സംസ്കാര വൈവിധ്യങ്ങളെക്കുറിച്ചുള്ള പാഠങ്ങളെല്ലാം അസാധുവാക്കിത്തീര്‍ത്ത ഒരു കാലത്തിലൂടെയാണ് നാമിന്നു കടന്നുപോവുന്നത്. ലോകത്തിലെ എല്ലാ പ്രദേശങ്ങളും ഒരേ ഭീതിയും ഉല്‍ക്കണ്ഠയും ദുരിതവും പങ്കുവയ്ക്കുന്നു. ജാതി, മത, ഗോത്ര, വര്‍ണ്ണ, വര്‍ഗ വ്യത്യാസങ്ങളെല്ലാം ഒരു പകര്‍ച്ചവ്യാധിയുടെ മുന്നില്‍ ഒന്നായിത്തീര്‍ന്നിരിക്കുന്നു. നാം ഒരു സര്‍വവിനാശമൃത്യു ബിന്ദുവിന്റെ മുന്നിലാണ് നില്‍ക്കുന്നത് എന്ന കൊടിയ വിപല്‍ചിന്തയില്‍ എല്ലാ സംസ്കാര വൈവിധ്യങ്ങളെയും വെടിഞ്ഞ് ലോകം വെറുങ്ങലിച്ചുനില്‍ക്കുകയാണ്. ആപത്ത്, ലോകത്തെല്ലാവര്‍ക്കും ഒന്നാണെന്നുവരുന്നു. എങ്കിലും നാം ഉണര്‍ന്നിരുന്നാലും ഇല്ലെങ്കിലും നമ്മുടെ തലക്കു മുകളിലൂടെ കുതിക്കുന്ന ചരിത്രം മനുഷ്യ സംസ്കൃതിയുടെ വൈവിധ്യങ്ങളെക്കുറിച്ച് നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്.
സാമൂഹികമായ ജീവിതം സാധ്യമാവാതെ വരുമ്പോള്‍ മനുഷ്യന്‍ പിന്മടങ്ങേണ്ടിവരുന്ന ‘വീട്’ പോലുള്ള അടിസ്ഥാന ജീവിതമണ്ഡലങ്ങള്‍ വേറെയാവലിന്റെയും ഒറ്റപ്പെടലിന്റെയും അനേകമനേകം അസ്തിത്വ പ്രശ്നങ്ങള്‍ നമ്മുടെ ഉള്ളിലുയര്‍ത്തിക്കൊണ്ടുവരുന്നു. വീട് കുലചിഹ്നവും ഒറ്റപ്പെട്ട തത്വബോധവുമായെന്നു വരാം. മറ്റുള്ളവരിലൂടെ മാത്രമേ ഒരാള്‍ക്ക് തന്നെത്തന്നെ സാക്ഷാല്‍ക്കരിക്കാനാവൂ എന്നത് ഒരു മാര്‍ക്സിയന്‍ സാമൂഹ്യവീക്ഷണമാണ്. ഇതേ ആശയം മറ്റൊരു രീതിയില്‍ ആധ്യാത്മികമായി ശ്രീനാരായണഗുരുവും പറഞ്ഞുവച്ചിട്ടുണ്ട്.
“അവനിവ,നെന്നറിയുന്നതൊക്കെയോര്‍ത്താല്‍
അവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മ സുഖത്തിനാചരിക്കുന്നവ-
യപരന്നു സുഖത്തിനായ് വരേണം”
ഈ രണ്ടു ചിന്തയിലും തെളിയുന്ന വൈവിധ്യവും ഏകത്വവും ശ്രദ്ധിക്കേണ്ടതാണ്. മനുഷ്യന്‍ ഒന്നല്ല, പലതാണ്. ഈ പല (ബഹുസ്വരത) മനുഷ്യ ജീവിതസ്വഭാവമാണ്.
‘ക്ഷിതിയിലഹമര്‍ത്ത്യ ജീവിതം
പ്രതിജനഭിന്നവിചിത്രമാര്‍ഗമാം’
എന്ന് കുമാരനാശാന്‍. എന്നാല്‍ ഈ പലതിനെയും ചേര്‍ത്ത് ഒന്നാക്കുന്ന നിരന്തര ചലനമാണ് ജീവിതത്തിന്റെ പുരോഗമനമുന്നേറ്റം എന്നതാണ് യഥാര്‍ത്ഥമായ സാമൂഹ്യപാഠം. അവനവന്‍ ആത്മസുഖത്തിനാചരിക്കുന്നതെല്ലാം അപരനുകൂടി സൗഖ്യമുണ്ടാക്കുന്ന ഒരു വ്യവസ്ഥ. അപരന്റെ വാക്കുകള്‍ സംഗീതമാക്കുന്ന സാമൂഹ്യഭാവനം. അപരത്വം അവിടെ നരകമാവുന്നില്ല. മറ്റുള്ളവര്‍ക്കു രോഗം പകര്‍ത്താതിരിക്കല്‍ എന്റെ സാമൂഹ്യ ദൗത്യമാവുന്നതിവിടെയാണ്. പലവിധത്തിലുള്ള വൈവിധ്യങ്ങളും വൈജാത്യങ്ങളും നിലനില്ക്കുന്നുണ്ട് എന്ന് ആഴത്തില്‍ തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് അവയെല്ലാം ഒരു പൊതു ബോധത്താല്‍ സമത്വത്തിലെത്തിക്കാമെന്ന മാര്‍ക്സിയന്‍ സാമൂഹിക ശാസ്ത്രം രൂപവല്ക്കരിക്കപ്പെടുന്നത്. ഈച്ചു ഫോര്‍ ആള്‍ ആന്റ് ആള്‍ ഫോര്‍ ഈച്ച് (ഓരോരുത്തരും