അജേഷ് പുതിയാത്ത്

January 14, 2021, 5:55 am

വെനസ്വേലയിൽ ജനാധിപത്യത്തിന്റെ വിജയം

Janayugom Online

അമേരിക്കയിൽ ജനാധിപത്യം അധികാരമോഹത്തിന് മുന്നിൽ തോൽവി നേരിടുമ്പോൾ വെനസ്വേലയിൽ വിജയം കുറിക്കുകയായിരുന്നു. കാപിറ്റോൾ ഹില്ലിൽ കടുത്ത വലതുപക്ഷ തീവ്രവാദികളായ ഡൊണാൾഡ് ട്രംപ് അനുകൂലികളാൽ പാർലമെന്റ് മന്ദിരം ആക്രമിക്കപ്പെട്ടു. അതേദിവസം വെനസ്വേലയിലെ സാങ്കല്പിക ഇടക്കാല പ്രസിഡന്റിനെ ഒഴിവാക്കിക്കൊണ്ട് യൂറോപ്യൻ യൂണിയൻ പ്രസ്താവന പുറത്തിറക്കി. നിക്കൊളാസ് മഡുറോയെ വീണ്ടും അംഗീകരിക്കുന്നതിന് തുല്യമായി ഇതിനെ വിലയിരുത്താൻ കഴിയും. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാനുള്ള സാമ്രാജ്യത്വ ശക്തികളുടെ നീക്കങ്ങളാണ് പരാജയപ്പെട്ടിരിക്കുന്നത്. ജനുവരി ഏഴിന് വെനസ്വേലയിലെ പുതിയ ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനത്തിനും തുടക്കമായി.

ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻവിജയത്തോടെ മഡുറോയുടെ പാർട്ടി ജനങ്ങളുടെ അംഗീകാരം തെളിയിച്ചിരുന്നു. ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ജുവാൻ ഗുവയ്ദോയെ ആണ് 2019 ജനുവരി മുതൽ യൂറോപ്യൻ യൂണിയൻ വെനസ്വേലൻ രാഷ്ട്രത്തലവനായി അംഗീകരിച്ചുപോന്നിരുന്നത്. യുഎസ് അടക്കമുള്ള അമ്പതിലധികം ലോകരാഷ്ട്രങ്ങൾ ഈ സാങ്കല്പിക ഭരണത്തലവനെ അംഗീകരിച്ചിരുന്നു. ഈ ചേരിയിൽ നിന്നുമാണ് 27 രാഷ്ട്രങ്ങൾ ഒടുവിൽ പിന്മാറിയിരിക്കുന്നത്. എല്ലാ യൂറോപ്യൻ യൂണിയൻ സർക്കാരുകളുടെയും അഭിപ്രായം ജനഹിതം മാനിക്കുകയെന്നതാണെന്ന് ഇയു വക്താവ് പീറ്റർ സ്റ്റാനോ പ്രഖ്യാപിച്ചു.

2018 ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിക്കോളാസ് മഡുറോയ്ക്ക് ലഭിച്ച ഭൂരിപക്ഷം അംഗീകരിക്കാതെ പ്രതിപക്ഷ നേതാവായിരുന്ന ജുവാൻ ഗുവയ്ദോ രംഗത്തെത്തിയതാണ് ആഭ്യന്തര സംഘർഷത്തിന് വഴിയൊരുക്കിയത്. ദേശീയ അസംബ്ലിയിൽ പ്രതിപക്ഷത്തിനായിരുന്നു മേധാവിത്വം. രാജ്യത്ത് ദേശീയ അസംബ്ലിക്ക്‌ വിപുലമായ അധികാരമാണുള്ളത്‌. സർക്കാർ വിദേശ രാജ്യങ്ങളുമായി ഉണ്ടാക്കുന്ന ഉടമ്പടികൾക്കും വിദേശ കമ്പനികളുമായി ഉണ്ടാക്കുന്ന പ്രധാന കരാറുകൾക്കും ദേശീയ അസംബ്ലിയുടെ അംഗീകാരം വേണ്ടിവരും. ഈ അധികാരം ഉപയോഗിച്ച്‌ വലതുപക്ഷം സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയായിരുന്നു.

