ആഗോളദുരന്തം പ്രതിരോധിക്കാന്‍ യുഎസിലും ഇറാനിലും ജനാധിപത്യം പുലരണം

രാജാജി മാത്യു തോമസ്
Posted on January 15, 2020, 5:15 am

ഇറാനിയന്‍ ജനറല്‍ ഖാസിം സുലെെമാനിയുടെ ആസൂത്രിത കൊലപാതകം യുഎസ് രാഷ്ട്രീയത്തിലും ഇറാനിലും നാടകീയ മാറ്റങ്ങള്‍ക്കാണ് വഴിതെളിച്ചത്. 9/11ലെ അല്‍ഖ്വയ്ദ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധപ്രഖ്യാപനത്തിനുള്ള അധികാരം പ്രസിഡന്റിന് തീറെഴുതിയ ജനപ്രതിനിധിസഭ അത് തിരിച്ചുപിടിക്കാനും അമിതാധികാരങ്ങള്‍ക്ക് കടിഞ്ഞാണിടാനുമുള്ള ശ്രമത്തിലാണ്. ട്രംപിന്റെ സ്വേച്ഛാധികാര പ്രവണതക്കെതിരെയും പശ്ചിമേഷ്യയില്‍ വീണ്ടുമൊരു യുദ്ധത്തിനെതിരെയും അവിടെ ജനവികാരം ശക്തമാണ്. ഇറാനിലാവട്ടെ സുലെെമാനിയുടെ രക്തസാക്ഷിത്വം രാഷ്ട്രീയ പിന്തുണയാക്കി മാറ്റാമെന്ന ഷിയാ പൗരോഹിത്യ ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകളെ അവിടത്തെ വരേണ്യസേനാവിഭാഗമായ റവല്യൂഷനറി ഗാര്‍ഡ്സ് സ്വയംകൃതാനര്‍ത്ഥ നടപടികളിലൂടെ തകിടം മറിച്ചിരിക്കുന്നു. സുലെെമാനി വധത്തെ തുടര്‍ന്ന് പ്രതികാര മുറവിളികള്‍കൊണ്ട് മുഖരിതമായിരുന്ന ടെഹ്‌റാനിലെ തെരുവുകള്‍ പൊടുന്നനെ ഭരണകൂടവിരുദ്ധ പ്രകടനങ്ങളുടെ വേദിയായി മാറി.

സുലെെമാനി വധത്തിനുള്ള പ്രതികാരമെന്നോണം ഇറാഖിലെ യുഎസ് സെെനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസെെലാക്രമണങ്ങള്‍ പാഴ്‌വെടിയായിരുന്നുവെന്ന് തെളിഞ്ഞു. ഇറാന്‍ തൊടുത്ത പതിനഞ്ച് മിസെെലുകള്‍ക്ക് യുഎസ് താവളങ്ങളില്‍ ഗണ്യമായ യാതൊരു നാശവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. അത് ഇറാന്റെ സെെനിക പരാജയമായി രാജ്യത്തിനകത്തും പുറത്തും വ്യാഖ്യാനിക്കപ്പെട്ടു. തൊട്ടുപിന്നാലെ 176 പേരുടെ ജീവന്‍ അപഹരിച്ച ഉക്രയ്ന്‍ വിമാനാപകടത്തിന്റെ ഉത്തരവാദിത്വവും ഭരണകൂടത്തിന് സമ്മതിക്കേണ്ടി വന്നു. വിമാനാപകടം റവല്യൂഷനറി ഗാര്‍ഡ് തൊടുത്തുവിട്ട മിസെെലേറ്റാണെന്ന് വെെകിയെങ്കിലും ഇറാന്‍ ഭരണകൂടത്തിന് അംഗീകരിക്കേണ്ടി വന്നു. തുടക്കത്തില്‍ അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കെെകഴുകി രക്ഷപ്പെടാന്‍ ശ്രമിച്ച ഭരണകൂടത്തിനെതിരെ ഇറാനിലെ സര്‍വകലാശാലകളിലും രാജ്യത്തുടനീളം തെരുവുകളിലും അണി നിരന്ന ആയിരങ്ങള്‍ പൗരോഹിത്യ ഭരണകൂടത്തെ കടുത്ത പ്രതിരോധത്തിലാക്കി. പ്രതിഷേധക്കാര്‍ക്കു നേരെ കണ്ണീര്‍വാതകവും വെടിയുണ്ടകളും പ്രയോഗിച്ച ഭരണകൂടം രാജ്യത്തിനകത്തും പുറത്തും കടുത്ത എതിര്‍പ്പാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

