July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

കേരളം കാണിച്ച ഐക്യം രാജ്യത്തിന് തന്നെ മാതൃകയാണ്: മുഖ്യമന്ത്രി പിണറായി വിജയന്‍

Janayugom Webdesk
January 13, 2020

രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്ന കാലത്ത് ചെറിയ കാര്യങ്ങളിൻമേൽ വേറിട്ടു നിൽക്കുകയല്ല വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധമുയരുകയാണ്. ഈ വിഷയത്തിൽ കേരളം കാണിച്ച ഐക്യം രാജ്യത്തിന് തന്നെ മാതൃകയായതാണ്. എന്നാൽ ഒരുമിച്ച് നിന്നതിൽ ഇപ്പോൾ വിഷമിക്കുന്ന ചെറിയ മനസ്സുള്ള ചിലരെയും കേരളം കണ്ടു. യോജിച്ച സമരത്തിന് അതിന്റെ കരുത്തുണ്ട്. ഒറ്റക്കൊറ്റക്കുള്ള സമരങ്ങളെക്കാൾ എല്ലാവരും ഒരുമിച്ചുള്ള വലിയ സമരങ്ങളാണ് നമുക്കാവശ്യം. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചാണ് ആദ്യഘട്ടത്തിൽ ഈ സമരത്തിൽ പങ്കുചേർന്നത്. നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയതു. എന്നാൽ പിന്നീട് തുടർസമരങ്ങളിൽ ഒരുമിച്ച് മുന്നോട്ട് പോകാൻ പ്രതിപക്ഷം തയ്യാറയില്ല. മുഖ്യമന്ത്രി പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള പൗരത്വഭേദഗതിനിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭരണഘടന സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ നടന്ന ഭരണഘടന സംരക്ഷണ ബഹുജനറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർഗീയവദികളെയും വർഗീയ സംഘടനകളെയും മാറ്റി നിർത്തിക്കൊണ്ട് കേരളമൊട്ടാകെ ഒരുമിച്ച് പോരാടണം. ഒരു മെയ്യായാണ് നമ്മളിവിടെ നിൽക്കേണ്ടത്. ഇവിടെ ഏതെങ്കിലും ഒരു വിഭാഗത്തിന് പീഡനമേൽക്കേണ്ടി വരും എന്ന ആശങ്കയോ ഭീതിയോ വേണ്ട. ഇത് കേരളമാണ്. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ആരെങ്കിലും നേരിടുകയാണെങ്കിൽ അവരുടെ കൂടെ സർക്കാർ ഉണ്ടാകും.

ദേശീയ പൗരത്വ രജിസ്റ്ററിന് മുന്നോടിയായാണ് ദേശീയ ജനസംഖ്യ രജിസ്റ്റർ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കാതെ കേന്ദ്രസര്‍ക്കാരിന് പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ കഴിയില്ല. അതു കൊണ്ടു തന്നെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ ഭാഗമായി നടക്കുന്ന ദേശീയ ജനസംഖ്യ രജിസ്റ്ററിനുവേണ്ടിയുള്ള എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്തില്ല. മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനയാണ് രാജ്യത്തെ എല്ലാ പൊല്ലാപ്പുകള്‍ക്കും കാരണമെന്ന് സംഘപരിവാരത്തിന്റെയും ബിജെപിയുടെയും പ്രമുഖ നേതാക്കളുള്‍പ്പെടെ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. മതനിരപേക്ഷത ഉറപ്പുനല്‍കുന്നുവെന്നതാണ് ഇന്ത്യന്‍ ഭരണഘടനയോട് അവര്‍ക്ക് ഒടുങ്ങാത്ത പകയുണ്ടാകാന്‍ കാരണം. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. മതനിരപേക്ഷത എന്ന ആശയത്തെ ആദ്യം മുതല്‍ക്ക് തന്നെ ശക്തമായി എതിര്‍ക്കുന്നവരാണ് അവര്‍. രാജ്യം സ്വാതന്ത്ര്യം നേടിയത് ജനങ്ങളൊട്ടാകെ ഒരുമിച്ച് നിന്നുള്ള പോരാട്ടത്തിന്റെ ഫലമായാണ്. വിവിധ ധാരകള്‍ സ്വാതന്ത്ര്യസമരത്തിനുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന ഒരേ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിച്ചത്. പൗരത്വബില്ലിനെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭത്തില്‍ മുന്നില്‍ നില്‍ക്കുന്നത് വിദ്യാര്‍ത്ഥികളാണ്. ആ വിദ്യാര്‍ത്ഥികളെ തല്ലിയൊതുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ ഓരോ മര്‍ദ്ദനവും അടിച്ചമര്‍ത്തലും കൂടുതല്‍ കൂടുതല്‍ സമരത്തിന് ശക്തിനല്‍കുകയാണ് ചെയ്യുക എന്നത് സ്വാതന്ത്ര്യസമരകാലത്തെ അനുഭവങ്ങള്‍ നമുക്ക് പാഠമാണ്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ സംസാരിച്ചു. ഇന്ത്യന്‍ മുസല്‍മാന്റേത് സമ്പന്നമായ ദേശീയ പാരമ്പര്യമാണെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമ്പാദനപോരാട്ടത്തില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ വഹിച്ചത് ഉന്നതമായ പങ്കാണെന്നും പന്ന്യന്‍ ഓര്‍മ്മിപ്പിച്ചു. ബിജെപിക്ക് പതിനാല് ശതമാനം ഹിന്ദുക്കളുടെ പിന്തുണ പോലുമില്ല. മഹാഭൂരിപക്ഷം ഹിന്ദുക്കളും അവര്‍ക്കെതിരാണ്. ജനാധിപത്യത്തില്‍ ഹിന്ദുവിനും മുസ്ലീമിനും ക്രിസ്ത്യാനിക്കും മറ്റ് മതസ്ഥര്‍ക്കും മതമില്ലാത്തവര്‍ക്കും ഒറ്റ വോട്ടേ ഉള്ളൂ. എല്ലാവര്‍ക്കും തുല്യമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മതേതരകക്ഷികള്‍ യോജിച്ചിരുന്നെങ്കില്‍ ബിജെപിയെന്ന ദുരന്തം വീണ്ടും രാജ്യത്ത് അധികാരത്തിലെത്തില്ലായിരുന്നു. പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.

