March 21, 2023 Tuesday

‘ലില്ലി’ യുടെ വില്ലൻ

കെ കെ ജയേഷ്
February 23, 2020 6:15 am

ലില്ലി എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ ധനേഷ് ആനന്ദിന് ഒരു പെൺകുട്ടിയുടെ മെസേജ് ലഭിച്ചു. തന്റെ മുൻ കാമുകനേക്കാൾ നിങ്ങളുടെ രാജേഷിനെ ഞാൻ വെറുക്കുന്നുവെന്നായിരുന്നു ആ മെസേജിലുണ്ടായിരുന്നത്. കയ്യിൽ കിട്ടിയാൽ കൈകാര്യം ചെയ്യാൻ തോന്നുന്ന കഥാപാത്രം എന്നായിരുന്നു പടം കണ്ടിറങ്ങിയ പലരുടെയും പ്രതികരണം. തനിക്ക് ലഭിച്ച വലിയൊരു അംഗീകാരമായി ധനേഷ് ആനന്ദ് ഇതിനെയെല്ലാം കാണുന്നു. തന്റെ കഥാപാത്രത്തെ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നു. ഒരു കഥാപാത്രത്തെ ജനങ്ങൾ വല്ലാതെ സ്നേഹിക്കണം.. അല്ലെങ്കിൽ അത്ര തന്നെ വെറുക്കണം.. അതാണ് ആ കഥാപാത്രത്തിന്റെ വിജയം. അതുകൊണ്ട് തന്നെ തന്റെ ആദ്യ കഥാപാത്രം അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷമാണ് ധനേഷിന്. നവാഗതരായ കുറച്ചുപേരുടെ കൂട്ടായ്മയിലൊരുങ്ങിയ ചിത്രമായിരുന്നു ലില്ലി. പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ഈ ചിത്രം കണ്ടവർ ധനേഷ് അവതരിപ്പിച്ച രാജേഷ് എന്ന വില്ലനെയും മറക്കില്ല. ഉബൈദ് എന്ന കഥാപാത്രമായി ഫോറൻസികിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുമ്പിലെത്തുകയാണ് ധനേഷ്. ഫെബ്രുവരി 28 ന് പുറത്തിറങ്ങുന്ന ഈ ചിത്രത്തിലെ ഉബൈദിനെയും പ്രേക്ഷകർ നെഞ്ചേറ്റുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ധനേഷ് ആനന്ദ്.

മനസ്സിൽ കയറിക്കൂടിയ സിനിമ

ബാലുശ്ശേരിയിലെ സന്ധ്യ തിയേറ്റർ ജീവനക്കാരനായിരുന്നു അച്ഛൻ. അച്ഛനൊപ്പം തിയേറ്ററിലെ പ്രൊജക്ടർ റൂമിലിരുന്നാണ് കുട്ടിക്കാലത്ത് കൂടുതൽ സിനിമകളും കണ്ടത്. ആ കാഴ്ചകളിലൂടെ സിനിമ മനസ്സിലും കയറിക്കൂടി. അന്ന് മുതലുള്ള ആഗ്രഹമായിരുന്നു ഇതേ തിയറ്ററിലിരുന്ന് തന്റെ സിനിമ അച്ഛനും അമ്മയ്ക്കുമൊപ്പം കാണണം എന്നത്. കരിയാത്തൻകാവ് സ്കൂളിൽ പഠിക്കുമ്പോൾ നാടകരംഗത്ത് സജീവമായി. സ്കൂൾ പഠനകാലത്ത് സ്വന്തമായി നാടകമെഴുതി സംവിധാനം ചെയ്യുക വരെ ചെയ്തു. അപ്പോഴെല്ലാം സ്വപ്നം സിനിമ തന്നെയായിരുന്നു. കോഴിക്കോട് നിന്നും 25 കിലോമീറ്ററോളം അകലെ ബാലുശ്ശേരി വട്ടോളി ബസാറിനടുത്ത് അമരാപുരിയാണ് എന്റെ നാട്. അവിടെ നിന്ന് സിനിമാ രംഗത്തേക്കെത്തുക എളുപ്പമല്ല. ആ മേഖലയിലുള്ള ആരുമായും പരിചയവുമില്ല. എങ്കിലും സ്വപ്നങ്ങൾ കൈവിട്ടില്ല. പഠനശേഷം സിനിമാ സ്വപ്നങ്ങളുമായി നേരെ എറണാകുളത്തേക്ക്. കുറേക്കാലം ജോലിയൊന്നുമില്ലാതെ വലഞ്ഞു. വീട്ടിൽ നിന്ന് വിട്ടു നിൽക്കുന്നു. ജീവിതമാണേൽ എവിടെയുമെത്താത്ത അവസ്ഥ. ശരിക്ക് പറ‍ഞ്ഞാൽ കടുത്ത നിരാശയിലായിരുന്നു എന്റെ അപ്പോഴത്തെ ജീവിതം. പ്രതിസന്ധിയിൽ പെട്ടുഴലുമ്പോഴും തോറ്റ് മടങ്ങരുതെന്ന് എന്റെ മനസ്സ് പറഞ്ഞു. പിന്നീട് സിനിമയിലെത്തുക എന്ന ലക്ഷ്യവുമായി അതിനനുസരിച്ച് ഞാൻ ജീവിതം ക്രമപ്പെടുത്തി. എന്താണ് എന്ന് പോലും നല്ല നിശ്ചയമില്ലാതെ എഡിറ്റിംഗ് കോഴ്സ് പഠിക്കാൻ ചേർന്നു. പിന്നീട് എഡിറ്ററായും വി എഫ് എക്സ് ആർട്ടിസ്റ്റായും ജോലി ചെയ്തു. ഇതിലൂടെ മൂന്നു ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചു. പതിനെട്ടാം വയസ്സിൽ എറണാകുളം കേന്ദ്രമാക്കി മൂവി മാർക്കറ്റിംഗ് കമ്പനി ആരംഭിച്ചു. നൂറോളം സിനിമകളുടെ പ്രമോഷൻ ജോലികൾ ചെയ്തു. സിനിമയുമായി ബന്ധം വിടാതെ സൂക്ഷിക്കാൻ വേണ്ടിയായിരുന്നു അതുമായി ബന്ധപ്പെട്ട ജോലികൾ മാത്രം ചെയ്തുവന്നത്. ഇതിനിടയിലും നിരവധി ഓഡീഷനുകളിൽ പങ്കെടുത്തു. പലതും തട്ടിപ്പായിരുന്നെന്ന് പിന്നീട് മനസ്സിലായി. ഒടുവിലാണ് ‘ലില്ലി‘യിലേക്ക് വാതിൽ തുറന്നത്.

