29 March 2024, Friday

Related news

July 27, 2023
November 11, 2022
November 4, 2022
September 3, 2022
September 2, 2022
August 22, 2022
July 28, 2022
July 10, 2022
April 28, 2022
January 19, 2022

‘വിക്രാന്ത്’ പടക്കപ്പല്‍ അന്തിമ പരീക്ഷണ യാത്രയ്ക്കൊരുങ്ങുന്നു

നിഖിൽ എസ് ബാലകൃഷ്ണൻ
കൊച്ചി
April 28, 2022 9:34 pm

നിർമാണം പൂർത്തിയായ പടക്കപ്പൽ വിക്രാന്ത് അവസാനവട്ട കടൽപരീക്ഷണ യാത്രയ്ക്ക് മെയ് മാസം ആദ്യം പുറപ്പെടും. ഇതും പൂർണവിജയമാണെങ്കിൽ വൈകാതെ കപ്പൽ ഇന്ത്യൻ നാവിക സേനയ്ക്ക് കൈമാറും.
ഓഗസ്റ്റിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷചടങ്ങിനിടെ കപ്പൽ ഔദ്യാഗികമായി ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും. അതോടെ പേരിന് മുമ്പ് ഐ എൻ എസ് കൂടി ചേർത്താകും വിക്രാന്ത് അറിയപ്പെടുക. ഇതുവരെ മൂന്ന് കടൽപരീക്ഷണഘട്ടങ്ങളാണ് വിക്രാന്ത് വിജയകരമായി പൂർത്തിയാക്കിയത്. ആ യാത്രകളിൽ കണ്ടെത്തിയ ചെറിയ പോരായ്മകൾ പരിഹരിച്ച് പൂർണസജ്ജമായിതന്നെയാണ് അവസാനവട്ട കടൽപരീക്ഷണ യാത്രയ്ക്ക് വിക്രാന്ത് ഒരുങ്ങുന്നത്.

നാവിക സേനയ്ക്ക് കൈമാറുന്നതോടെ സൈനീക സംവിധാനങ്ങൾ സജ്ജീകരിക്കുന്നതിനുള്ള സമയമാണ്. പിന്നീട് കമ്മിഷൻ ചെയ്ത് ഔദ്യോഗികമായി സേനയുടെ ഭാഗമാകും. 40, 000 ടൺ ഭാരമുള്ള വിക്രാന്ത് ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലാണ്. 23,000 കോടി രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന ഈ കപ്പലിൽ മിഗ്29കെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ആക്രമണ സജ്ജമായി നിലയുറപ്പിക്കും. കഴിഞ്ഞ ഓഗസ്റ്റിൽ, ഒന്നാംഘട്ട പരിശീലനവും ഒക്ടോബറിൽ രണ്ടാംഘട്ട പരിശീലനവും വിക്രാന്ത് വിജയകരമായി പൂർത്തിയാക്കിയിരുന്നു.

വിമാനവാഹിനിക്കപ്പലിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയും, സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവും ഉണ്ട്. സൂപ്പർ സ്ട്രക്ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കമ്പാർട്ട്മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകൽപ്പന ചെയ്ത കപ്പലിൽ വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റർ വിമനങ്ങളെയും വഹിക്കാൻ കഴിയുന്ന വിക്രാന്തിനു 28 മൈൽ വേഗതയും, 18 മൈൽ ക്രൂയിസിംഗ് വേഗതയും 7,500 മൈൽ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.

ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകൽപ്പന ചെയ്ത്, ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ 76 ശതമാനത്തിലധികം തദ്ദേശീയമായി നിർമ്മിക്കുന്ന ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പൽ ആണ് ‘വിക്രാന്ത്’. കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് കടൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടെങ്കിലും തൊഴിലാളികൾ, എഞ്ചിനീയർമാർ, മേൽനോട്ടക്കാർ, ഇൻസ്പെക്ടർമാർ, ഡിസൈനർമാർ, കപ്പൽ ജീവനക്കാർ എന്നിവരുടെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമായി കപ്പൽ കടൽ പരീക്ഷണങ്ങൾക്കായി വേഗത്തിൽ തയ്യാറാക്കാൻ സാധിച്ചു.

ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ എൻഎസ് വിക്രാന്തിന്റെ തന്നെ പേരാണ് തദ്ദേശീയമായ ഈ വിമാനവാഹിനിക്കും നൽകിയിരിക്കുന്നത്. 2009ലാണ് കപ്പൽ നിർമ്മാണത്തിനു തുടക്കമിട്ടത്. 2010ൽ നിർമ്മാണം പൂർത്തിയാക്കാനും 2014ൽ കമ്മിഷൻ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ നിർമ്മാണം ആരംഭിച്ചശേഷം തടസ്സങ്ങളുണ്ടായി. റഷ്യയിൽനിന്ന് ഉരുക്ക് എത്തിക്കാനുള്ള പദ്ധതി തകിടം മറിഞ്ഞു. പിന്നീട് കപ്പൽനിർമ്മാണത്തിന് ആവശ്യമായ ഉരുക്ക് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽതന്നെ ഉല്പാദിപ്പിച്ചു. ഗിയർബോക്സ് നിർമ്മിക്കുന്നതിലുണ്ടായ സാങ്കേതികതടസ്സം ജർമൻ സഹായത്തോടെയും മറികടന്നു.

Eng­lish Sum­ma­ry: The ‘Vikrant’ cruise ship pre­pares for the final test voyage

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.