September 26, 2022 Monday

വാഗൺ ട്രാജഡി: കൊടുംഭീകരതയുടെ നേർസാക്ഷ്യം

സുരേഷ് എടപ്പാൾ
August 15, 2022 3:42 pm

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരിക്കലും മാപ്പർഹിക്കാത്ത ബ്രിട്ടീഷ് ഭീകരതയായിരുന്നു തിരൂർ വാഗൺ ട്രാജഡി. 1921 നവംബർ 20ന് മലപ്പുറം ജില്ലയിലെ തിരൂർ റയിൽവേ സ്റ്റേഷനിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ചരക്ക് തീവണ്ടിയിൽ നടന്നത്. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധപോരാട്ടങ്ങളിൽ പിടിക്കപ്പെട്ട സമരക്കാരെ ബെല്ലാരിയിലെ ജയിലിലടയ്ക്കാൻ കൊയമ്പത്തൂരിലേക്ക് ഒരു ചെറുവാഗണിൽ കുത്തിനിറച്ച് കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേണൽ ഹംഫ്രീബ്, സ്പെ ഷ്യൽ ഓഫീസർ ഇവാൻസ്, ജില്ലാ പൊലീസ് സൂപ്രണ്ട് ഹിച്ചകോക്ക് എന്നിവരായിരുന്നു നാടുകടത്തൽ പരിപാടികൾക്ക് നേതൃത്വം നൽകിയത്. എംഎസ്എം എൽവി- 117 ചരക്കു തീവണ്ടിയിൽ ബ്രിട്ടീഷ് പട്ടാളം ബലംപ്രയോഗിച്ച് 90 പേരെ കുത്തിനിറയ്ക്കുകയായിരുന്നു. സമരക്കാർ രക്ഷപ്പെടാതിരിക്കാൻ ബോഗികളുടെ വാതിലുകൾ പുറത്തുനിന്നു പൂട്ടി. കൂരിരുട്ടിൽ അകപ്പെട്ടവർ പ്രാണരക്ഷാർത്ഥം വാതിൽ തുറക്കാൻ അലമുറയിട്ടു കരഞ്ഞു. പിന്നെ പ്രാണവായുവിനായി പിടഞ്ഞു. പ്രാണഭയത്താൽ ഒഴുകിയ മൂത്രം പോലും ദാഹത്തിനായി നക്കിക്കുടിച്ചവർ, വിയർപ്പുകണങ്ങൾ ദേഹത്തുനിന്ന് പരസ്പരം നക്കിയെടുത്ത് ജീവൻ നിലനിർത്താൻ നാവു നനയിച്ചവർ, ബോഗിയുടെ ഭിത്തിയിലെ ചെറു ദ്വാരങ്ങളിൽ മൂക്കമർത്തി ഇത്തിരി ശ്വാസത്തിന്നായി പിടഞ്ഞവർ… ഒടുവിൽ രാത്രി 12 മണിയോടെ ട്രെയിൻ പോത്തന്നൂരിലെത്തിയപ്പോഴേക്കും ബോഗിയിൽ ശവങ്ങൾ നിറഞ്ഞു. വാതിൽ തുറന്ന റയിൽവേ ഉദ്യോഗസ്ഥരുടെ മുന്നിലേക്കും പാളത്തിലേക്കുമായി ശവങ്ങൾ മലർന്നു വീണു. 90ൽ 70 പേർ മരിച്ചു. ഇതിൽ 41 പേരും പുലാമന്തോൽ പാലം പൊളിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് പിടികൂടപ്പെട്ടവരായിരുന്നു.
ജീവൻ ബാക്കിയായവരാകട്ടെ ഏതു നിമിഷവും മരിക്കാമെന്ന അവസ്ഥയിൽ. കാര്യങ്ങൾ കൈവിട്ടെന്നു മനസിലാക്കിയ ബ്രിട്ടീഷ് ഭരണകൂടം തീവണ്ടി തിരൂരിലേക്ക് തന്നെ തിരിച്ചയച്ചു. തീവണ്ടി തിരൂലിലെത്തുമ്പോഴേക്കും പ്രദേശത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ സ്ഥലം വിട്ടു. നാട്ടുകാർ തന്നെയാണ് വാഗണിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് സംസ്കരിച്ചത്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷുകാർ നിയോഗിച്ച കമ്മിഷൻ ധീരന്മാരായ പോരാളികളെ അവഹേളിക്കുന്ന തരത്തിൽ റിപ്പോർട്ടുണ്ടാക്കി കൈകഴുകി. 

Eng­lish Sum­ma­ry: The Wag­on Tragedy: An Eye­wit­ness Account of Terrorism

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.