ലോകത്ത്‌ ഏറ്റവുമധികം എണ്ണ നിക്ഷേപമുള്ള രാജ്യമാണ്‌ വെനസ്വേല. അതുകൊണ്ടാണ് യുഎസിന്റെയും സഖ്യരാജ്യങ്ങളുടെയും ദൃഷ്ടി വെനസ്വേലയ്ക്കുമേൽ പതിഞ്ഞത്. സോഷ്യലിസ്റ്റ് ഭരണനേതാവായിരുന്ന ഹ്യൂഗോ ഷാവേസ് ഇതിനെ സധൈര്യം നേരിട്ടു. പിന്‍ഗാമിയായെത്തിയ മഡുറോയും ഇതേ പാതയാണ് പിന്തുടർന്നത്. എന്നാൽ 2018 ലെ തെരഞ്ഞെടുപ്പിന് ശേഷം പുതിയ സാഹചര്യം ഉടലെടുത്തതോടെ പാശ്ചാത്യ ഉപരോധവും ദേശീയ അസംബ്ലിയുടെ നിഷേധ നിലപാടുകളും സർക്കാരിന്റെ പ്രവർത്തനങ്ങളെ വരിഞ്ഞുമുറുക്കി.

സ്വയം രാജ്യത്തലവനായി പ്രഖ്യാപിച്ച ഗുവയ്ദോ സർക്കാരിനെ അട്ടിമറിക്കാൻ പാർട്ടി പ്രവ­ർത്തകരോട് ആവശ്യപ്പെട്ടു. അക്രമാസക്തമായ സമരങ്ങൾ അഴിച്ചുവിട്ടു. അമേരിക്കയുടെ സഹായത്തോടെ രണ്ടുതവണ അട്ടിമറി ശ്രമം നടത്തി. 2019 ഏപ്രിലിൽ ഓപ്പറേഷൻ ഫ്രീഡം എന്ന പേരിലും 2020 മേയില്‍ ഓപ്പറേഷൻ ഗിദിയോൻ എന്നും വിളിക്കപ്പെട്ട രണ്ട് ശ്രമങ്ങളും മഡുറോ സർക്കാർ അതിജീവിച്ചു. എന്നാൽ യുഎസ് അടക്കമുള്ള രാജ്യങ്ങൾ ഗുവയ്ദോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിച്ച് സഹായം തുടർന്നു.

ബൊളീവിയയിലെ സോഷ്യലിസ്റ്റ് നേതാവായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഇവോ മൊറേൽസിലെ അട്ടിമറിക്കാൻ നടത്തിയ ശ്രമത്തിന്റെ മാതൃകയാണ് ട്രംപ് ഭരണകൂടം വെനസ്വേലയിലും പയറ്റിയത്. യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും വ്യാപാര ഉപരോധവും ആയുധ ഉപരോധവും വെനസ്വേലയെ ഞെരുക്കി. രാജ്യത്ത് രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക പ്രതിസന്ധി രൂക്ഷമായി. 2013 നെ അപേക്ഷിച്ച് സമ്പദ്ഘടന 80 ശതമാനം ചുരുങ്ങി. എണ്ണ ഉല്പാദനം 40 ലക്ഷം ബാരലിൽ നിന്നും അഞ്ച് ലക്ഷം ബാരലായി കുറഞ്ഞു. സോഷ്യലിസ്റ്റ് ഭരണകൂടമുള്ള രാജ്യത്ത് പട്ടിണി പടർന്നു. അക്രമങ്ങളും പെരുകി. എല്ലാത്തിനും കാരണം യുഎസിന്റെയും സഖ്യരാജ്യങ്ങളുടെയും ഉപരോധങ്ങളായിരുന്നു. അതേസമയം ഗുവയ്‌ദോ പാർലമെന്റ്‌ തലവൻ എന്നനിലയിൽ അമേരിക്കൻ ചേരിയുടെ പിന്തുണയോടെ സമാന്തര സർക്കാരായി പ്രവർത്തിച്ചു. ട്രംപിന്റെ 2020 സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ ഗുവയ്ദോ വിശിഷ്ടാതിഥിയായിരുന്നു. കാപിറ്റോൾ മന്ദിരത്തിൽ റിപ്പബ്ലിക്കൻമാരിൽ നിന്നും ഡെമോക്രാറ്റുകളിൽ നിന്നും ഇദ്ദേഹത്തിന് ആദരവ് ലഭിച്ചു. എന്നാൽ ട്രംപിന്റെ നയങ്ങൾക്ക് പിന്നിൽ മുട്ടുകുത്തില്ലെന്നായിരുന്നു മഡുറോയുടെ പ്രതികരണം.

