വിവരാവകാശ നിയമത്തെ ശക്തിപ്പെടുത്തുന്ന വിധി

Web Desk
Posted on November 13, 2019, 11:10 pm

 വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് പത്തു വർഷമായി പരിഗണനയിലിരിക്കുന്ന കേസിൽ സുപ്രീംകോടതി തീർപ്പുകൽപ്പിച്ചിരിക്കുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടുമെന്ന ഉത്തരവാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നിന്നുണ്ടായിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എൻ വി രമണ, ഡി വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയതായിരുന്നു ബെഞ്ച്. പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിന് സുതാര്യത അനിവാര്യമാണെന്നും വിവരാവകാശവും സ്വകാര്യതാ അവകാശവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്നും കോടതി വിലയിരുത്തുകയുണ്ടായി. രണ്ടുപേർ വ്യത്യസ്ത നിലപാടുകൾ രേഖപ്പെടുത്തിയതിനാൽ ഭൂരിപക്ഷ വിധി പ്രസ്താവമാണ് ഇന്നലെയുണ്ടായത്. ജസ്റ്റിസ് ഖന്നയാണ് ഭൂരിപക്ഷ വിധി വായിച്ചത്.

വ്യത്യസ്ത നിലപാട് കൈക്കൊണ്ട ജസ്റ്റിസ് രമണ, വിവരാവകാശ നിയമം നിരീക്ഷണത്തിനുള്ള ഉപകരണമായി മാറരുതെന്നും ഈയൊരു സ്ഥിതിവിശേഷത്തിൽ നിന്ന് ജുഡീഷ്യറിക്ക് സംരക്ഷണം വേണമെന്നും അഭിപ്രായപ്പെടുകയുണ്ടായി. അതേസമയം ജുഡീഷ്യൽ സ്വാതന്ത്ര്യം എന്നത് ജഡ്ജിമാർ നിയമത്തിന് പുറത്താണെന്ന അർഥമല്ല നൽകുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് നിലപാടെടുത്തു. വിവരാവകാശ പ്രവർത്തകനായ സുഭാഷ് ചന്ദ്ര അഗർവാൾ നൽകിയ അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്നാണ് ഇപ്പോഴത്തെ വിധിപ്രസ്താവത്തിനിടയാക്കിയ നിയമ പോരാട്ടം തുടങ്ങുന്നത്. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കൊളീജിയവും സർക്കാരും തമ്മിൽ നടന്ന കത്തിടപാടുകൾ സംബന്ധിച്ച വിവരം നൽകണമെന്ന അഗർവാളിന്റെ ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു. ഇതിനെതിരെ അദ്ദേഹം നൽകിയ അപ്പീലിൽ കേന്ദ്ര വിവരാവകാശ കമ്മിഷൻ അനുകൂല നിലപാടെടുത്തുവെങ്കിലും സുപ്രീംകോടതി സെക്രട്ടറി ജനറൽ ഇതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അവിടെനിന്ന് 2010 ജനുവരിയിൽ അഗർവാളിന് അനുകൂല വിധിയുണ്ടായതിനെ തുടർന്ന് പരമോന്നത കോടതിയെ സമീപിച്ചു.

2010 നവംബറിലായിരുന്നു അ­പ്പീ­ൽ സമർപ്പിക്കപ്പെട്ടത്. അ­ത്ത­രം വ്യക്തിഗത വിവരങ്ങ­ൾ വെളിപ്പെടുത്തേണ്ടതില്ലെന്ന നിരീക്ഷണം, ഈ കേസ് നേര­ത്തെ പരിഗണിച്ച വേളയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ ജി ബാലകൃഷ്ണനിൽ നിന്നുണ്ടായിരുന്നു. മൂന്നംഗ ബെഞ്ചിന്റെ പ­രിഗണനയിലുണ്ടായിരുന്ന കേസ് 2016 ഓ­ഗസ്റ്റിൽ ഭരണഘടനാ ബെ­ഞ്ചിന് വിടുകയായിരുന്നു. ഇ­തേ കേസ് രണ്ടു വർഷത്തോളം കിടക്കുകയും ഈ വർഷമാദ്യം രൂ­പീകരിച്ച അഞ്ചംഗ ബെ­ഞ്ചിന്റെ പരിഗണനയ്ക്കു വിട്ട് വാദം കേൾക്കുകയും ഏപ്രി­ൽ നാലിന് വിധി പറയുന്നതിന് മാറ്റുകയുമായിരുന്നു. 2010 ൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് അംഗീകരിക്കുകയാണ് പരമോന്നത കോടതി ചെയ്തിരിക്കുന്നത്. ജഡ്ജിമാരുടെ സ്വത്തുവിവരം പ്രസിദ്ധീകരിച്ചിരിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം നടപ്പിലാക്കപ്പെടാതിരുന്നതും ഇപ്പോൾ വിധിയുണ്ടായ കേസിനാസ്പദമായ സംഭവങ്ങളിലൊന്നാണ്. സുപ്രീംകോടതിയിലായാലും ഹൈക്കോടതികളിലായാലും സ്വത്തു വിവരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന നിയമങ്ങളിലൊന്നാണ് 2005ലെ വിവരാവകാശ നിയമം.

