”ധനികനായ് ജനിക്കാത്തത് നമ്മുടെ തെറ്റല്ല എന്നാല്‍ ദരിദ്രനായി ഒരാള്‍ മരിക്കുന്നു എങ്കില്‍ അത് അയാളുടെ മാത്രം തെറ്റാണ് ”
ജീവിതത്തില്‍ ഏതൊരാള്‍ക്കും ആവേശം നല്കുന്ന വാക്കുകളാണ് ഇവ. ഇത്തരത്തില്‍ ഓരോരുത്തര്‍ക്കും പ്രതിസന്ധികളെ തരണം ചെയ്യാനും ഒരു പോസറ്റീവ് എനര്‍ജി നല്‍കുന്നതുമായ ഒരാളെ പറ്റിയാണ് പറയുന്നത്. പേര് ഹര്ഭജന് കൗര്‍, വയസ്സ് 96. വയസ്സ് എന്നത് വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിക്കുകയാണ് ഈ മുത്തശ്ശി. എന്താണന്നല്ലേ ? ചണ്ഡിഗഡ് ആസ്ഥാനമാക്കി തുടങ്ങിയ ഒരു സംരംഭത്തിന്റെ ചുക്കാന്‍പിടിക്കുന്നത് ഈ മുത്തശ്ശിയാണ്. തൊണ്ണൂറാം വയസ്സിലാണ് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിച്ചത്. അതിനു കൂടെ നിന്നത് മകള്‍ രവീണ സൂരി. ഒരു ദിവസം മകളും അമ്മയും ചേര്‍ന്ന് നടത്തിയ ഒരു സംസാരത്തിന്റെ അവസാനമാണ് പുതിയ ചില മാറ്റങ്ങള്‍ക്ക് കാരണമായത്.
പലതും പറഞ്ഞ കൂട്ടത്തില്‍ രവീണ അമ്മയോട് ചോദിച്ചു. ‘ഈ ജീവിതത്തില്‍ അമ്മയ്ക്ക് എപ്പോഴെങ്കിലും നിരാശ തോന്നിയിട്ടുണ്ടോ?’ ‘എന്റെ ജീവിതം വളരെ സംതൃപ്തി നിറഞ്ഞതായിരുന്നു,’ ഹര്ഭജന് കൗര്‍ പറഞ്ഞു. ‘ആകെയുള്ള നിരാശ ഞാനിതുവരെ സ്വന്തമായി ഒരു രൂപ പോലും ഉണ്ടാക്കിയിട്ടില്ല എന്നത് മാത്രമാണ്.’ അമ്മയുടെ പാചകത്തിന് മുന്നില്‍ മറ്റെന്തും മാറി നില്ക്കും എന്ന് ഉറപ്പുള്ളതിനാല്‍ തന്നെ രവീണക്ക് കൂടുതലായൊന്നും ആലോചിക്കേണ്ടി വന്നില്ല. അമ്മക്ക് അധികം ബുദ്ധിമുട്ടില്ലാത്തതും, സന്തോഷം നല്‍കുന്നതും അത് വഴി ചെറിയൊരു വരുമാനവും അതിനു മകള്‍ കണ്ടെത്തിയ വഴി ഹര്ഭജന്സ് എന്ന സംരഭമാണ്. ബേസണ്‍ ബര്‍ഫി എന്ന മധുരപലഹാരമാണ് ഹര്ഭജന്സിന്റെ ഹൈലൈറ്റ്. കൂടാതെ, പലതരം അച്ചാറുകളും.
ചണ്ഡിഗഡ് ആസ്ഥാനമാക്കി തുടങ്ങിയ സംരംഭം ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് വളരുകയാണ്.ഹര്ഭജന് ആദ്യമായി ബേസണ്‍ ബര്‍ഫി ഉണ്ടാക്കി വിറ്റ ദിവസത്തെക്കുറിച്ച് രവീണ പറയുന്നതിങ്ങനെ. ‘പ്രദേശത്തെ ഓര്‍ഗാനിക്ക് മാര്‍ക്കറ്റിലാണ് ആദ്യമായി അമ്മ വില്പന നടത്തിയത്. നാട്ടുകാരോട് വര്‍ത്തമാനം പറഞ്ഞും ബര്‍ഫി വിറ്റും സന്തോഷമായി വീട്ടിലെത്തിയപ്പോള്‍ കയ്യില്‍ 2,000 രൂപയുണ്ടായിരുന്നു–സ്വന്തമായി സമ്പാദിച്ച പണം!”ആ രണ്ടായിരം രൂപ അമ്മയ്ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. സന്തോഷത്തിന്റെ കാര്യം പറയുകയും വേണ്ട. പിന്നീട് വളര്‍ച്ചയുടെ കാലമാണ് ഹര്ഭജന് കൗറിന്റെ രുചി തേടി നിരവധി പേര് എത്തിതുടങ്ങി. പുറത്തുനിന്നും ഓഡറുകളും കിട്ടാന്‍ തുടങ്ങി. ഒരുപാട് ശാരീകബുദ്ധിമുട്ടില്ലാത്ത തരത്തില്‍, പറ്റാവുന്ന ഓഡറുകള്‍ അവര്‍ എടുക്കാറുണ്ട്. കൂട്ടിന് മക്കളും പേരമക്കളും ഒപ്പം തന്നെയുണ്ട്. കുടുംബത്തിനും മക്കള്‍ക്കും വേണ്ടി മാത്രം ജീവിച്ചിരുന്ന നമുക്ക് ചുറ്റുമുള്ള നിരവധി സ്ത്രീകളില്‍ ഒരാള്‍ തന്നെയായിരുന്നു ഹര്ഭജന് കൗര്‍ എന്നാല്‍ അവരിന്ന് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകുന്നത് വാര്‍ദ്ധക്യത്തെ കൂട്ടുപിടിച്ച് ഇനിയും നാല് ചുമരില്‍ ഒതുങ്ങി നില്ക്കാന് തയ്യാറായില്ല എന്നത് തന്നെയാണ്. സ്വന്തമായി ഒരു ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, പരിമിതികളില്‍ വ്യകുലരാകുന്നവര്ക്കും മധുരമുള്ള പോസിറ്റിവ് എനര്‍ജിയാണ് ഈ മുത്തശ്ശിയും മുത്തശ്ശിയുടെ സംഭരംഭവും.
You may also like this video