സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍: അമേരിക്ക സാമ്പിയയിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ചു

Web Desk
Posted on December 24, 2019, 11:53 am

വാഷിങ്ടണ്‍: സാമ്പിയയിലെ തങ്ങളുടെ സ്ഥാനപതിയെ അമേരിക്ക തിരിച്ചുവിളിച്ചു. സ്വവര്‍ഗാനുരാഗികളായ രണ്ട് യുവാക്കളെ ജയിലിലടച്ച പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നടപടി.
സംഭവത്തില്‍ അമേരിക്കന്‍ സ്ഥാനപതി ഡാനിയല്‍ ഫൂട്ടെ നടത്തിയ പരാമര്‍ശങ്ങള്‍ സാമ്പിയയെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് എഡ്ഗാര്‍ ലുങ്കു അമേരിക്കയ്ക്ക് ഇത് രേഖപ്പെടുത്തി കത്ത് നല്‍കി. തുടര്‍ന്നാണ് അമേരിക്ക അദ്ദേഹത്തെ പിന്‍വലിച്ചത്.
ഫൂട്ടെയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാകില്ലെന്നായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം.
സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ ഉള്ള പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക ശക്തമായി പ്രതിഷേധിക്കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ അനുഭവിക്കാനും സ്വാതന്ത്ര്യത്തിനും അവകാശമുണ്ടെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. ഇതുറപ്പാക്കേണ്ടത് സര്‍ക്കാരാണെന്നും അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു.
സ്വവര്‍ഗാനുരാഗികളായ യുവാക്കള്‍ക്ക് പതിനഞ്ചുകൊല്ലത്തെ തടവ് ശിക്ഷ വിധിച്ച നടപടി ഭീകരമാണെന്നായിരുന്നു ഫ്യൂട്ടെയുടെ പ്രതികരണം. പ്രകൃതിയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം കോടതി വിധികളെന്നും അദ്ദേഹം നിരീക്ഷിച്ചു.
വായടച്ച നയതന്ത്രജ്ഞരെയാണ് സാമ്പിയയ്ക്ക് ആവശ്യമെന്നും ഫ്യൂട്ടെ പറഞ്ഞു. അമേരിക്കയില്‍ നിന്ന് പ്രതിവര്‍ഷം ലക്ഷക്കണക്കിന് ഡോളറാണ് സാമ്പിയക്ക് നല്‍കുന്നത്.
മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും സ്വവര്‍ഗാനുരാഗികള്‍ക്ക് കനത്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.