അഭൂതപൂര്‍വമായ ജനപങ്കാളിത്തം അഭിമാനകരം: എൽഡിഎഫ് കൺവീനർ

Web Desk

തിരുവനന്തപുരം

Posted on January 27, 2020, 11:51 pm

പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ്‌ ആഹ്വാനം ചെയ്‌ത മനുഷ്യ മഹാശൃംഖലയിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തം അഭിമാനകരമാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. മതപരമായി ജനതയെ ഭിന്നിപ്പിക്കുന്ന അനീതിക്കെതിരായി രാജ്യത്താകെ നടക്കുന്ന പോരാട്ടത്തിന്‌ കേരളത്തിന്റെ തെരുവീഥിയില്‍ അണിനിരന്ന ദശലക്ഷങ്ങള്‍ വലിയ കരുത്തും ആവേശവുമാണ്‌ പകര്‍ന്നിരിക്കുന്നത്‌. ഏതെങ്കിലും ഒരുവിഭാഗം മാത്രമല്ല, മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കണമെന്ന്‌ ആഗ്രഹിക്കുന്ന ജനങ്ങളെല്ലാം പൂര്‍ണ്ണ മനസോടെ ശൃംഖലയില്‍ അണിചേരാന്‍ ഒഴുകി എത്തി. പൗരത്വ വിഷയത്തില്‍ കേരളം ഏറ്റെടുത്ത മുന്‍കൈയുടെ ഏറ്റവും മികവാര്‍ന്ന ഒരു ഏടായി മനുഷ്യമഹാശൃംഖലയെ മാറ്റാന്‍ സഹായിച്ച എല്ലാവരെയും, ശൃംഖലയില്‍ അണിചേര്‍ന്ന ജനലക്ഷങ്ങളെയും എല്‍ഡിഎഫിന്‌ വേണ്ടി അഭിവാദ്യം ചെയ്യുന്നു. പൗരത്വ നിയമഭേദഗതി പിന്‍വലിക്കുംവരെ ഈ പോരാട്ടം തുടരാന്‍ എല്‍ഡിഎഫ്‌ ജാഗ്രതയോടെ നിലയുറപ്പിക്കും. രാഷ്ട്രീയ ഭേദമന്യേ അണിനിരന്ന ജനങ്ങള്‍ നല്‍കുന്ന സന്ദേശം ഉള്‍ക്കൊള്ളാന്‍ യുഡിഎഫ്‌ നേതൃത്വം ഇനിയെങ്കിലും തയ്യാറാകണം. യുഡിഎഫ്‌ നേതാക്കളുടെ ആഹ്വാനം തള്ളി അവരുടെ അണികളുടെ വന്‍ പങ്കാളിത്തം മനുഷ്യമഹാശൃംഖലയില്‍ ദൃശ്യമായി. ഈ പങ്കാളിത്തം നല്‍കുന്ന തിരിച്ചറിവ്‌ കോണ്‍ഗ്രസ്‌— മുസ്ലീംലീഗ്‌ നേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കുമെന്ന്‌ ഉറപ്പാണ്‌. മനുഷ്യമഹാശൃംഖല വന്‍വിജയമാക്കാന്‍ പ്രയത്‌നിച്ച എല്ലാ പ്രവര്‍ത്തകരേയും എല്‍ഡിഎഫ്‌ അഭിവാദ്യം ചെയ്തു.

Eng­lish sum­ma­ry: The unprece­dent­ed crowd par­tic­i­pa­tion is proud: LDF Con­ven­er