്തേക്കെങ്കിലുമുള്ള വാക്സിൻ ഒരുമിച്ച്‌ നൽകണമെന്ന്‌ സംസ്ഥാനം ആവശ്യപ്പെട്ടിട്ട്‌ മാസങ്ങളായെങ്കിലും ലഭിച്ചിട്ടില്ല. കോവിൻ പോർട്ടലിൽ കേരളത്തിലെ വിതരണകേന്ദ്രങ്ങളിൽ സ്ലോട്ട്‌ ലഭ്യമാകുന്നതിന്‌ സമയമെടുക്കും. 

കൂടുതൽ പേർക്ക്‌ സ്മാർട്ട്‌ഫോണും ഇന്റർനെറ്റ്‌ സൗകര്യവും ഉള്ളതിനാൽ പോർട്ടലിൽ തിരക്ക്‌ കൂടുതലാണ്‌. പ്രതിദിനം നാലര ലക്ഷംവരെ ഡോസ്‌ നൽകി കേരളം റെക്കോഡിട്ടു. ഇതൊന്നും കേന്ദ്രം  കണക്കിലെടുക്കുന്നില്ല. ഇതര സംസ്ഥാനങ്ങൾ വാക്‌സിനേഷനോട്‌ മുഖംതിരിച്ചതും അവിടെ വാക്‌സിൻ കെട്ടിക്കിടക്കാൻ കാരണമായി. വാക്സിൻ രജിസ്‌ട്രേഷനുള്ള കേന്ദ്ര സർക്കാരിന്റെ കോവിൻ പോർട്ടലിൽ യുപി, മധ്യപ്രദേശ്‌, ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വാക്സിൻ സ്ലോട്ടുകൾ സുലഭം.നൂറുമുതൽ മുന്നൂറുവരെ സ്ലോട്ടുകളാണ്‌ ഓരോ വിതരണകേന്ദ്രത്തിലും ഒഴിവുള്ളത്‌. വാക്‌സിൻ കേന്ദ്രങ്ങളിൽ ആളുകൾ എത്തുന്നില്ല. കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ ആഗസ്ത്‌ ഒന്നുവരെയുള്ള സ്ലോട്ടുകൾ ലഭ്യമാണെങ്കിലും രജിസ്‌ട്രേഷന്‌ ആളില്ല.  ഈ ഡോസുകൾ സ്‌റ്റോക്കായി അതത്‌ സംസ്ഥാനത്ത്‌ ബാക്കിയുണ്ടാകുമ്പോഴും കേന്ദ്രസർക്കാർ ഇവിടേയ്‌ക്ക്‌ വാക്‌സിൻ വിതരണം മുടക്കുന്നില്ല. 

വാക്‌സിൻ പാഴാക്കുന്നതിലും ഈ സംസ്ഥാനങ്ങളാണ്‌ മുന്നിൽ. കേരളത്തിലാകട്ടെ ഒരു തുള്ളിപോലും പാഴാക്കാതെയാണ്‌ വാക്‌സിനേഷൻ. പ്രതിസന്ധി  നേരിടാന്‍ കൂടുതൽ കോവിഡ്‌ വാക്‌സിൻ അനുവദിക്കണമെന്ന കേരളത്തിന്റെ നിരന്തര സമ്മര്‍ദ്ദത്തിന് കേന്ദ്രം വഴങ്ങുന്നു. വാക്‌സിൻ ഉടൻ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. സംസ്ഥാനത്തിന്റെ ആവശ്യമുന്നയിച്ച്  ഇടത് എംപിമാർ സന്ദര്‍ശിച്ചപ്പോഴാണ് മന്ത്രി ഉറപ്പ് നല്‍കിയത്.  മികച്ചനിലയില്‍ വാക്സിന്‍യജ്ഞം നടത്തുന്ന കേരളത്തിന്റെ പ്രവർത്തനത്തെ മന്ത്രി പ്രശംസിച്ചു. ഊഴമനുസരിച്ച് സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കുമ്പോൾ കേരളത്തിന്‌ പ്രാമുഖ്യവും പ്രത്യേക പരിഗണനയും നൽകാമെന്നും അറിയിച്ചു. എല്ലാവർക്കും വാക്‌സിൻ നൽകുക എന്നതാണ് സംസ്ഥാന നയമെന്ന്‌ മന്ത്രിക്ക് നല്‍കിയ നിവേദനത്തിൽ എംപിമാർ ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിൽനിന്ന് ആവശ്യത്തിന് വാക്‌സിൻ ലഭിക്കുന്നില്ലെന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇതുവരെ ലഭിച്ച വാക്‌സിനിൽനിന്ന്‌ ഒരു തുള്ളിപോലും സംസ്ഥാനം പാഴാക്കിയിട്ടില്ല. ലഭിച്ച ഡോസുകളിൽ കേരളത്തിന്റെ ഉപയോഗനിരക്ക് 105.8 ശതമാനമാണ്. എന്നാൽ, ഒരു ദിവസത്തെ കുത്തിവയ്‌പിനുപോലും വാക്സിന്‍ സ്‌റ്റോക്കില്ല. ജൂലൈ എട്ടിന്‌ എത്തിയ കേന്ദ്രസംഘത്തോട് 90 ലക്ഷം ഡോസുകൂടി അടിയന്തരമായി ലഭ്യമാക്കാൻ അഭ്യർഥിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ നേരിൽ കണ്ടും കേരളത്തിന്‌ അധിക ഡോസ് വാക്‌സിൻ നൽകണമെന്ന് അഭ്യർഥിച്ചതും ‑നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ബിനോയ്‌ വിശ്വം„എളമരം കരീം, ഡോ. വി ശിവദാസൻ, കെ സോമപ്രസാദ്, എ എം ആരിഫ്, എം വി ശ്രേയാംസ്‌കുമാർ, ജോൺ ബ്രിട്ടാസ്  എന്നിവരാണ് മന്ത്രിയെ കണ്ടത്‌.

ENGLISH SUMMARY:The Union Health Min­is­ter said that the vac­cine will be released soon
You may also like this video