ലണ്ടനിൽ സൂക്ഷിച്ചിരുന്ന നൂറുകോടി ഡോളർ വിലമതിക്കുന്ന വെനസ്വേലൻ സ്വർണം ഗുവയ്ദോയുടെ നിയന്ത്രണത്തിലാക്കണമെന്ന് യുകെ ഹൈക്കോടതി വിധിച്ചതും മഡുറോ സർക്കാരിന് എതിരെ നടന്നുകൊണ്ടിരുന്ന നടപടികൾക്ക് ഉദാഹരണമാണ്. കോവിഡ് പ്രതിസന്ധിയിൽ വെനസ്വേലൻ സർക്കാർ വിൽക്കാൻ ഉദ്ദേശിച്ചിരുന്ന സ്വർണമാണ് യുകെ സർക്കാർ പിടിച്ചെടുത്ത് മറുപക്ഷത്തിന് നൽകിയത്. ഈ തീരുമാനം ഏറെ വിവാദങ്ങളുണ്ടാക്കി. റഷ്യ, ചൈന, ഇറാൻ, ക്യൂബ തുടങ്ങിയ അമേരിക്കൻ വിരുദ്ധ ചേരിയിലെ രാജ്യങ്ങൾ മാത്രമാണ് വെനസ്വേലക്കൊപ്പം നിലകൊണ്ടത്.

ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഗുവയ്ദോ നേതൃത്വം നൽകുന്ന പ്രതിപക്ഷസഖ്യത്തിലെ ഒരുവിഭാഗം വിട്ടുനിൽക്കുകയായിരുന്നു. വെനസ്വേലൻ സർക്കാർ ആവശ്യപ്പെട്ടിട്ടും യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പ്‌ നിരീക്ഷകരെ അയച്ചില്ല. എന്നാൽ, തെരഞ്ഞെടുപ്പ്‌ സ്വതന്ത്രമാണെന്ന് റഷ്യയും അമേരിക്കയിൽ നിന്നെത്തിയ സ്വതന്ത്ര നിരീക്ഷകരും വിലയിരുത്തി. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചതും അമേരിക്കയുടെ ഉപരോധങ്ങളെ പിന്തുണച്ചതും നേതാവെന്ന നിലയിൽ ഗുവയ്ദോയ്ക്ക് രാജ്യത്തുണ്ടായിരുന്ന ജനപ്രീതി ഇടിച്ചപ്പോൾ മഡുറോ വീണ്ടും ശക്തിതെളിയിച്ചു. യൂറോപ്യൻ യൂണിയൻ സമാധാനമാണ് കാംക്ഷിക്കുന്നതെങ്കിൽ തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കണമെന്ന്‌ സമാധാന നൊബേൽ പുരസ്‌കാര ജേതാവ്‌ അഡോൾഫോ പെരെസ്‌ എസ്‌ക്വിവെൽ അടക്കമുള്ള രാഷ്‌ട്രീയ‑സാമൂഹ്യ–സാംസ്‌കാരിക പ്രവർത്തകർ ഇയു വിദേശകാര്യ തലവൻ ജോസെഫ്‌ ബോറെലിന്‌ എഴുതിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