പൗരത്വനിയമം മുസ്ലീമിനെതിരെയല്ലെന്നും അത് ഭരണഘടനക്കെതിരെയാണെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. ഭരണഘടന സംരക്ഷണബഹുജനറാലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് മുസ്ലീമിനെയാണ് ഒഴിവാക്കിയതെങ്കില്‍ നാളെ അത് മറ്റൊരു വിഭാഗത്തിനെയായിരിക്കും. ഈ സമരം ഒരു പ്രത്യേക മതത്തിന്റെയോ ജാതിയുടെയോ പാര്‍ട്ടിയുടെയോ ഗ്രൂപ്പിന്റെയോ അല്ല, അത് ഇന്ത്യന്‍ ഭരണഘടന അട്ടിമറിച്ചുകൊണ്ട് മതത്തിന്റെ പേരില്‍ വിഭജനമുണ്ടാക്കി കുഴപ്പം സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരായ സമരമാണിതെന്നും അദ്ദേഹം പറഞ്ഞു.

തലശ്ശേരിയില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ആയിരക്കണക്കിനാളുകളാണ് ഭരണഘടന സംരക്ഷണബഹുജന റാലിയില്‍ പങ്കെടുക്കാനെത്തിയത്. ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന പൗരത്വനിയമഭേദഗതിക്കെതിരെ ഭരണഘടന സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങുമെന്ന് പങ്കെടുത്തവര്‍ പ്രതിജ്ഞ ചെയ്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മുക്കം ഉമ്മര്‍ ഫൈസി, സ്വാമി സന്ദീപാനന്ദഗിരി, കെ പി മോഹനന്‍, എം മുകുന്ദന്‍, ഹുസൈന്‍ മടവൂര്‍, സി പി സലീം, ഡോ. തോമസ് തെങ്ങുംപള്ളില്‍, ഷംസുദ്ദീന്‍ പാലക്കോട്, കാസിം ഇരിക്കൂര്‍, ഫാ. ദേവസ്യ ഈരത്തറ, കെ കെ രാജന്‍, ജോണ്‍ ജോസഫ്, ജോസ് ചെമ്പേരി, കെ സി ജേക്കബ് മാസ്റ്റര്‍, ഫാ. ജെറോ ചിങ്ങന്തറ, എബി എന്‍ ജോസഫ്, കെ സി ലേഖ എന്നിവര്‍ സംസാരിച്ചു. എം വി ജയരാജന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. അ‍ഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷനായി. സി എന്‍ ചന്ദ്രന്‍, അഡ്വ. പി സന്തോഷ് കുമാര്‍, പി ജയരാജന്‍, ടി വി രാജേഷ് എം എല്‍ എ തുടങ്ങിയവര്‍ സംബന്ധിച്ചു.

Eng­lish sum­ma­ry: The uni­ty shown by Ker­ala is exem­plary for the coun­try itself: Chief Min­is­ter Pinarayi Vijayan

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.