ലില്ലിയിലെ വില്ലൻ

ലില്ലി ഒരു പരീക്ഷണ ചിത്രമായിരുന്നു. ചെലവ് ചുരുക്കി, വലിയ താരങ്ങളൊന്നുമില്ലാതെ ഒരുക്കിയ ഒരു മികച്ച ചിത്രം. അത്തരമൊരു സിനിമയിലൂടെ വെള്ളിത്തിരയിൽ എത്താൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു. ഇത്രയ്ക്ക് ശക്തമായ ഒരു കഥാപാത്രത്തെ എന്നെ വിശ്വസിച്ചേൽപ്പിച്ച അതിന്റെ സംവിധായകനും നിർമ്മാതാവിനും നന്ദി പറയുന്നു. കഥയുടെ പ്രത്യേകത കൊണ്ട് തന്നെ വലിയ രീതിയിൽ വയലൻസ് ഉള്ള ചിത്രമായിരുന്നു ലില്ലി. അതുകൊണ്ട് തന്നെ എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ നല്ല റിവ്യുകൾ ലഭിച്ചെങ്കിലും കുടുംബങ്ങൾ തിയേറ്ററിൽ കയറാൻ മടിച്ചു. മികച്ച ചിത്രമായിരുന്നിട്ടും തിയേറ്ററിലൂടെ കൂടുതൽ പേരിലേക്ക് ചിത്രം എത്തിയതുമില്ല. എന്നാൽ ഇപ്പോൾ ഓൺലൈനിലൂടെയും ഡി വി ഡിയിലൂടെയുമെല്ലാം ചിത്രം കണ്ട് കൂടുതൽ അഭിപ്രായങ്ങൾ പലരും പങ്കുവെക്കുന്നുണ്ട്.

ലില്ലിയുടെ ആദ്യ ഷോ കാണുമ്പോൾ നല്ല പോലെ ആശങ്കയുണ്ടായിരുന്നു. എന്നാൽ എന്റെ കഥാപാത്രത്തിന് കൈയ്യടി ലഭിച്ചപ്പോൾ, പടം കഴിഞ്ഞ് ആളുകളെല്ലാം വന്ന് നല്ല അഭിപ്രായം പറഞ്ഞപ്പോൾ ആശ്വാസം തോന്നി. ഇത്രയും കാലത്തെ കാത്തിരിപ്പ്.… പരിശ്രമം വെറുതെയായില്ലല്ലോ എന്ന് ചിന്തിച്ചപ്പോൾ വലിയ സന്തോഷമാണ് തോന്നിയത്.

സംവിധായകൻ പ്രശോഭ് വിജയനെ എനിക്ക് നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് ഓഡിഷന് ചെല്ലാൻ എന്നോട് ആവശ്യപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സംവിധായകൻ കഥയും എന്റെ കഥാപാത്രത്തെ പറ്റിയും പറഞ്ഞു. തീർത്തും അപ്രതീക്ഷിതമായിരുന്നു ആ വാക്കുകൾ. ഇത്രയും ആഴമുള്ള ഒരു കഥാപാത്രത്തെ എനിക്ക് നൽകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഈ കഥാപാത്രത്തെ ഞാൻ അവതരിപ്പിച്ചാൽ ശരിയാകുമോ എന്ന സംശയം ചിലർക്കുണ്ടായിരുന്നു. പക്ഷെ സംവിധായകന് എനിൽ വിശ്വാസമുണ്ടായിരുന്നു.

