സ്വന്തം ലേഖകൻ

December 29, 2019, 10:15 pm

പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം; ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി ഇറങ്ങണം: മുഖ്യമന്ത്രി

Janayugom Online

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് രാഷ്ട്രീയ, മത, സാമൂഹ്യ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഭാവി പരിപാടികളും യോജിച്ച പ്രക്ഷോഭം സംബന്ധിച്ചും തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും യോഗം ചുമതലപ്പെടുത്തി.
നിയമഭേദഗതിക്കെതിരെ സർക്കാർ കോടതിയെ സമീപിക്കണമെന്നും, നിയമസഭ വിളിച്ചു ചേർത്ത് ചർച്ച നടത്തണമെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി. കോടതിയെ സമീപിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും നടപടികൾ സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ് , എൻ കെ പ്രേമചന്ദ്രൻ , സി കെ നാണു എംഎൽഎ, കെ എൻ ബാലഗോപാൽ, ആലിക്കുട്ടി മുസലിയാർ, സി കെ വിദ്യാസാഗർ, ഫാദർ മാത്യു മനക്കണ്ടം, മോൻസ് ജോസഫ്, ഫൈസി ഹാജി, ഡോ. സി ജോസഫ്, അഡ്വ. സജയൻ, ജി ദേവരാജൻ, സി പി ജോൺ, സലാഹുദ്ദീൻ മദനി, പി രാമഭദ്രൻ, രാധാകൃഷ്ണൻ, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, ഫാദർ സോണി, ഡോ. ഫസൽ ഗഫൂർ, കാസിം ഇരിക്കൂർ തുടങ്ങിയവർ സംസാരിച്ചു.

മന്ത്രി എ കെ ബാലൻ സ്വാഗതം പറഞ്ഞു.
ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി വലിയ തോതിൽ ഇറങ്ങേണ്ട ഘട്ടമാണിതെന്നും ഏതെല്ലാം മേഖലകളിൽ യോജിച്ച് പ്രക്ഷോഭം നടത്താനാവുമെന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. ഒന്നായി നിന്ന് പ്രക്ഷോഭം നടത്തുമ്പോൾ നാം കാണുന്നതിനും അപ്പുറമുള്ള ബലം ലഭിക്കും. അതിനെ രാജ്യം തന്നെ മാതൃകയായി സ്വീകരിക്കും. മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കാനുള്ള നടപടി ഏത് രൂപത്തിൽ, ഏത് അധികാര സ്ഥാനത്തു നിന്നുണ്ടായാലും കേരളത്തിൽ വിലപ്പോവില്ല. ഈ ഘട്ടത്തിൽ ഒരുമയുടെ സന്ദേശം ഇന്ത്യയ്ക്കാകെ നൽകണം. ഭരണഘടനയ്ക്ക് മേലേയല്ല ഒരു നിയമവും ചട്ടവുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നിരവധി പ്രക്ഷോഭങ്ങൾ വിവിധയിടങ്ങളിൽ നടക്കുന്നുണ്ടെന്നും ഇവയിൽ ആവശ്യമില്ലാത്തവർക്ക് ഇടം നൽകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയ, തീവ്രവാദ സംഘടനകൾ നടത്തുന്ന പ്രക്ഷോഭങ്ങൾ പരിധിയിൽ നിൽക്കണമെന്നില്ല. അത്തരം ശക്തികളുടെ ഇടപെടൽ സാമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കുന്നതല്ല. ഇവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. ന്യായമായ പ്രക്ഷോഭങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാവില്ല. ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാനം നിർത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് തടങ്കൽപാളയങ്ങളില്ലെന്നും ഇവ സ്ഥാപിക്കാൻ നടപടിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ത്യയെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും മത, ജാതി, രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒന്നിച്ചു നിൽക്കേണ്ട സമയമാണെന്ന് യോഗത്തിൽ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വം അപകടത്തിലായിരിക്കുന്ന സ്ഥിതിയിൽ വിവിധ കോണുകളിൽ പ്രക്ഷോഭം നടക്കുകയാണ്. ഇതിനെ ഗൗരവപൂർവം സമീപിക്കണം. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഇതിനെ കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദേശീയ ജനസംഖ്യാ രജിസ്ട്രിക്കായി തയ്യാറാക്കിയ ചോദ്യാവലി ഭീതിപ്പെടുത്തുന്നതാണ്.

മരിച്ചു പോയവരുടെ ജനനത്തീയതി വരെ ചോദിച്ച് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാനായി സർക്കാർ വിപുലമായ പ്രചാരണ പരിപാടികൾ നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ബിജെപി പ്രതിനിധികളായി എം എസ് കുമാറും, ജെ ആർ പദ്മകുമാറും യോഗത്തിനെത്തിയെങ്കിലും
യോഗം ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രം കൊണ്ടുവന്ന നിയമത്തിനെതിരെ സംസ്ഥാന സർക്കാരിന് യോഗം ചേരാൻ അധികാരമില്ലെന്നും പറഞ്ഞ് ഇറങ്ങിപ്പോയി.