എഴുപതുകളിലെ ഷാ വിരുദ്ധ വിപ്ലവത്തെ തുടര്‍ന്ന് ഇറാനില്‍ പൗരോഹിത്യ ആധിപത്യത്തിനെതിരെ, ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ചെറുത്തുനില്പ് പരമ്പരകള്‍തന്നെ ഉയര്‍ന്നുവന്നിരുന്നു. അവയെ എല്ലാം അടിച്ചമര്‍ത്താനും ചോരയില്‍ മുക്കി കൊല്ലാനും തീവ്ര ഷിയ മൗലികവാദ ഭരണകൂടത്തിന് കഴിഞ്ഞിരുന്നു. പശ്ചിമേഷ്യയിലെ കരുത്തുറ്റ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്ന തൂദെ പാര്‍ട്ടിയുടെ ഒന്നാം സെക്രട്ടറി നൂറുദിന്‍ കിയനൂരിയടക്കം ആയിരക്കണക്കിനു പ്രവര്‍ത്തകരും നേതാക്കളും ആയത്തൊള്ള ഖൊമേനിയുടെ സ്വേച്ഛാ വാഴ്ചയില്‍ കൊല ചെയ്യപ്പെട്ടു. എന്നിരിക്കിലും ഒളിപ്രവര്‍ത്തനത്തിലൂടെ ഇറാന്റെ ദെെനംദിന ജീവിതസമരങ്ങളില്‍ തൂദെ പാര്‍ട്ടി നിര്‍ണായക പങ്കാണ് നിര്‍വഹിച്ചുവരുന്നത്. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന നാളുകളില്‍ ഇന്ധനവിലയടക്കം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ജനാധിപത്യത്തിനും വേണ്ടി അതിശക്തമായ പ്രക്ഷോഭ സമരങ്ങളാണ് ഇറാനില്‍ ഉടനീളം ഉയര്‍ന്നുവന്നത്. അവ അടിച്ചമര്‍ത്താന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങള്‍ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളിലേക്കാണ് നയിച്ചത്. സുലെെമാനി വധത്തിന്റെ വെെകാരിക പശ്ചാത്തലത്തില്‍ അവഗണിക്കപ്പെട്ടുപോയ ജനകീയ പ്രക്ഷോഭം പുതിയ സാഹചര്യത്തില്‍ കൂടുതല്‍ കരുത്തും പിന്തുണയും ആര്‍ജ്ജിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സുലെെമാനി വധത്തിനു പിന്നാലെ ട്രംപ് നടത്തിയ പ്രസ്താവന ഭരണമാറ്റത്തിനല്ല തന്റെ ശ്രമമെന്നും ഭരണകൂട നയസമീപനങ്ങളിലാണ് മാറ്റം വേണ്ടതെന്നും പറഞ്ഞത് ശ്രദ്ധേയമാണ്. ഇറാന്‍ ജനത ആഗ്രഹിക്കുന്നത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പും ഭരണമാറ്റവുമാണ്. അത്തരം ഒരു മാറ്റം പശ്ചിമേഷ്യയിലെ യുഎസ് പദ്ധതികള്‍ക്ക് അനുകൂലമാവണമെന്നില്ല. അത് മറ്റാരെക്കാളും നന്നായി തിരിച്ചറിയുന്നവരില്‍ ഒരാള്‍ ട്രംപാണ്. യുഎസ് താല്പര്യങ്ങള്‍ക്ക് അനുരോധമായി പ്രവര്‍ത്തിക്കുന്ന ഒരു പാവഭരണകൂടമാണ് ട്രംപിന് ആവശ്യം. മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള ഇറാന്‍ ജനത അതിന് സന്നദ്ധമല്ലെന്നും ട്രംപ് തിരിച്ചറിയുന്നു.

പശ്ചിമേഷ്യയിലെ യുഎസ്-പാശ്ചാത്യ ഇടപെടലുകള്‍ തുടര്‍ന്നുപോകാന്‍ യൂറോപ്യന്‍ ജനതയോ അവിടങ്ങളിലെ മിക്ക ഗവണ്മെന്റുകളുമോ ആഗ്രഹിക്കുന്നില്ല. അത്തരം ഇടപെടലുകള്‍ സൃഷ്ടിച്ചേക്കാവുന്ന കനത്ത സാമ്പത്തിക ബാധ്യതയും ജനകീയ എതിര്‍പ്പും തന്നെയാണ് മുഖ്യ കാരണം. ഇറാനെതിരായ യുദ്ധമെന്നാല്‍ പശ്ചിമേഷ്യയുടെ അസ്ഥിരീകരണം കൂടുതല്‍ വഷളാക്കാനും യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന്റെ ആക്കം വര്‍ധിപ്പിക്കാനുമേ സഹായിക്കു എന്ന് അവര്‍ ഭയപ്പെടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികളെയും വ്യാപകമായ ജനരോഷത്തെയും നേരിടുന്ന യൂറോപ്യന്‍ ഭരണകൂടങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമായിരിക്കും അത്.

സുലെെമാനി വധവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും രണ്ട് പാതകളാണ് ലോകജനതയ്ക്ക് മുന്നില്‍ തുറന്നുവയ്ക്കുന്നത്. ഇറാന്‍ ജനത ജനാധിപത്യത്തിനു വേണ്ടി തുടര്‍ന്നുവരുന്ന പോരാട്ടത്തെ ബാഹ്യഇടപെടല്‍ കൂടാതെ അതിന്റെ സ്വാഭാവിക പരിണാമത്തിന് വിട്ടുനല്‍കുക. മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിച്ച് പൗരോഹിത്യാധിപത്യത്തിനു മുന്നോട്ടുപോകാന്‍ കഴിയാത്തവിധം ജനകീയ സമരത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവും നല്‍കുക. അത് പശ്ചിമേഷ്യയിലാകെ ജനാധിപത്യത്തിന്റെ ഒരു പുതുവസന്തത്തിന് വഴിതുറന്നേക്കും. മറ്റൊന്ന്, ട്രംപ് ഭരണകൂടത്തെ സ്വേച്ഛാപരമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ച് ലോകം മാപ്പുസാക്ഷിയായി നോക്കിനില്‍ക്കുക എന്നതാണ്. അത് സൃഷ്ടിച്ചേക്കാവുന്ന ദുരന്തങ്ങള്‍ പ്രവചനാതീതം ആയിരിക്കും. അത്തരമൊരു ദുരന്തത്തിന് ലോകത്തെ വിട്ടുനല്‍കാതിരിക്കുക യുഎസ് ജനാധിപത്യത്തിന്റെ ഉത്തരവാദിത്വമായിരിക്കും.

(അവസാനിച്ചു)