കേന്ദ്രത്തിൽ യുപിഎ അധികാരത്തിലിരുന്ന കാലത്ത് പിന്തുണ നൽകിയിരുന്ന ഇടതുപക്ഷത്തിന്റെ സമ്മർദ്ദത്തെ തുടർന്നായിരുന്നു പ്രസ്തുത നിയമനിർമ്മാണമുണ്ടായത്. ഭരണത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും അഴിമതിയും സ്വജനപക്ഷപാതവുമുൾപ്പെടെയുള്ള ജീർണ്ണതകൾ തടയുന്നതിനും ലക്ഷ്യം വച്ചുള്ളതായിരുന്നു പ്രസ്തുത നിയമം. എന്നാൽ ചില പഴുതുകളും ഭരണഘടനയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട നിർവ്വചനങ്ങളും ഉപയോഗിച്ച് നിയമത്തിൽ നിന്ന് പുറത്തു നിൽക്കുന്നതിനുള്ള ശ്രമങ്ങൾ ചിലരെങ്കിലും നടത്തുകയുണ്ടായി. സുപ്രധാനമായ പല വിവരങ്ങളും മറച്ചുവയ്ക്കുന്ന സമീപനങ്ങളും ഉണ്ടായി. അതിന്റെ ഭാഗമായി സുപ്രീംകോടതിയിലെ ചിലർ സ്വീകരിച്ച സമീപനങ്ങളാണ് ഇന്നലെ വിധിതീർപ്പുണ്ടായ കേസിനാധാരമായത്. സമീപകാലത്ത് സുപ്രീംകോടതിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളിൽ പലതും സുതാര്യതയെ സംബന്ധിച്ചുള്ളതായിരുന്നു.

സർക്കാരും കോളീജിയവുമായി ബന്ധപ്പെട്ട പല വിവരങ്ങളും പുറത്തു വരാതിരുന്നതും ചർച്ചാവിഷയമായിരുന്നു. ഒന്നര വർഷം മുമ്പ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് അടക്കമുള്ളവർ നടത്തിയ പരസ്യ പ്രതിഷേധം അന്നത്തെ ചീഫ് ജസ്റ്റിസിന്റെ സുതാര്യമല്ലാത്ത നടപടികളോടുള്ള പ്രതിഷേധം കൂടിയായിരുന്നു. ഈ പശ്ചാത്തലങ്ങളിൽ പരിശോധിക്കുമ്പോൾ ഇന്നലെ പരമോന്നത കോടതിയിൽ നിന്നുണ്ടായ വിധി വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ്. വെള്ളംചേർക്കാനും ദുർബലപ്പെടുത്താനും ആവർത്തിച്ചുള്ള ശ്രമങ്ങൾ അധികൃതരിൽ നിന്ന് പ്രത്യേകിച്ച് കേന്ദ്ര ഭരണാധികാരികളിൽ നിന്ന് ഉണ്ടാകുമ്പോഴാണ് വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ഈ സുപ്രധാന വിധിയുണ്ടായിരിക്കുന്നതെന്നത് വിധിയുടെ രാഷ്ട്രീയ — സാമൂഹ്യ പ്രാധാന്യം വർധിപ്പിക്കുന്നു. യഥാർഥത്തിൽ ഈ വിധി വിവരാവകാശ നിയമത്തെ കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴിതുറക്കുകയാണ് ചെയ്യേണ്ടത്. പല പഴുതുകളുമുപയോഗിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ വിവരങ്ങൾ മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കാനുള്ള നീക്കങ്ങളും ഇതിന്റെ തുടർച്ചയായി ഉണ്ടാകണം.