277 സീറ്റുകളിൽ 219 സീറ്റുകളോടെയാണ് മഡുറോ നേതൃത്വം നൽകുന്ന യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേല അധികാരം നേടിയത്. ആകെ 107 പാർട്ടികൾ മത്സരരംഗത്തുണ്ടായിരുന്നു. അമേരിക്കൻ അട്ടിമറിനീക്കത്തെ എതിർക്കുന്ന പ്രതിപക്ഷ വിഭാഗം 18 ശതമാനം വോട്ട്‌ നേടി. എന്നാൽ തെരഞ്ഞെടുപ്പിനുശേഷവും ഗുവയ്ദോയെ പൂർണ്ണമായും കയ്യൊഴിയുന്ന നയമായിരുന്നില്ല യൂറോപ്യൻ യൂണിയന്റേതെന്ന് ബോറെൽ നടത്തിയ പ്രസ്താവനയിൽ നിന്നും കണ്ടെത്താം. വെനസ്വേലയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ യൂറോപ്യൻ യൂണിയന് താൽപ്പര്യമില്ലെന്നും എന്നാൽ ജുവാൻ ഗുവയ്ദോ ജനാധിപത്യം തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന നേതാവാണെന്നും ബോറെൽ പരാമർശിക്കുന്നു. എന്നാൽ ഗുവയ്ദോയെ ഇടക്കാല പ്രസിഡന്റായി വിശേഷിപ്പിക്കുന്നതിന് അവസാനമായിട്ടുണ്ട്.

അമേരിക്കയും യൂറോപ്യൻ യൂണിയനും ഗുവയ്ദോയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാർ അധികാരത്തിൽ വരാനുള്ള സാധ്യത കാണുന്നുണ്ടായിരുന്നു. ഈ പ്രതീക്ഷയാണ് മാഞ്ഞിരിക്കുന്നത്. യുഎസിന്റെ താല്പര്യങ്ങൾക്ക് അനുസൃതമായി വിദേശനയം രൂപീകരിച്ചിരുന്ന യൂറോപ്യൻ യൂണിയന്റെ നിലപാടുകളിൽ നിന്നുള്ള ഗതിമാറ്റത്തിന്റെ തുടക്കത്തെയാണ് വെനസ്വേല പ്രതിനിധീകരിക്കുന്നത്. ചൈനയുമായുള്ള ഇയു വ്യാപാരകരാറും ഇതിന് ഉദാഹരണമാകുന്നു.

ഇയു പിന്മാറിയെങ്കിലും യുഎസും ബ്രിട്ടനും അടക്കമുള്ള പ്രധാനശക്തികൾ ഇപ്പോഴും ഗുവയ്ദോയ്ക്ക് ഒപ്പമുണ്ട്. വെനസ്വേലയെക്കുറിച്ചുള്ള യുഎസ് നയത്തിന്റെ പരാജയം അമേരിക്കയിൽ പുതുതായി അധികാരമേൽക്കുന്ന ബൈഡൻ ഭരണകൂടത്തിനെ കാത്തിരിക്കുന്ന പ്രധാനപ്പെട്ട വിദേശനയ വെല്ലുവിളികളിലൊന്നായിരിക്കും. 2015 ൽ പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയപ്പോൾ മഡുറോയെ ബൈഡൻ അഭിനന്ദിക്കുന്ന വീഡിയോ യുഎസ് തെരഞ്ഞെടുപ്പിൽ ട്രംപ് പ്രചാരണായുധമാക്കിയിരുന്നു. എന്നാൽ തുടക്കത്തിൽ ട്രംപ് ഭരണകൂടത്തിന്റെ നിലപാട് തന്നെയായിരിക്കും ബൈഡനും തുടരുകയെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം ഒരു സോഷ്യലിസ്റ്റ് സർക്കാരിന് യോജിച്ച രീതിയിൽ ദേശീയ അനുരഞ്ജനം ലക്ഷ്യമിടുന്ന ഒരു പ്രത്യേക കമ്മിഷന്റെ രൂപീകരണത്തോടെ വെനസ്വേലയിൽ ദേശീയ അസംബ്ലിയുടെ ആദ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്.