രാജേഷിലേക്കുള്ള യാത്ര

വില്ലൻ കഥാപാത്രങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ്. എന്നാൽ ജീവിതത്തിൽ വില്ലൻ സ്വഭാവം തീരെ കടന്നുകൂടിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ കഥാപാത്രം വലിയ വെല്ലുവിളിയായിരുന്നു. എപ്പോൾ എന്തു ചെയ്യുമെന്ന് പോലും നിശ്ചയമില്ലാത്ത ഒരാളാണ് രാജേഷ്. ഈ കഥാപാത്രത്തെ ഞാൻ നന്നായി ചെയ്യും എന്ന് സംവിധായകന് ഉറപ്പുണ്ടായിരുന്നു. പക്ഷെ കുറച്ചു ദിവസങ്ങൾ മാത്രമെ മുന്നിലുള്ളു. അതുകൊണ്ട് എത്രയും പെട്ടന്ന് രാജേഷായി മാറൂ എന്ന് മാത്രമായിരുന്നു സംവിധായകൻ പറഞ്ഞത്. പിന്നെ ഞാൻ രാജേഷെന്ന വില്ലനായി മാറാനുള്ള യാത്രയിലായിരുന്നു. എന്റെ രൂപം ഒരു വില്ലന് ചേർന്നതായിരുന്നില്ല. അതുകൊണ്ട് കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കുറച്ചു. ഒരു മാസം കൊണ്ട് പത്ത് കിലോയോളമാണ് കുറച്ചത്. സത്യം പറഞ്ഞാൽ ആഹാരം ഒഴിവാക്കിയാണ് രാജേഷിനായി ഞാൻ മെലിഞ്ഞത്. ക്യാമറയ്ക്ക് മുമ്പിലെത്തിയപ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. എന്നാൽ എല്ലാവരും പ്രോത്സാഹിപ്പിച്ച് ഒപ്പം നിന്നപ്പോൾ ഞാൻ രാജേഷായി.

ലില്ലിയ്ക്ക് ശേഷം

ലില്ലിയ്ക്ക് ശേഷം കുറച്ചൊരു ഗ്യാപ്പ് വന്നു. ആ സിനിമയ്ക്കായി ഭാരം പെട്ടന്ന് കുറച്ചതോടെ അത് ശരീരത്തെ വല്ലാതെ ബാധിച്ചു. ഏഴു മാസത്തോളം ഞാൻ കിടപ്പിലായി. പല പടങ്ങൾക്കും വിളിക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിലായിരുന്നു. അതോടെ നല്ലൊരു തുടക്കം ലഭിച്ചിട്ടും അത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതിൽ ഞാൻ വല്ലാതെ നിരാശനായി. വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങുകയാണോ എന്ന് ഞാൻ ഭയന്നു. അതിനിടയിലാണ് അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് എന്ന ചിത്രത്തിലേക്ക് വിളിച്ചത്. മെയ് മാസത്തിൽ ആ പടം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലില്ലി കണ്ടിട്ടാണ് ഫോറൻസിക് എന്ന ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത്. കഴിഞ്ഞ വർഷം ഓണത്തിനാണ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ച് സംവിധായകൻ അഖിൽ പോളിനെ കാണാൻ പറഞ്ഞത്. മികച്ച രീതിയിൽ ഒരുക്കിയ ചിത്രമാണ് അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ;ഫോറൻസിക്.’ സാമുവൽ ജോൺ കാട്ടുക്കാരൻ എന്ന ഫോറൻസിക് വിദഗ്ധനായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. മംമ്താ മോഹൻദാസാണ് നായിക. രഞ്ജി പണിക്കർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹായിയായ ഉബൈദ് എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. വളരെ പ്രതീക്ഷയുള്ള ഒരു കഥാപാത്രമാണ് ഉബൈദ്. ആളുകൾക്ക് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ടൊവിനോ തോമസിനെപ്പോലൊരു താരത്തിനൊപ്പം അഭിനയിക്കുമ്പോൾ വലിയ ടെൻഷൻ ഉണ്ടായിരുന്നു. അദ്ദേഹം ഏത് രീതിയിൽ പെരുമാറും എന്നറിയില്ലല്ലോ. പക്ഷെ വളരെ സൗമ്യമായും സപ്പോർട്ടീവായുമായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ. പുതിയ ചില ചിത്രങ്ങളുടെ ചർച്ചകൾ നടക്കുന്നുണ്ട്. കാര്യങ്ങളെല്ലാം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്ന വിശ്വാസത്തിൽ സിനിമയ്ക്കൊപ്പം ഞാനും സഞ്ചരിക്കുന്നു.

കുടുംബം

അച്ഛൻ സദാനന്ദനും അമ്മ നീനയും അനിയത്തി കാർത്തിക ആനന്ദും നൽകുന്ന പിന്തുണ തന്നെയാണ് ഏറ്റവും വലിയ കരുത്ത്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പിന്തുണയുമായി കൂടെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.