June 3, 2023 Saturday

Related news

May 13, 2023
February 21, 2023
February 18, 2023
February 3, 2023
January 8, 2023
January 6, 2023
December 24, 2022
November 16, 2022
October 29, 2022
October 13, 2022

മനക്കണ്ണില്‍ കണ്ട കാഴ്ചകള്‍ ആകാശത്തോളം ഉയരങ്ങളിലേക്ക്

ശ്യാമ രാജീവ്
തിരുവനന്തപുരം
February 18, 2023 11:07 pm

അതിജീവന പാതയില്‍ അകക്കണ്ണില്‍ കണ്ട കാഴ്ചകളെ ആകാശത്തോളം ഉയരത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍… വിധിയെപോലും തോല്‍പ്പിച്ചു കൊണ്ട് ഒരു വലിയ ദൗത്യത്തിന് ഒരുങ്ങുകയാണ് തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ ഒരു കൂട്ടം കുരുന്നുകള്‍.
ശാസ്ത്ര സാങ്കേതിക മേഖലയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്നവരാണ് കാഴ്ചപരിമിതികളുള്ള കുട്ടികള്‍. എന്നാല്‍ ആഗ്രഹത്തിന്റെയും ഇച്ഛാശക്തിയുടേയും പിന്‍ബലത്തില്‍ നിരവധി സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിച്ചിട്ടുള്ളവരാണ് ഇവര്‍. അത്തരമൊരു സ്വപ്ന സാക്ഷാത്ക്കാരമായി മോഡല്‍ റോക്കറ്റ് നിര്‍മ്മാണത്തില്‍ പങ്കാളികളായി അതിന്റെ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് ബ്ലൈന്‍ഡ് സ്കൂളിലെ 15 കുട്ടികള്‍. സ്പര്‍ശം 2023 എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ റോക്കറ്റസ് ദൗത്യം പുതുചരിത്രം കുറിക്കും. ഈ കുട്ടികള്‍ കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായ അഞ്ച് മോഡല്‍ റോക്കറ്റുകള്‍ തൈക്കാട് പൊലീസ് പരേ‍‍ഡ് ഗ്രൗണ്ടില്‍ നിന്നും ചൊവ്വാഴ്ച കുതിച്ചുയരും.
ഇന്ത്യയില്‍ ആദ്യമായാണ് കാഴ്ചപരിമിതികളുള്ള കുട്ടികള്‍ മോഡല്‍ റോക്കറ്റുകളുടെ പരിശീലനത്തില്‍ പങ്കെടുത്ത് അതിന്റെ വിക്ഷേപണത്തില്‍ പങ്കാളികളാകുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ, ഒരു കൂട്ടം കാഴ്ചവൈകല്യമുള്ള മുതിര്‍ന്ന കുട്ടികളുമായി ഒരു മോഡല്‍ റോക്കറ്റ് വിക്ഷേപിച്ചിരുന്നു. നാസയിലെ ശാസ്ത്രജ്ഞര്‍ നിര്‍മിച്ച മോഡല്‍ റോക്കറ്റ് വിക്ഷേപണത്തില്‍ കുട്ടികള്‍ പങ്കെടുത്തതു മാത്രമാണ് മുന്‍കാല ചരിത്രം. എന്നാല്‍ കാഴ്ചപരിമിതിയുള്ള കുട്ടികള്‍ മോഡല്‍ റോക്കറ്റ് നിര്‍മാണത്തില്‍ പങ്കാളികളാകുകയും അതിന്റെ വിക്ഷേപണത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്നത് ലോകത്തില്‍ തന്നെ ഇതാദ്യമാണ്.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോണോട്ടിക്കല്‍ സയന്‍സില്‍ ഇന്ത്യന്‍ ബഹിരാകാശയാത്ര പരിശീലിച്ചിട്ടുള്ള എക്സോജിയോ എന്ന ബഹിരാകാശ പ്രസ്ഥാനത്തിന്റെ സ്ഥാപകയും സിഇഒയുമായ തിരുവനന്തപുരം സ്വദേശി ആതിര പ്രീത റാണിയാണ് കുട്ടികള്‍ക്ക് ആവശ്യമായ പരിശീലനമെല്ലാം നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ യുണൈറ്റഡ് നേഷന്‍സിന്റെ ഭാഗമായി തൈക്കാട് സ്കൂളില്‍ അതിഥിയായി എത്തിയ ആതിര കുട്ടികള്‍ക്ക് തന്റെ പരിശീലനത്തിന്റെയും യുദ്ധവിമാനത്തിന്റെയും കഥകള്‍ പറയുന്നതിനിടെ നാസ നടത്തിയ വിക്ഷേപണത്തിന്റെ കഥയും പങ്കുവച്ചു. ആതിരയുടെ അത്ഭുതപ്പെടുത്തുന്ന കഥകള്‍ക്കൊടുവില്‍ കുട്ടികള്‍ തന്നെയാണ് തങ്ങള്‍ക്കും റോക്കറ്റ് ഉണ്ടാക്കാന്‍ പഠിക്കണമെന്ന ആഗ്രഹം പങ്കുവെച്ചത്.
കുട്ടികളുടെ ആഗ്രഹത്തോട് മുഖം തിരിക്കാതെ റോക്കറ്റ് ഉണ്ടാക്കാന്‍ പഠിപ്പിച്ചു കൊടുക്കാമെന്ന് ആതിര വാക്കു കൊടുത്തു മടങ്ങി. സ്വകാര്യ ദൗത്യമായി ഏറ്റെടുത്ത് കഴിഞ്ഞ ഒരു വര്‍ഷമായി റോക്കട്രി പോലെ സങ്കീര്‍ണമായ വിഷയം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി നൂതന പഠനരീതികളും കാഴ്ചവൈകല്യമുള്ളവര്‍ക്ക് അഭികാമ്യമായ എയ്റോസ്പേസ് നിലവാരമുള്ള വസ്തുക്കളും ഉപയോഗിച്ച് മോഡല്‍ റോക്കറ്റ് കുട്ടികളെക്കൊണ്ട് നിര്‍മ്മിക്കാനുള്ള പരീക്ഷണത്തിലായിരുന്നു ആതിര. മെറ്റീരിയലുകള്‍ ഉള്‍പ്പെടെ സ്വന്തം ചെലവില്‍ വാങ്ങി കഴിഞ്ഞ നവംബറില്‍ ആതിര ഡിസൈന്‍ ചെയ്ത മോ‍ഡല്‍ റോക്കറ്റിന്റെ നിര്‍മ്മാണം ആരംഭിച്ചു. വ്യോമയാനത്തിലും ബഹിരാകാശത്തിലും പ്രവര്‍ത്തിക്കുന്ന ഉന്നതരുടെ പട്ടികയില്‍ ലോകത്ത് 41 -ാം സ്ഥാനക്കാരിയാണ് ഇരുപത്തിനാലുകാരിയായ ആതിര. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളില്‍ ഒരാളുകൂടിയാണ്.