എല്ലാവര്‍ക്കും വേണ്ടി, എല്ലാവരും ഓരോരുത്തര്‍ക്കുവേണ്ടി) എന്ന മാര്‍ക്സിന്റെ വീക്ഷണത്തില്‍ സമൂഹനിര്‍മ്മിതിയെക്കുറിച്ചുള്ള ഈ ശാസ്ത്ര വീക്ഷണമാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്. പ്രാചീനമതങ്ങളും ദര്‍ശനങ്ങളും കലകളും പ്രത്യയശാസ്ത്രങ്ങളും വ്യക്തികള്‍ക്കുവേണ്ടി വ്യക്തികള്‍ സൃഷ്ടിച്ചവയല്ല. സമൂഹജീവിതത്തിന്റെ പ്രശ്നങ്ങള്‍ക്കുള്ള ഉത്തരമായിട്ടാണ് അവയെല്ലാം ആവിര്‍ഭവിച്ചത്. മാര്‍ക്സിസം എന്ന സാമൂഹിക ശാസ്ത്രം രൂപപ്പെട്ടതോടുകൂടിയാണ് അജ്ഞേയതയുടെയും ദുര്‍ജ്ഞേയതയുടെയും വിശ്വാസ പാഠങ്ങളില്‍ നിന്നു വേറിട്ട് ശാസ്ത്ര യുക്തിയോടുകൂടി വൈവിധ്യങ്ങളെ സമഭാവനയിലേക്കു വളര്‍ത്തുന്ന വിശകലന സംസ്കാരമുണ്ടായത് എന്നുമാത്രം.
മനുഷ്യചോദനകളുടെ സ്വാഭാവികമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്ന രീതി ഭൗതികലോകത്തില്‍ അതിന്റെ ജീവിതസംതൃപ്തി കണ്ടെത്തുകയും ചെയ്യുക എന്നതാണ്. അതിനാല്‍ത്തന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സിദ്ധവിദ്യയും മന്ത്രവാദവും കൊണ്ട് ഒരു മഹാവ്യാധിക്കും മഹാമാരിക്കും പരിഹാരമുണ്ടാവുകയില്ല എന്ന് ആത്യന്തിക സാമൂഹിക പ്രതിസന്ധികളില്‍ സമൂഹത്തിനു വെളിവായിക്കിട്ടും. മനുഷ്യന്റെ മനുഷ്യേതര ബന്ധത്തിന്റെ ഒരു രൂപം മാത്രമാണ് ദൈവം. അതിനാല്‍ മനുഷ്യവര്‍ഗത്തെയൊന്നാകെ ബാധിക്കുന്ന ഗുരുതരമായ പ്രതിസന്ധികളില്‍ ദൈവം സാമൂഹിക പരിഹാരമാവുകയില്ല. പ്രശ്നങ്ങളറിയുക എന്നതാണ് അവയെ നേരിടുവാനുള്ള ആദ്യത്തെ മാര്‍ഗം എന്നത് മാര്‍ക്സിസ്റ്റ് ശാസ്ത്രത്തിന്റെ ഒരു ബാലപാഠമാണ്. അതുകൊണ്ട് കോവിഡ് 19ന്റെ കാലം നമ്മെ വെല്ലുവിളിക്കുന്നത് പ്രശ്നങ്ങള്‍ ശാസ്ത്രീയമായി അറിയുന്നകാര്യത്തില്‍ത്തന്നെയാണ്.
ശാസ്ത്രവിരുദ്ധമായ വിശ്വാസങ്ങളുടെ വിപത്ത് ഇനിയും വന്നുകൂടായ്കയില്ല. വസൂരിരോഗം പോയിട്ടും വസൂരിമാലയുടെ വിശ്വാസം പോയിട്ടില്ലല്ലോ. സാമൂഹികമായ അകലമല്ല, ശാരീരികമായ അകലമാണ് കോവിഡ് 19നെ പ്രതിരോധിക്കാന്‍ നാം അനുവര്‍ത്തിക്കുന്നത്. അതിനാല്‍ എല്ലാ വൈവിധ്യങ്ങളും നിലനില്ക്കത്തന്നെ അവയെ സമത്വാധിഷ്ഠിതമായി നിര്‍വചിക്കുന്ന ഒരു സാമൂഹ്യശാസ്ത്ര സമീപനം ഈ കാലത്ത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയണം. ഇന്നത്തെ യാഥാര്‍ത്ഥ്യത്തെ അറിഞ്ഞ് അതിന് പുതിയ പരിഹാരം കണ്ടെത്തുക എന്നതാണ് ഇന്ന് മാര്‍ക്സിസത്തിന്റെ സാമൂഹിക ദൗത്യം. ആ ചരിത്രപരമായ മുന്നേറ്റത്തിലേക്കുള്ള സുപ്രധാനമായ ചുവടുവയ്പായി കോവിഡ് പ്രതിരോധത്തില്‍ നമ്മുടെ സംസ്ഥാനം കൈവരിച്ച ലോക മാതൃകയായ നേട്ടത്തെ കാണാമെന്നു തോന്നുന്നു. ഒരു മഹാവ്യാധി സൃഷ്ടിച്ച പ്രതിസന്ധിയുടെ ഏകത്വം പുതിയ സാമൂഹിക പരിഹാരങ്ങള്‍ക്കുള്ള വര്‍ഗൈക്യത്തിന്റെ തുടക്കവുമാവട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.