കശ്മീരില്‍ പാകിസ്ഥാന് പിറകെ അമേരിക്കയും കടന്നുകയറുന്നു

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ വരുത്തിവച്ചതും ഇന്ത്യയുടെ ആഭ്യന്തര വിഷയവുമായ കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാനു പിറകെ അമേരിക്കയും കടന്നുകയറുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്നുള്ള സാഹചര്യം സംബന്ധിച്ച് ഇന്ത്യയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരും മോഡി സര്‍ക്കാരും വെവ്വേറെ റിപ്പോര്‍ട്ട് നല്‍കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരിക്കുകയാണ്. അതീവ രഹസ്യ സ്വഭാവമുള്ളത് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടതെന്ന് ദി പ്രിന്റ് നല്കിയ വാര്‍ത്തയില്‍ പറയുന്നു.
ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ അമേരിക്ക ഇത്തരമൊരു റിപ്പോര്‍ട്ട് തേടാനുള്ള സാഹചര്യമാണ് സംശയകരം. അതിനിടെ പാകിസ്ഥാന് ആണവ മിസൈല്‍ പരീക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ മുന്നോടിയായി മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, വിവിധ പാര്‍ട്ടി നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ ഇരുപതിനായിരത്തോളം പേരെ നരേന്ദ്ര മോഡി ഭരണകൂടം തടങ്കലിലാക്കിയിരുന്നു. ഒരുമാസത്തോളമായിട്ടും ഇവരിലൊരാളെയും പുറത്തിറക്കാന്‍ നടപടിയെടുത്തതുമില്ല. മോഡി സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകളാണ് വിഷയത്തെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ചത്. ഇതിന്റെ മറപറ്റിയാണ് പാകിസ്ഥാനും അമേരിക്കയും കശ്മീര്‍ വിഷയത്തിന്റെ പേരില്‍ ഇന്ത്യയില്‍ കടന്നുകയറുന്നത്.
അതിനിടെ കഴിഞ്ഞ 24 ദിവസമായി തുടരുന്ന കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ കശ്മീരിലെ ജനങ്ങള്‍ രോഷാകുലരാണ്. അവശ്യഭക്ഷ്യ വസ്തുക്കള്‍, മരുന്നുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പോലും കിട്ടാത്ത അവസ്ഥയിലാണ് കശ്മീലെ ജനങ്ങള്‍. പ്രത്യേക പദവി റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചിന് നടന്ന ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇങ്ങോട്ടുള്ള എല്ലാ ദിവസങ്ങളിലും കശ്മീരിലെ പ്രതിഷേധക്കാരെ സുരക്ഷാ സൈനികര്‍ പെലറ്റുകളും വെടിയുണ്ടകളും കണ്ണീര് വാതക ഷെല്ലുകളും ഉപയോഗിച്ചാണ് നേരിടുന്നത്. ഇതിന്റെ ഭാഗമായി നിരവധി പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
എന്നാല്‍ ആശുപത്രികളില്‍ മരുന്നുകള്‍ പോലും ഇല്ലാത്ത അവസ്ഥയില്‍ പലരും ചികിത്സകിട്ടാതെ വീടുകളില്‍ കഴിഞ്ഞുകൂടുന്നു. കഴിഞ്ഞ 23 ദിവസമായി തൊഴിലിന് പോകാന്‍ കഴിയുന്നില്ലെന്ന് ശ്രീനഗറിലെ സൗറ സ്വദേശിയായ അലീബ് ഖാന് പറയുന്നു. കടകള്‍ തുറക്കാത്തതിനാല്‍ അവശ്യസാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയുന്നില്ല. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ പട്ടിണിയിലാകും. എല്ലാ ദിവസവും കശ്മീരിന്റെ എല്ലാ പ്രദേശങ്ങളിലും പ്രതിഷേധം ശക്തമായി തുടരുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് കാരണം ഇക്കാര്യങ്ങള്‍ പുറംലോകം അറിയുന്നില്ല. ബന്ധുക്കളുടെയും ഉറ്റവരുടെയും മരണങ്ങള് പോലും ദിവസങ്ങള്‍ കഴിഞ്ഞാണ് അറിയുന്നതെന്നും അലീബ് ഖാന് പറയുന്നു.
കണ്ണീര് വാതക ഷെല്ലിന്റെ പുക ശ്വസിച്ച് ഈ മാസം 17ന് ബാരിപ്പോറ സ്വദേശി അയൂബ് ഖാന് മരിച്ചിരുന്നു. ഈ മാസം 22ന് വിഷവാതകം ശ്വസിച്ച് ശ്രീനഗര്‍ സ്വദേശി ഫഹ്മീദ മരിച്ചു. പൊലീസിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രി അധികൃതര്‍ മരണകാരണം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്കാന് തയ്യാറായില്ല. സുരക്ഷാ സൈനികരുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനായി ത്സലം നദിയില്‍ ചാടിയ 19കാരന് ഒസൈബ് അള്ത്താഫിന് ജീവന് നഷ്ടപ്പെട്ടു.
ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് ഭീഷണിപ്പെടുത്തിയതായി ഒസൈബിന്റെ പിതാവ് മുഹമ്മദ് അള്‍ത്താഫ് മുസാരി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ 25 ദിവസത്തിനിടെ കശ്മീരില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ഡിജിപി ദില്‍ബാഗ് സിങ് അവകാശപ്പെടുന്നത്. സിങിന്റെ വാക്കുകള്‍ ശുദ്ധ അസംബന്ധമാണെന്നാണ് കശ്മീര്‍ റീഡറിന്റെ റിപ്പോര്‍ട്ടര്‍ പറയുന്നത്.
കഴിഞ്ഞ 23 ദിവസമായി കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞ് കിടക്കുന്നു. തൊഴിലാളികള്‍ക്ക് ജോലിയുമില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ കൂട്ട ആത്മഹത്യയാകും ഉണ്ടാകുന്നതെന്നും കശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് നിസാര്‍ ഖാന് പറയുന്നു.