40 ശതമാനം മുതല്‍ 100 ശതമാനം വരെ കാഴ്ച വൈകല്യമുള്ള കുട്ടികളാണ് വഴുതക്കാട്ടെ സ്കൂളില്‍ പഠിക്കുന്നത്. ഇന്ത്യയില്‍ അടുത്ത കാലത്താണ് കാഴ്ചവൈകല്യമുള്ള കുട്ടികള്‍ക്ക് ശാസ്ത്രീയ വിഷയങ്ങളില്‍ പ്രവേശനാനുമതി ലഭിച്ചത്. കേരളത്തിലും ഇന്ത്യയിലെ പലഭാഗങ്ങളിലും ഇന്നും ശാസ്ത്രീയ അഭിരുചികള്‍ ഉള്ള കുട്ടികള്‍ പോലും കലാപരമായ വിഷയങ്ങള്‍ ഉപരിപഠനത്തിനായി തെര‌ഞ്ഞെടുക്കേണ്ടി വരുന്നുവെന്ന് ആതിര പറയുന്നു. റോക്കറ്റ് നിര്‍മ്മാണം തീര്‍ത്തും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെങ്കിലും അഭിമാന നേട്ടത്തിന് നേതൃത്വം നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമേ ഉള്ളൂവെന്നും ആതിര പ്രീതറാണി പറഞ്ഞു. ഇത് ലോകത്തിന് തന്നെ മാതൃകയാണെന്നും കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്ക് ഇതും സാധ്യമാണെന്ന അബോധം പൊതുജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുക എന്നതും സ്പര്‍ശം ദൗത്യത്തിന് പിന്നിലുണ്ടെന്ന് സ്കൂള്‍ അധ്യപകന്‍ വിനോദ് പറയുന്നു.
ഏകദേശം 45 സെന്റീമീറ്റര്‍ ഉയരവും 110 ഗ്രാം ഭാരവുമുള്ള കുഞ്ഞന്‍ റോക്കറ്റുകളുടെ വിക്ഷേപണം രാവിലെ പത്തിനാണ്. ക്ലാസ് സി മോട്ടോറില്‍ വെടിമരുന്നാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. വിക്ഷേപണ ദൗത്യത്തില്‍ മിഷന്‍ ഡയറക്ടര്‍, പ്രൊജക്ട് ഡയറക്ടര്‍, വെഹിക്കിള്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ കുട്ടികള്‍ തന്നെ വഹിക്കും എന്നതാണ് ദൗത്യത്തിന്റെ മറ്റൊരു പ്രത്യേകത. മാതൃകാ റോക്കറ്റ് ആയതുകൊണ്ടു തന്നെ പൊലീസ് അനുമതി മാത്രമേ ദൗത്യത്തിനു വേണ്ടൂ. വിമാനത്താവളത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ആയിരിക്കണം വിക്ഷേപണ സ്ഥലം എന്നതു മാത്രമാണ് മാനദണ്ഡം.

Eng­lish Sum­ma­ry: The views seen in the mind’s eye are as high as the sky

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.