Web Desk

ന്യൂഡൽഹി

March 26, 2020, 1:40 pm

‘കുറേശ്ശേ മതി’… ലോക്ക് ഡൗണില്‍ ‘വീട്ടില്‍ ലോക്ക്’ ആയവര്‍ മൊബൈല്‍ ഡേറ്റ കരുതലോടെ ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ്

Janayugom Online

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍ തന്നെ കഴിയുന്നവര്‍ തോന്നിയത് പോലെ മൊബൈല്‍ ഡേറ്റ ഉപയോഗിക്കരുതെന്ന് ടെലികോം സേവന കമ്പനികള്‍. വര്‍ക്ക് ഫ്രം ഹോം, ആരോഗ്യരക്ഷ, പണമിടപാട്, ഓൺലൈൻ വിദ്യാഭ്യാസം, തുടങ്ങിയ ഉപയോഗങ്ങള്‍ക്ക് ഇന്രര്‍നെറ്റിന്റെ വേഗം കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാണ് ഉത്തരവാദിത്തബോധത്തോടെ ഡേറ്റ ഉപയോഗിക്കണമെന്ന് പറയുന്നതെന്ന് സിഒഎഐ ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് പറഞ്ഞു.

30% വരെ വർധനയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഇന്റർനെറ്റ് ഉപയോഗത്തിലുണ്ടായിട്ടുള്ളത്. അത്യാവശ്യമില്ലാത്ത ഉപയോഗങ്ങൾക്ക് അതിരാവിലെയോ രാത്രി വൈകിയോ ഒക്കെയാകുന്നതും നെറ്റ്‌വർക്കിനു ഗുണം ചെയ്യും. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലം കഴിയും വരെ എച്ച്ഡി(ഹൈ ഡെഫിനിഷൻ), അൾട്രാ ഹൈ ഡെഫിനിഷൻ വിഡിയോകൾ നൽകില്ലന്ന് നെറ്റ്ഫ്ലിക്സ്, ഗൂഗിൾ, ഫെയ്സ്ബുക്ക്, ടിക്ടോക്, സോണി, ഹോട്സ്റ്റാർ, ആമസോൺ പ്രൈം വിഡിയോ, വയകോം18, എംഎക്സ് പ്ലേയർ, സീ, തുടങ്ങിയ വിഡിയോ സ്ട്രീമിങ് കമ്പനികൾ അറിയിച്ചിട്ടുണ്ട്.

കോവിഡ് 19 പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം വ്യാപകമായതോടെ ഇന്റർനെറ്റ് വേഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി കേരള ഐടി മിഷനു കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവര്‍ത്തമനമാരംഭിച്ചിട്ടുണ്ട്. ഫോൺ:155300, 0471–155300/2335523, 0471 2335523

you may also like this video;