കഴിഞ്ഞ ദിവസം യുഎസും താലിബാനും ഒപ്പുവച്ച സമാധാനക്കരാര്‍ ഭീകരതയ്ക്ക് വിരാമമിട്ട് അഫ്ഗാനിസ്ഥാനിലും മേഖലയിലും സാധാരണ സ്ഥിതി പുനഃസ്ഥാപിക്കാന്‍ സഹായകമാകണമെന്നാണ് ബന്ധപ്പെട്ട എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ആഗ്രഹങ്ങളെയും ശുഭപ്രതീക്ഷകളെയും ആശ്രയിച്ചല്ല രാഷ്ട്രീയ ഗതിവിഗതികള്‍ നിര്‍ണയിക്കപ്പെടുക. ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസരിച്ചായിരുന്നു രാഷ്ട്രീയ ഗതിവിഗതികള്‍ എങ്കില്‍ രണ്ടായിരത്തി അഞ്ഞൂറില്പരം പട്ടാളക്കാരെ അഫ്ഗാനിസ്ഥാനില്‍ കുരുതി നല്കിയ യുഎസിന് താലിബാനെപ്പോലെ ഒരു പ്രഖ്യാപിത ഭീകരസംഘടനയുമായി ‘സമാധാനക്കരാര്‍’ ഒപ്പുവയ്ക്കേണ്ടിവരുമായിരുന്നില്ലല്ലോ. ഒരു ലക്ഷം കോടിയിലധികം ഡോളര്‍ ചെലവഴിച്ചു നടത്തിയ പോരാട്ടത്തിന് അന്ത്യം കാണാനാവാതെ വല്ലവിധേനയും സ്വന്തം സൈന്യത്തെയും നാറ്റോ സഖ്യകക്ഷികളെയും പരാജയപ്പെട്ട ഒരു സാഹസിക ദൗത്യത്തില്‍ നിന്നും പിന്‍വലിച്ച് കളംകാലിയാക്കാനുള്ള യു എസ് സാമ്രാജ്യത്വത്തിന്റെ വ്യഗ്രതയാണ് ഇപ്പോഴത്തെ സമാധാനക്കരാറിലൂടെ പുറത്തുവരുന്നത്. കരാര്‍ അനുസരിച്ച് യുഎസും സഖ്യകക്ഷികളും 135 ദിവസങ്ങള്‍ക്കുള്ളില്‍ 8,600സേനാംഗങ്ങളെ പിന്‍വലിക്കും. 14 മാസത്തിനുള്ളില്‍ സമ്പൂര്‍ണ പിന്മാറ്റമാണ് യുഎസ് വിഭാവനം ചെയ്യുന്നത്. രണ്ട് പതിറ്റാണ്ടായി താലിബാനെ നിഷ്ക്രിയമാക്കാന്‍ യുഎസും സഖ്യകക്ഷികളും നടത്തിയ യാതൊരു ശ്രമങ്ങള്‍ക്കും അഫ്ഗാന്-ഇസ്ലാമിക രാഷ്ട്രീയത്തില്‍ താലിബാനുള്ള കേന്ദ്രസ്ഥാനത്തിന് ഭംഗം വരുത്താന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കുക അല്ലെങ്കില്‍ അതിന്റെ തോത് കുറയ്ക്കുക എന്നതിലുപരി പ്രത്യക്ഷത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും താലിബാന് സന്നദ്ധമായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അല്‍ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും സഹകരിക്കരുതെന്ന് കരാര്‍ താലിബാനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അത് എത്രത്തോളം പ്രായോഗികമാണെന്നും അതില്‍ യുഎസിനും സഖ്യശക്തികള്‍ക്കും ഫലപ്രദമായ എന്ത് ഇടപെടല്‍ നടത്താനാവുമെന്നും കാത്തിരുന്നു കാണുകയെ നിവൃത്തിയുള്ളു. താലിബാന് ആ ബന്ധങ്ങള്‍ തുടര്‍ന്നാല്‍ തങ്ങള്‍ക്ക് വീണ്ടും ഇടപെടേണ്ടിവരുമെന്ന വൈസ് പ്രസിഡന്റ് മൈക്ക് പോംപിയോയുടെ താക്കീത് നിലവിലുള്ള സാഹചര്യത്തില്‍ മുഖം രക്ഷിക്കാനുള്ള വീമ്പ് പറച്ചില് മാത്രമായെ നിരീക്ഷകര്‍ കാണുന്നുള്ളു. യുഎസ്-താലിബാന് കരാറില്‍ അഫ്ഗാന് പ്രശ്നത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്‍പ്പെട്ട മറ്റ് കക്ഷികള്‍ക്കാര്‍ക്കും യാതൊരു പങ്കുമില്ലെന്നത് കരാറിന്റെ സാധുതയെതന്നെ ചോദ്യം ചെയ്യുന്നു. പ്രസിഡന്റ് അഷറഫ് ഗനിയുടെ നേതൃത്വത്തിലുള്ള അഫ്ഗാന് സര്‍ക്കാരിന് കരാറില്‍ യാതൊരു പങ്കുമില്ലെന്നതും ശ്രദ്ധേയമാണ്. ഗനിയുമായി സംസാരിക്കാന്‍ പോലും താലിബാന് വിസമ്മതിക്കുകയാണ് ഉണ്ടായത്. അഫ്ഗാന് സര്‍ക്കാരിന്റെ തടവുകാരായ 5,000 പേരെ താലിബാന് തടവിലുള്ള 1000 പേര്‍ക്ക് പകരമായി കൈമാറുമെന്ന് കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ കരാറിലെ മഷി ഉണങ്ങുംമുമ്പുതന്നെ അതിനെതിരായ സൂചനകള്‍ ഗനിയില്‍ നിന്നും പുറത്തുവന്നുകഴിഞ്ഞു. കരാറിനോടുള്ള, പ്രത്യേകിച്ചും താലിബാന്, അല്‍ഖ്വയ്ദ തുടങ്ങിയ ഭീകരരുടെ താവളങ്ങള്‍ സംബന്ധിച്ച പാകിസ്ഥാന്റെ സമീപനം നയതന്ത്ര പ്രതികരണങ്ങള്‍ക്ക് അപ്പുറം പ്രായോഗിക തലത്തില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ ഭാവിയും അവഗണിക്കാനാവാത്ത ചോദ്യം ഉയര്‍ത്തുന്നു. ചൈന, റഷ്യ, ഇറാന് തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക, സൈനിക, നയതന്ത്ര താല്പര്യങ്ങളും കരാറിന്റെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ അവഗണിക്കാനാവില്ല.
ഈ യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ വേണം യുഎസ്-താലിബാന് സമാധാനക്കരാര്‍ വിലയിരുത്തപ്പെടേണ്ടത്. 2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍ നിന്ന് മടക്കിക്കൊണ്ടുവരുമെന്നും യുദ്ധച്ചെലവുകള് നിയന്ത്രിക്കുമെന്നതും ട്രംപ് നല്കിയ വാഗ്ദാനമാണ്. അര്‍ത്ഥശൂന്യമായി തുടരുന്ന അഫ്ഗാന് യുദ്ധത്തോടൊപ്പം ഇറാന് അടക്കം പല പുതിയ സംഘര്ഷമേഖലകളും ഉയര്‍ന്നുവന്നിരിക്കുന്നു. അതിലെല്ലാം ഉപരി യു എസ് രാഷ്ട്രീയം കടുത്ത തെരഞ്ഞെടുപ്പു ചൂടിലുമാണ്. ട്രംപ് ഭരണകൂടത്തിന് തെരഞ്ഞെടുപ്പിനെക്കാള്‍ പ്രധാനപ്പെട്ട മറ്റൊന്നും ഇപ്പോഴില്ല. അതുകൊണ്ടുതന്നെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം എന്നതിലുപരി യുഎസ്-താലിബാന് കരാറിന് പ്രാധാന്യം കല്പിക്കുന്നത് അസ്ഥാനത്താവും. അല്‍ഖ്വയ്ദ മുതല്‍ ഇസ്ലാമിക് സ്റ്റേറ്റ് വരെ ഇസ്ലാമിന്റെ പേരില്‍ ഭീകരവാദം ഒരു ലോക വിപത്തായി വളര്‍ത്തിയെടുത്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം യുഎസ് സാമ്രാജ്യത്വത്തിനാണ്. ആ നിഷേധാത്മക രാഷ്ട്രീയത്തിനാണ് ആദ്യം വിരാമം ഇടേണ്ടത്. ആ ദിശയില്‍ സമാധാനക്കരാര്‍ തികഞ്ഞ വൃഥാവ്യായാമമാണ്.
ENGLISH SUMMARY: The US-Taliban peace deal is another election strategy