Friday
22 Nov 2019

പച്ചക്കറി ശീതീകരണ സംഭരണ ശൃംഖല ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

By: Web Desk | Tuesday 4 June 2019 9:54 PM IST


ഓണത്തിനൊരുമുറം പച്ചക്കറി എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, സി രവീന്ദ്രനാഥ് തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: പച്ചക്കറി ഉത്പാദനത്തിനോടൊപ്പം അവയുടെ സംഭരണത്തിനായി സംസ്ഥാനത്തുടനീളം ശീതീകരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സഹകരണമേഖലയുടെ വിഭവശേഷി ഇതിനായി ഉപയോഗിക്കുമെന്നും അംഗങ്ങളായുള്ള കര്‍ഷകര്‍ക്ക് ഇത് കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി വകുപ്പിന്റെ ഓണത്തിനൊരുമുറം പച്ചക്കറി എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിജെടി ഹാളില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. ചടങ്ങില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്തിന്റെ വിതരണോദ്ഘാടനം വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. ഓരോ ഭക്ഷണവും നല്‍കുന്ന ഊര്‍ജത്തിന്റെ അളവ്, ഗുണമേന്മകള്‍, വിഷരഹിത പച്ചക്കറി ഉത്പാദനത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങള്‍ പാഠ്യ പദ്ധതിയില്‍ക്കൂടി ഉള്‍പ്പെടുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷികോത്പാദന മേഖലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഉത്പാദനം കൂടുതല്‍ ആകര്‍ഷകമാക്കേണ്ടതുണ്ട്. ഉത്പാദനത്തോടൊപ്പം ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. കയറ്റുമതിക്കുള്ള സാധ്യതയും ഈ മേഖലയില്‍ കൂടുതലാണ്. ഉത്പാദനം വര്‍ധിക്കുന്നതിനനുസരിച്ച് മറുനാട്ടിലുള്ളവര്‍ക്ക് അവ എത്തിച്ചു നല്‍കുവാനുള്ള സംവിധാനവും നാം ഒരുക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് 4.8 ലക്ഷം മെട്രിക്ടണ്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. നിലവിലെ 12 ലക്ഷം മെട്രിക് ടണ്‍ എന്നത് രണ്ട് വര്‍ഷം കൊണ്ട് 14.5 ലക്ഷം മെട്രിക് ടണ്ണില്‍ എത്തിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. മറുനാടന്‍ പച്ചക്കറികള്‍ പലതും ഇപ്പോള്‍ കേരളത്തിലും കൃഷി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഓണത്തിനൊരുമുറം പച്ചക്കറി എന്ന ആശയം ജനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് വര്‍ഷം മുഴുവന്‍ സുരക്ഷിത ഭക്ഷണം ശീലമാക്കുവാന്‍ തയ്യാറാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിത്തുകള്‍ എത്തിക്കുന്നതിനുള്ള സംവിധാനം പൂര്‍ത്തിയായിട്ടുള്ളതായി വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു.
ചടങ്ങില്‍ വീട്ടമ്മമാര്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കുമുള്ള പച്ചക്കറിത്തൈ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുകയുണ്ടായി. സന്നദ്ധ സംഘടനകള്‍ക്കുള്ള പച്ചക്കറിത്തൈ വിതരണോദ്ഘാടനം തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി കെ പ്രശാന്ത് നിര്‍വ്വഹിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറിയും കാര്‍ഷികോത്പാദന കമ്മിഷണറുമായ ദേവേന്ദ്രകുമാര്‍ സിങ് സ്വാഗതം പറഞ്ഞു. കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ.പി കെ ജയശ്രി, പദ്ധതി വിശദീകരണം നടത്തി. പാറശ്ശാല എംഎല്‍എ സി കെ ഹരീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വഞ്ചിയൂര്‍ പി ബാബു, വാര്‍ഡ് കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍മോഹന്‍, വിഎഫ്‌സികെ സിഇഒ സജി ജോണ്‍, അഡീഷണല്‍ ഡയറക്ടര്‍ ബീന നടേശ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Related News