21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 7, 2025
January 6, 2025
December 11, 2024
December 3, 2024
September 9, 2024
July 9, 2024
June 16, 2024
April 2, 2024
April 1, 2024
March 20, 2024

കാത്തിരിപ്പ് തീരുന്നു കിടിലമാകാൻ ഇതാ രക്തരക്ഷസ്സ്

Janayugom Webdesk
തൊടുപുഴ
December 3, 2024 3:09 pm

ഇന്ത്യൻ നാടകവേദിയിൽ പ്രകമ്പനം സൃഷ്ടിച്ച ‘രക്തരക്ഷസ്സ്’ വീണ്ടും തൊടുപുഴയിലേക്ക്. കോലാനി ‑വെങ്ങല്ലൂർ ബൈപാസിലെ പുളിമൂട്ടിൽ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച മുതൽ ഒരു മാസമാണ് കലാനിലയത്തിന്റെ കൈയൊപ്പ് പതിഞ്ഞ വിസ്മയകാഴ്ച അരങ്ങറുക. ദിവസവും വൈകുന്നേരം അറിനും ഒൻപതിനുമാണ് പ്രദർശനം. പൂർണമായി എയർകണ്ടിഷൻ ചെയ്ത സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശനം തൊടുപുഴക്ക് വേറിട്ട അനുഭവമാകുമെന്ന് ഏരീസ് കലാനിലയം മാനേജിങ് ഡയറക്ടർ അനന്തപത്മനാഭനും ഡയറക്ടർ ബോർഡ് അംഗം വിയാൻ മംഗലശ്ശേരിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആറ് പതിറ്റാണ്ട് മുമ്പ്, 1963ൽ, കലാനിലയം കൃഷ്ണൻ നായർ വിഭാവനംചെയ്ത അരങ്ങിന്റെ വിസ്മയമായിരുന്നു കലാനിലയം സ്ഥിരം നാടകവേദി, അരങ്ങിൽ അത്ഭുതങ്ങൾ തീർത്ത രക്തരക്ഷസ്സും കടമറ്റത്ത് കത്തനാരും കായംകുളം കൊച്ചുണ്ണിയും താജ്മഹലും ശ്രീഗുരുവായൂരപ്പനും അലാവുദ്ദീനും അത്ഭുതവിളക്കും ഉൾപ്പെടെയുള്ള പ്രതിഭാസ നാടകങ്ങളിലൂടെ ഇന്നലെകളിൽ പ്രേക്ഷകമനസ്സിൽ ഇടം നേടി. 1973 ലാണ് അന്നോളം മലയാളനാടകവേദിക്ക് അപരിചിതമായിരുന്ന ഞെട്ടലുകളുടെ ദൃശ്യവസന്തവുമായി രക്തരക്ഷസ് എന്ന ഇതിഹാസം പിറക്കുന്നത്. കേരളത്തിനകത്തും പുറത്തും അനേകം വേദികളിൽ വർഷങ്ങളോളം രക്തരക്ഷസ് നിറഞ്ഞ വേദികളെ പൂരപ്പറമ്പ് ആക്കി മാറ്റി. 

കലാനിലയം കൃഷ്ണൻ നായർ 1980ൽ അരങ്ങൊഴിഞ്ഞപ്പോൾ മകൻ അനന്തപത്മനാഭൻ 2003 ൽ, ജഗതി എൻ കെ ആചാരിയുടെ മകനും പ്രശസ്ത ചലച്ചിത്രതാരവുമായ ജഗതി ശ്രീകുമാറുമായി ചേർന്ന്, കലാനിലയം ഡ്രാമാവിഷന് പുനർജീവൻ നൽകുകയും കാലാനുസൃതമായ മാറ്റങ്ങളുമായി രക്തരക്ഷസിനെ കാലാതിവർത്തിയാക്കി മാറ്റുകയും ചെയ്തു.
കോവിഡ് കാലത്ത് നിലച്ച കലാനിലയത്തിന്റെ മൂന്നാം വരവാണിത്. വ്യവസായ പ്രമുഖൻ സോഹൻ റോയിയുമായി ചേർന്നാണ് അനന്തപത്മനാഭൻ രക്തരക്ഷസിനെ വീണ്ടും അരങ്ങിലെത്തിക്കുന്നത് അത്യാധുനിക സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് രക്തരക്ഷസ്സ് വീണ്ടും പ്രേക്ഷകന്റെ മുന്നിലെത്തുന്നത്.
രക്തരക്ഷസ്സ് ഇക്കുറി ചാപ്റ്റർ ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. ഒന്നാം ഭാഗത്തിൽ പറയാൻ ബാക്കി വെച്ച രക്തരക്ഷസ്സിന്റെ ഒരു മഹാരഹസ്യം രണ്ടാം ഭാഗത്തിലൂടെ അരനൂറ്റാണ്ടിന് ശേഷം അരങ്ങിൽ എത്തുന്നു. ആദ്യം അവതരിപ്പിക്കുന്നത് രക്തരക്ഷസ്സ് ചാപ്റ്റർ 1 ആണ്. 

നൂറ്റമ്പതിലേറെ കലാകാരൻമാരും സാങ്കേതികപ്രവർത്തകരും ഭാഗമാകുന്നു. 750, 500, 250 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. പൂർണമായി ശീതികരിച്ച ഓഡിറ്റോറിയത്തിൽ എക്സിക്യൂട്ടീവ് ക്ലാസിൽ പുഷ്ബാക്ക് ഇരിപ്പിടങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.
ഡിജിറ്റൽ 7. 1 ശബ്ദമികവോടുകൂടിയാണ് ഏരീസ് കലാനിലയത്തിന്റെ പ്രദർശനങ്ങൾ, പുത്തൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഗോളതലത്തിൽ പ്രദർശനം നടത്തുക എന്നതിനൊപ്പം അന്താരാഷ്ട്രതലത്തിൽ ഭാരതീയ കലകൾക്കും കലാകാരന്മാർക്കും വേദികളും അംഗീകാരങ്ങളും യോഗ്യതകളും സൃഷ്ടിച്ചെടുക്കാനുള്ള ബ്രാൻഡാക്കി മാറ്റിയെടുക്കുക എന്നതും ഏരീസ് കലാനിലയത്തിന്റെ ലക്ഷ്യം.
ഇന്ത്യൻ നാടകവേദിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു നാടകം ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അരങ്ങിനെ അമ്പരപ്പിച്ചുകൊണ്ട് തുടക്കത്തിലെ അതേ കൗതുകത്തോടെ ഇപ്പോഴും പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നത്.
പ്രോസ്തെറ്റിക് മേക്കപ്പ് ഉൾപ്പെടെ ഉള്ള സാങ്കേതികവിദ്യകളുമായി വീണ്ടും വരുന്ന രക്ഷസ്സ് ആസ്വാദകരുടെ മനസ്സിനെ കിടിലം കൊള്ളിപ്പിക്കും.
കലാനിലയം കൃഷ്ണൻ നായരുടെ സ്വപ്നമായ സ്ഥിരം നാടകവേദി, ഏരീസ് കലാനിലയം സാക്ഷാത്കരിക്കാനുള്ള പ്രാരംഭനടപടികൾ തുടങ്ങിക്കഴിഞ്ഞു. കലാനിലയത്തിന്റെ നാടകങ്ങളും മറ്റു നാടകങ്ങളും കളിക്കാൻ പാകത്തിലാണ് ഇതിന്റെ രൂപകൽപ്പയെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.