Web Desk

തൊടുപുഴ

January 18, 2020, 8:03 pm

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം; കേസുകൾ വർധിച്ചു

Janayugom Online

കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചതായി കണക്കുകൾ. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പുതിയ കണക്കനുസരിച്ച് കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ 2019ൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ എണ്ണം 4560 ആണ്. മുൻ വർഷം ഇത് 4008 ആയിരുന്നു. 2019ൽ 20 കുട്ടികളാണ് ക്രൂരമായ അതിക്രമങ്ങൾക്കിടെ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ബലാൽസംഗ കേസുകളുടെ എണ്ണവും മുൻ വർഷങ്ങളേതിനേക്കാൾ കൂടുതലാണ്. 2017ൽ 1045 ഉം 2018ൽ 1204 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥാനത്ത് കഴിഞ്ഞവർഷം 1313 ബലാൽസംഗ കേസുകൾ റിപ്പോർട്ട് ചെയ്തു. കൂടാതെ 267 തട്ടിക്കൊണ്ടുപോകൽ കേസുകളും ഇവയിൽ ഉൾപ്പെടും.

ചൈൽഡ് മാര്യേജ് ആക്ട് അനുസരിച്ച് കഴിഞ്ഞവർഷം 6 കേസുകളും റിപ്പോർട്ട് ചെയ്തു. 2017ലും 2018ലും ഇത്തരത്തിൽ 15 കേസുകൾ വീതം ഉണ്ടായിരുന്നു. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ 2008ൽ ആകെ 549 കേസുകളായിരുന്നു ഉണ്ടായിരുന്നെതെങ്കിൽ 11 വർഷങ്ങൾ പിന്നിടുമ്പോൾ കേസുകളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ എണ്ണത്തിലും വലിയ വർധനവാണ് കാണിക്കുന്നത്. 2018ൽ 13736 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്യപ്പെട്ടത് 14293 കേസുകളാണ്. മുൻവർഷത്തേതിനേക്കാൾ 500ൽപരം കേസുകൾ വർധിച്ചു. ബലാൽസംഗ‑പീഡന കേസുകളും സംസ്ഥാനത്ത് വർധിച്ചു. ബലാൽസംഗ കേസുകളുടെ എണ്ണം മുൻവർഷം 2015ആയിരുന്നത് 2019ൽ 2076ആയി.

you may also like this video;

സ്ത്രീകളെ ഉപദ്രവിക്കൽ, ചാരിത്ര്യം ഹനിക്കൽ, ശല്യപ്പെടുത്തൽ തുടങ്ങിയ പരാതികളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ 4579.തട്ടിക്കൊണ്ടുപോകൽ കേസുകളുടെ എണ്ണം 2018ൽ 181 ആയിരുന്നത് 2019ൽ 224 ആയി. പെൺകുട്ടികളെ ശല്യം ചെയ്തതിന്റെ പേരിൽ എടുത്തത് 431 കേസുകളാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായതായിട്ടാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. സ്ത്രീകളും കുട്ടികളും സ്വന്തം വീടുകളിൽ പോലും സുരക്ഷിതരല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ത്രീധനത്തിന്റെപേരിൽ കഴിഞ്ഞവർഷം സംസ്ഥാനത്ത് മരണപ്പെട്ടത് ആറ് പേരാണ്. ഭർതൃഗൃഹങ്ങളിൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനമനുഭവിച്ച സ്ത്രീകളുടെ പരാതികളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണവും വലിയ രീതിയിൽ വർധിച്ചു.

2018ൽ 2048 കേസുകളായിരുന്നത് 2019ൽ 2991 ആയി ഉയർന്നു. 800ൽപരം കേസുകളാണ് ഇത്തരത്തിൽ അധികമായി രജിസ്റ്റർ ചെയ്യപ്പെട്ടത്. മലപ്പുറം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ഇത്തരം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോഴിക്കോട് റൂറൽ, സിറ്റി പരിധിയിൽ 460 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, മലപ്പുറം ജില്ലയിൽ 430 ഉം തൃശൂർ സിറ്റി, റൂറൽ പരിധിയിൽ327 കേസുകളും കൊല്ലത്ത്(സിറ്റി, റൂറൽ)295,തിരുവനന്തപുരം(സിറ്റി, റൂറൽ)293 കേസുകളും റിപ്പോർട്ട് ചെയ്തു. കണ്ണൂർ, എറണാകുളം ജില്ലകളിലും 200ലധികം കേസുകൾ എടുത്തിട്ടുണ്ട്.

Eng­lish Sum­ma­ry: The vio­lence against women and chil­dren cas­es have increased.

you may also like this video;