Web Desk

ന്യൂയോർക്ക്

March 01, 2020, 1:51 pm

വെട്ടുക്കിളികൾ രാജ്യത്തെ കാർഷികമേഖലയ്ക്ക് വൻഭീഷണിയെന്ന് ഐക്യരാഷ്ട്രസഭ

Janayugom Online

ഏഷ്യാ ഭൂഖണ്ഡത്തിലെമ്പാടുമുള്ള വെട്ടുക്കിളികൾ ഇന്ത്യയിലെ കാർഷികമേഖലയ്ക്ക് വൻവെല്ലുവിളി ഉയർത്തുന്നതായി ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. സർക്കാർ ജാഗ്രത പുലർത്തണമെന്നും അവർ നിർദ്ദേശിച്ചു. ഇവയുടെ സാന്നിധ്യവും സഞ്ചാരവും അറിയാൻ ഡ്രോണുകൾ വിന്യസിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പാകിസ്ഥാൻ വഴിയാണ് ഇവ കടന്ന് വരുന്നത്. അത് കൊണ്ട് തന്നെ ഇതിനെ നിയന്ത്രിക്കാൻ അവരുമായി ചർച്ച നടത്തണമെന്നും നിർദ്ദേശമുണ്ട്. കാർഷികോല്പാദനത്തിൽ ഗണ്യമായ കുറവാണ് ഇവ മൂലം ഉണ്ടായിട്ടുള്ളത്. ഇവയുടെ ആക്രമണം തടയാനായി നിരവധി മാർഗങ്ങൾ ആവിഷ്ക്കരിച്ചതായി ദേശീയ സസ്യസംരക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. എന്നാല്‍ വൻതോതിലുള്ള ഇവയുടെ കടന്നാക്രമണം തടയാൻ അവ മതിയാകുന്നില്ലെന്നാണ് സൂചന. അതിനുള്ള വലിയ ഉപകരണങ്ങളും ഇന്ത്യയ്ക്ക് ഇല്ല.

രാജസ്ഥാനിലും ഗുജറാത്തിലുമായി വെട്ടുക്കിളികളുടെ ആക്രമണം മൂലം 300,000ഹെക്ടറിലെ കൃഷിയാണ് ജനുവരിയിൽ മാത്രം നശിച്ചത്. അടുത്ത വേനൽക്കാലത്തെ ഖാരിഫ് വിളകളുടെ സംരക്ഷണത്തിനായി തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ചുഴലിക്കൊടുങ്കാറ്റുകളെ തുടർന്നുണ്ടായ കാലാവസ്ഥ കഴിഞ്ഞ കൊല്ലം മുതൽ ഇവയുടെ വൻതോതിലുള്ള വംശവർദ്ധനവിന് അനുകൂലമായതായും ചൂണ്ടിക്കാട്ടുന്നു. കിഴക്കൻ ആഫ്രിക്കയും ഏഷ്യയിൽ ഇന്ത്യ, ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമാണ് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത്. പാകിസ്ഥാൻ ഇതിനകം തന്നെ കാർഷിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കഴിഞ്ഞു. ദിവസം 150 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വെട്ടുക്കിളികൾക്ക് കഴിയും.

ഒരു ചതുരശ്ര കിലോമീറ്റർ വരുന്ന വെട്ടുക്കിളിക്കൂട്ടത്തിന് ഒറ്റദിവസം 35,000 മനുഷ്യർക്ക് വേണ്ടുന്ന ഭക്ഷണം ആവശ്യമാണെന്നും ഭക്ഷ്യ കാർഷിക സംഘടനയുടെ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യൻ അധികൃതർ പാകിസ്ഥാനുമായി ഇന്ത്യാ-പാക് അതിർത്തിയായ മുനബാവോയിലും രാജസ്ഥാനിലെ ബാര്‍മർ ജില്ലയിലുള്ള ഖൊഖാപാറിലും വച്ച് ഇവയെ നേരിടാനുള്ള തയാറെടുപ്പുകൾ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.

