18 April 2024, Thursday

വാഴ്ത്തപ്പെടാത്ത ക്യാപ്റ്റന്‍ മലയാളികളുടെ ഹീറോ; രാജസ്ഥാന് വേണ്ടി കൂടുതല്‍ റണ്‍സ് കണ്ടെത്തിയ താരം

Janayugom Webdesk
അഹമ്മദാബാദ്
April 18, 2023 9:11 am

ഗുജറാത്ത് ടൈറ്റണ്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ സിക്സറുകളിലൂടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് മലയാളി താരമായ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കാഴ്ചവച്ചത്. 32 പന്തില്‍ 60 റണ്‍സാണ് താരമടിച്ചെടുത്തത്. റാഷിദ് ഖാന്റെ ഒരോവറില്‍ തുടര്‍ച്ചയായ മൂന്ന് പന്തുകള്‍ സിക്സര്‍ പറത്തി ഏവരെയും ആവേശംകൊള്ളിക്കാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ മറ്റൊരു നേട്ടത്തിലെത്തിയിരിക്കുകയാണ് മലയാളി താരം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 3000 റണ്‍സ് തികച്ച സഞ്ജു, രാജസ്ഥാനിനായി ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ താരവുമായി. റോയല്‍സിനായി 115 മത്സരങ്ങള്‍ കളിച്ച സഞ്ജു 3006 റണ്‍സാണ് നേടിയത്. 

29.76 ആണ് ശരാശരി. സഞ്ജു കഴിഞ്ഞാല്‍ രാജസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം അജിന്‍ക്യ രഹാനേയാണ്. 100 മത്സരം കളിച്ച രഹാനേ 2810 റണ്‍സെടുത്തു. ജോസ് ബട്‌ലര്‍ (2508), ഷെയ്ന്‍ വാട്‌സണ്‍ (2372), രാഹുല്‍ ദ്രാവിഡ് (1276) എന്നിവരാണ് പിന്നാലെയുള്ളത്. പല ഇതിഹാസങ്ങള്‍ക്കും നേടാനാവാതെ പോയ വലിയ നേട്ടമാണ് ഇപ്പോള്‍ സഞ്ജു സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാജസ്ഥാനൊപ്പം സഞ്ജു 10 വര്‍ഷം പൂര്‍ത്തിയാക്കിയത് രാജസ്ഥാന്‍ ആഘോഷമാക്കിയിരുന്നു. 2013ല്‍ രാജസ്ഥാനിലേക്കെത്തിയ സഞ്ജു പിന്നീടങ്ങോട്ട് രാജസ്ഥാന്റെ രാജാവായി വളരുകയായിരുന്നു. ഇപ്പോള്‍ രാജസ്ഥാന്റെ ഇതിഹാസ താരമെന്ന വിശേഷണത്തിലേക്കുയരാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും കളിച്ച സഞ്ജു ഐപിഎല്‍ കരിയറില്‍ 29.23 ശരാശരിയില്‍ 3683 റണ്‍സാണ് അടിച്ചെടുത്തത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കാനും നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകമായ അഹമ്മദാബാദില്‍ കീഴ്‌പ്പെടുത്താനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. വാഴ്ത്തപ്പെടാത്ത നായകമികവിലൂടെ കരിയറില്‍ മികച്ച പ്രകടനവുമായി മുന്നോട്ട് കുതിക്കുകയാണ് സഞ്ജൂ സാംസണ്‍. 

Eng­lish Summary:The unsung cap­tain is the Malay­alee’s hero; Most runs scored for Rajasthan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.