you may also like this video;

ഖാരിഫ് സീസൺ ആയ ജൂൺ‑സെപ്റ്റംബർ മാസങ്ങളിൽ പാക് പ്രതിനിധികളുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും ഇന്ത്യയുടെ സസ്യസംരക്ഷണ ഡയറക്ടറേറ്റ് ഉപമേധാവി കെ എൽ ഗുജ്ജാർ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബറിൽ പാക് പ്രതിനിധികളുമായി നടന്ന ചർച്ചയിൽ ഇദ്ദേഹവും അംഗമായിരുന്നു. പഞ്ചാബിലും ഹരിയാനയിലും വെട്ടുക്കിളികളുടെ സാന്നിധ്യമുണ്ട്. ഇവ ബംഗ്ലാദേശിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നു. 1950ൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ട കാലത്തും സമാനമായ സാഹചര്യമുണ്ടായിരുന്നതായി ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥ വ്യതിയാനമാണ് ഇവയുടെ വംശവർദ്ധനവിന് കാരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് ആഡിസ് അബാബയിൽ കഴിഞ്ഞ മാസം എട്ടിന് നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചുഴലിക്കൊടുങ്കാറ്റുകളുണ്ടാക്കുന്ന ചൂട് പിടിച്ച സമുദ്രങ്ങൾ ഇവയുടെ പ്രജനനത്തിന് ഏറെ പറ്റിയ സ്ഥലങ്ങളാണ്. വൻനഗരങ്ങളുടെ അത്രയും വിസ്തീർണമാണ് വെട്ടുക്കിളിക്കൂട്ടങ്ങൾക്ക് ഇപ്പോഴുള്ളത്. ഓരോ ദിവസം കഴിയും തോറും കാര്യങ്ങൾ കൂടുതൽ വഷളാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഫ്രിക്കൻ മുനമ്പിലാണ് കൂടുതൽ പ്രശ്നങ്ങൾ. കെനിയ, എത്യോപ്യ, സൊമാലിയ തുടങ്ങിയ രാജ്യങ്ങളാണ് ഇവിടെ വൻ വെല്ലുവിളികൾ നേരിടുന്നത്. പുതിയ പുതിയ കൂട്ടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇന്ത്യയടക്കം 53 രാജ്യങ്ങൾക്ക് ഭക്ഷ്യ‑കാർഷിക സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കീടനാശിനി പ്രയോഗം കാര്യക്ഷമമാക്കാനുള്ള നിർദ്ദേശമാണ് ഈ രംഗത്തെ വിദഗ്ദ്ധർ നൽകുന്നത്. വാഹനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് കീടനാശിനി തളിക്കാനും നിർദ്ദേശമുണ്ട്. 1950ലും 1993ലും ഇന്ത്യ ഇവയുടെ വൻതോതിലുള്ള ആക്രമണം നേരിട്ടതാണെന്ന് കാർഷികമന്ത്രാലയത്തിലെ വെട്ടുക്കിളി നിരീക്ഷണ മുൻ മേധാവി ജെ എൻ താക്കൂർ പറഞ്ഞു. രാത്രിയിൽ ഇവ ആക്രമണം തുടങ്ങിയാൽ രാവിലെ ആകുമ്പോഴേക്കും കൃഷിയിടം മുഴുവൻ നശിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവയെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് കാർഷിക സെക്രട്ടറി സഞ്ജയ് അഗർവാൾ രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാലയ അധികൃതരും ഹിന്ദുസ്ഥാൻ ഇൻസെക്ടി സൈഡ് ലിമിറ്റഡുമായി ചർച്ചകൾ നടത്തിയിരുന്നു. ഈ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്കും കർഷകർക്കും പരിശീലനം നൽകാനും ബോധവത്ക്കരണം നടത്താനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.

you may also like this video;